ലോകത്തെയാകെ വിറപ്പിച്ച കോവിഡ് വൈറസ് ഒന്നു കെട്ടങ്ങിയതേയുള്ളു. പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിരക്ക് കൂടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ മറ്റൊരു വൈറസിൻമേൽ ആശങ്ക അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന. തീവ്രവ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്താണ് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇക്വറ്റോറിയൽ ഗിനിയയിലാണ് അതീവ മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോളയ്ക്ക് സമാനമായ ഈ വൈറസ് ബാധിച്ച് ഒമ്പതു പേർ മരിച്ചതായും ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്തു. നിലവിൽ പതിനാറ് പേർക്കു കൂടി രോഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള ഇരുനൂറോളം പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. അയൽരാജ്യമായ കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.
എന്താണ് മാർബർഗ് ഡിസീസ്?
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോഗം ബാധിക്കും. ഈ സ്രവങ്ങൾ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം.
ലക്ഷണങ്ങൾ
- ഉയർന്ന പനി
- അസഹ്യമായ തലവേദന
- മസിൽ വേദന
- ശരീരവേദന
- ഛർദി
- അടിവയർ വേദന
- ഡയേറിയ
രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകൾ, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്.
ചികിത്സ
മറ്റ് വൈറസ് രോഗങ്ങളിൽ നിന്ന് മാർബർഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാർബർഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നൽകുക.
വാക്സിൻ ലഭ്യമാണോ?
നിലവിൽ മാർബർഗ് വൈറസിന് അംഗീകൃതമായ വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
Content Highlights: Marburg virus disease outbreak confirmed by WHO
Published: 15 Feb 2023, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented