ഒവേറിയൻ കാൻസറിനുള്ള പുതിയ ടാർഗെറ്റഡ് തെറാപ്പി മരുന്ന് എൻഎച്ച്എസിൽ(National Health Service) ലഭ്യമാക്കാൻ അനുമതി നൽകി ഇംഗ്ലണ്ട്. 20 വർഷത്തിനിടയിൽ ഒവേറിയൻ കാൻസറിന് അംഗീകാരം ലഭിച്ച ആദ്യത്തെ മരുന്നാണിത്. മിർവെറ്റുക്സിമാബ് സൊറാവ്ടാൻസിൻ എന്ന മരുന്നിനെ (mirvetuximab soravtansine) ബയോളജിക്കൽ മിസൈൽ എന്നാണ് ഗവേഷകർ വികസിപ്പിക്കുന്നത്. അബ് വീ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്.
സാധാരണയായി ശസ്ത്രക്രിയയും കീമോതെറാപ്പിയും ഉൾപ്പെടുന്നതാണ് ഒവേറിയൻ കാൻസർ ചികിത്സ. എന്നാൽ, രോഗം മൂർച്ഛിച്ച- ഏകദേശം 80% രോഗികളിലും വീണ്ടും രോഗം തിരിച്ചുവരികയും അവരിൽ ഭൂരിഭാഗവും പേരിലും കീമോതെറാപ്പി ചികിത്സ ഫലം കാണാതെ വരികയും ചെയ്യും. അത്തരം സാഹചര്യങ്ങളിലാണ് പുതിയ മരുന്ന് ഫലപ്രദമാകുന്നത്.
കീമോതെറാപ്പിയുടെ നൂതനരൂപമായാണ് ഈ മരുന്നിനെ വിശേഷിപ്പിക്കുന്നത്. ശരീരം അണുബാധയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ആൻ്റിബോഡികളുമായി കീമോതെറാപ്പി മരുന്ന് ചേർത്ത് നിർമ്മിച്ച ഒരു മരുന്നാണിത്. ഈ ആൻ്റിബോഡികൾ ഫോലേറ്റ് റിസപ്റ്റർ ആൽഫ എന്നറിയപ്പെടുന്ന ചില ഓവേറിയൻ കാൻസർ കോശങ്ങളുടെ പുറത്ത് കാണപ്പെടുന്ന അടയാളങ്ങൾ കണ്ടെത്താൻ രൂപകൽപ്പന ചെയ്തവയാണ്. അതിനാൽ അവ കാൻസർ കോശങ്ങളെ തേടിപ്പിടിക്കുകയും ഉപരിതലത്തിൽ പറ്റിപ്പിടിക്കുകയും ഉള്ളിൽ പ്രവേശിക്കുകയും ചെയ്യും. ശേഷം കാൻസറിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കീമോതെറാപ്പി മരുന്നുകളെ മുഴുവൻ ശരീരത്തിലേക്കും എത്തിക്കുന്നതിനു പകരം കാൻസർ കോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയും ഇത് പാർശ്വഫലങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
കീമോതെറാപ്പി ചികിത്സയിൽ ശരാശരി 12.8 മാസമായിരുന്ന അതിജീവനസാധ്യത ഈ ചികിത്സയിൽ 16.5 മാസമായി വർധിക്കുന്നുവെന്നും പറയുന്നുണ്ട്. മൂന്നിലൊന്ന് രോഗികളിൽ കീമോതെറാപ്പിയിലൂടെ പതിനാറ് ശതമാനമായി ചുരുങ്ങിയ ട്യൂമർ പുതിയ മരുന്നിലൂടെ മുപ്പതുശതമാനമായി കുറയുകയും ചെയ്തു. പാർശ്വഫലങ്ങൾ കുറവാണെന്നതിനാൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നുവെന്നതാണ് പ്രധാനം. മുടി കൊഴിയുന്നതുപോലുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും മൂന്നാഴ്ച കൂടുമ്പോൾ ഒരു ഡ്രിപ്പ് വഴിയാണ് മരുന്ന് നൽകുന്നതെന്നും ഗവേഷകർ പറയുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) അംഗീകരിച്ച ഈ മരുന്ന് കീമോതെറാപ്പി ഫലിക്കാതാവുന്ന ഓവേറിയൻ, പെരിറ്റോണിയൽ, ഫാലോപ്യൻ ട്യൂബ് കാൻസറുകൾക്കാണ് ഉപയോഗിക്കുനന്നത്. 20 വർഷത്തിനുശേഷം ഒവേറിയൻ കാൻസർ മേഖലയിൽ മെച്ചപ്പെട്ട മരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞാൽ സന്തോഷമുണ്ടെന്ന് ക്ലിനിക്കൽ ട്രയലുകൾക്ക് നേതൃത്വം നൽകിയ ഡോ. റോവൻ മില്ലർ പറഞ്ഞു.
സാധാരണ കീമോതെറാപ്പിയിൽ സാധ്യമല്ലാത്ത തീയേറ്ററിൽ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുന്നുണ്ടെന്ന് ചികിത്സയ്ക്ക് വിധേയയായ 64 കാരിയായ പാട്രിഷ്യ ഹിൽ ബിബിസിയോട് പറഞ്ഞു. വടക്കൻ ലണ്ടനിൽ നിന്നുള്ള പാട്രിഷ്യയ്ക്ക് 2023-ലാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നിലധികം കീമോതെറാപ്പിക്ക് വിധേയയാകുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് പാട്രീഷ്യ മിർവെറ്റുക്സിമാബ് ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ചികിത്സ തന്റെ ജീവിതം തിരികെ നൽകിയെന്നും പാട്രീഷ്യ പറഞ്ഞു.
സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് ക്ഷീണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കുറവാണെന്നും ഒവേറിയൻ കാൻസർ ചികിത്സയിലെ ഗെയിം ചേഞ്ചറാകും ഈ മരുന്നെന്നും പാട്രീഷ്യ പറഞ്ഞു.
ചികിത്സയ്ക്കുശേഷം കാൻസർ മുഴകൾ ചുരുങ്ങിയതായി മരുന്ന് പരീക്ഷണത്തിന് വിധേയയായ ഹെർട്ഫോർഡ്ഷെയറിൽ നിന്നുള്ള ജെന്നി ഗ്രീൻ എന്ന എഴുപത്തിയൊന്നുകാരിയും പറഞ്ഞു. ഇംഗ്ലണ്ടിൽ പ്രതിവർഷം 400 ഓളം രോഗികൾക്ക് പുതിയ ചികിത്സയിലൂടെ പ്രയോജനം ലഭിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു.
എന്താണ് ഒവേറിയൻ കാൻസർ?
സ്ത്രീകളുടെ പെൽവിസിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ചെറിയ അവയവങ്ങളാണ് അണ്ഡാശയങ്ങൾ. അവ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ആർത്തവചക്രം നിയന്ത്രിക്കുകയും അണ്ഡങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിലുമോ ഉണ്ടാകുന്ന കാൻസർ ആണ് അണ്ഡാശയ കാൻസർ അഥവാ ഒവേറിയൻ കാൻസർ.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
രോഗത്തിന്റെ ആദ്യഘട്ടത്തിൽ വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ.
- അടിവയറ്റിൽ വലിയ മുഴ പോലെ ഭാരം അനുഭവപ്പെടുക
- ഭാരക്കുറവ്
- ഓക്കാനം
- മൂത്രസഞ്ചിയിലും മലാശയത്തിലും മർദം അനുഭവപ്പെടുക
- മൂത്രശങ്ക
- പുറംവേദന
- ക്ഷീണം
- വിശപ്പില്ലായ്മ
- വയറു വീർക്കുക
- വയറു നിറഞ്ഞതായി അനുഭവപ്പെടുക
- അമിതവണ്ണം
Content Highlights: NHS approval of Mirvetuximab soravtansine for advanced ovarian cancer., First breakthrough in ovarian cancer treatment in 20 year
Published: 05 Jun 2026, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented