ആർത്തവവിരാമത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ടെലിവിഷൻ അവതാരകയും നടിയുമായ മിനി മാത്തുർ. ഗൈനക്കോളജിസ്റ്റിനെ കണ്ടിട്ടുപോലും തന്റേത് ആർ‍ത്തവവിരാമ സംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിയാൻ വൈകിയെന്നും മിനി പറ‍ഞ്ഞു. ഹൗട്ടർഫ്ലൈയോടു സംസാരിക്കവേയാണ് മിനി ഇക്കാര്യം പറഞ്ഞത്.

To advertise here,

രാത്രികാലങ്ങളിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെട്ടിരുന്നതെന്ന് മിനി പറയുന്നു. രാത്രിയിൽ ആരെങ്കിലും തീകൂട്ടിയതുപോലെ തോന്നും. ശരീരത്തിലെ ഓരോ രോമകൂപവും ചൂടാവും. ജീവിതത്തിൽ ഇത്രത്തോളം വിയർത്ത സമയമുണ്ടായിട്ടില്ലെന്നും മിനി പറയുന്നു. 

തന്റെ മാനസികനിലയും പ്രശ്നമായിരുന്നുവെന്ന് മിനി പറയുന്നുണ്ട്. നിയന്ത്രണമില്ലാതെയാണ് ദേഷ്യം വന്നിരുന്നത്. എവിടുന്നാണ് ഈ ദേഷ്യം വരുന്നതെന്നോ, ഓർമ നഷ്ടമാകുന്നത് എന്തുകൊണ്ടാണെന്നോ, ആത്മവിശ്വാസം കുറയുന്നത് എന്തുകൊണ്ടാണെന്നോ മനസ്സിലായിരുന്നില്ല. ആർത്തവവിരാമത്തിനു തൊട്ടുമുമ്പുള്ള പെരിമെനോപോസ് എന്ന അവസ്ഥയാണോ എന്ന് സ്വയംചിന്തിച്ച് ഗൂഗിളിൽ തിരഞ്ഞിരുന്നുവെന്നും മിനി പറയുന്നു.

തുടർന്നാണ് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ നഗരത്തിലെ പ്രധാന ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചത്. എന്നാൽ എല്ലാവരെയുംപോലെ അവരും കാര്യമാക്കിയില്ല. ഇത് കാര്യമാക്കേണ്ട, ഗർഭനിരോധന ഗുളിക കഴിക്കൂ എന്നാണ് തന്നോട് പറഞ്ഞതെന്ന് മിനി പറയുന്നു. ഹോർമോണുകൾ 500-ൽ നിന്ന് 5 ആയി കുറയുന്ന അവസ്ഥയാണ്. ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി വർഷങ്ങളായി നമ്മിൽ നിന്ന് അകറ്റി നിർത്തപ്പെട്ടിരിക്കുകയാണ്. ആർത്തവവിരാമ കാലത്ത് താൻ സ്വയം പരിപാലിക്കുകയും മുൻഗണന നൽകുകയും ചെയ്തിരുന്നുവെന്നും മിനി പറയുന്നുണ്ട്.

അടുത്തിടെ ബോളിവുഡ് നടി ദിയ മിർസയും ആർത്തവവിരാമത്തേക്കുറിച്ച് ഇനിയും അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു.

ശാരീരികവും വൈകാരികവും മാനസികവുമായി സമ്മർദം നൽകുന്ന സ്വാഭാവിക പ്രക്രിയയാണിത്, കൂടുതൽ അവബോധമുണ്ടാക്കുന്നത് എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുമെന്നും ദിയ പറഞ്ഞിരുന്നു.

ആർത്തവവിരാമം

45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ

  • ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.
  • എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.
  • ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.
  • ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.