തൃശ്ശൂർ: വൈദ്യരത്നം ഗ്രൂപ്പിന്‍റെ പ്രഥമ ആത്മമിത്ര പുരസ്കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്ക്. മാധ്യമരംഗത്ത് ആയുർവേദത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണിതെന്ന് വൈദ്യരത്നം ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

To advertise here,

വൈദ്യരത്നം ചെയർമാനായിരുന്ന അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിന്‍റെ ഓർമ്മയ്ക്ക് ശനിയാഴ്ച രാവിലെ 9.30-ന് ഒല്ലൂർ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് നടത്തുന്ന വൈദ്യരത്നം ഗ്രൂപ്പ് മെൻറേഴ്സ് ഡേ ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പുരസ്കാരം സമ്മാനിക്കും. കലാരംഗത്തെ പ്രഥമ ആത്മമിത്ര പുരസ്കാരം (ഒരു ലക്ഷം രൂപ) കലാമണ്ഡലം രാമച്ചാക്യാർക്കാണ്. മെൻറേഴ്സ് ഡേയുടെ ഉദ്ഘാടനവും ധർമസാഗരം, ആയുർജ്യോതി പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കും.

ഗവ. ഹെൽത്ത് സെൻററിന് വൈദ്യരത്നം നൽകുന്ന ഭൂമിയുടെ രേഖകൾ സ്വീകരിക്കലും കലാപുരസ്കാര വിതരണവും റവന്യൂമന്ത്രി കെ. രാജൻ നിർവഹിക്കും. വേണു രാജാമണി, വൈദ്യരത്നം ചെയർപേഴ്സൺ സതി നാരായണൻ മൂസ്, ടി.എൻ. പ്രതാപൻ എം.പി., ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച, മേയർ എം.കെ. വർഗീസ്, ആരോഗ്യസർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുക്കും. ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് അധ്യക്ഷനാകും. തൈക്കാട്ടുശ്ശേരിയിൽ സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബത്തിന് വീട് നൽകുന്ന 'ഗൃഹസ്ഥം' പദ്ധതിക്കും തുടക്കമിടും. 25,000 രൂപയുടെ ആയുർവിജ്ഞാൻ പുരസ്കാരവും ഒരു ലക്ഷം രൂപയുടെ വിജ്ഞാൻരത്ന പുരസ്കാരവും നൽകും.

പത്രസമ്മേളനത്തിൽ വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ ഇ.ടി. യദു നാരായണൻ മൂസ്, അഷ്ടവൈദ്യൻ ഡോ ഇ.ടി. കൃഷ്ണൻ മൂസ്, സി.ഇ.ഒ. പ്രദീപ് നായർ എന്നിവരും പങ്കെടുത്തു.