ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക് രോഗം ബാധിച്ചുവെന്നും നാലുമരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു. കാർനെഗീ ഹിൽ, യോർക്വില്ലെ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.

To advertise here,

ജൂലൈ ഇരുപതുവരെ 76 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ഇതിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സ്രോതസ് എവിടെനിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജലസംവിധാനങ്ങളും പരിശോധിച്ചുവരികയാണ്.

നേരത്തേയും നിരവധിതവണ ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനമുണ്ടായിട്ടുണ്ട്. 2015-ൽ സൗത് ബ്രോൻ‌ക്സിൽ ഉണ്ടായ വ്യാപനത്തിൽ 138പേർ രോഗബാധിതരാവുകയും 16പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. 2025-ൽ ഹാർലെമിലുണ്ടായ വ്യാപനത്തിൽ എഴുപതുപേർ രോഗബാധിതരായി.

എന്താണ് ലീജനേഴ്സ് ഡിസീസ്?

ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രരൂപമാണ് ലീജനേഴ്സ് ഡിസീസ്. ലിജിയോനെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അല്ലാത്തപക്ഷം ഗുരുതരമാകും.

ലക്ഷണങ്ങൾ

ലിജിയോനെല്ല ബാക്ടീരിയയുമായി സമ്പർക്കത്തിലേർപ്പെട്ട് രണ്ടുമുതൽ പത്തുദിവസത്തിനുള്ളിലാണ് രോഗം സ്ഥിരീകരിക്കുക. തലവേദന, പേശീവേദന, തീവ്രമായ പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഓക്കാനം, ഛർദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ശ്വാസകോശത്തേയാണ് പ്രധാനമായും ബാധിക്കുകയെങ്കിലും ഹൃദയം ഉൾപ്പെടെയുള്ള മറ്റുഭാഗങ്ങളിലേക്കും പടരാനിടയുണ്ട്. ഇതേ ബാക്ടീരിയ തന്നെയാണ് പോൺടിയാക് ഫീവർ എന്ന രോഗത്തിലേക്കും നയിക്കുന്നത്. എന്നാൽ പോൺടിയാക് ഫീവർ ഉള്ളവരിൽ പനി, വിറയൽ, തലവേദന, സന്ധിവേദന തുടങ്ങിയവ മാത്രമാണ് ഉണ്ടാവുക. അത് ശ്വാസകോശത്തെ ബാധിക്കാറില്ലെന്ന് മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാവുകയും ചെയ്യും.

സങ്കീർണതകൾ

ചികിത്സ വൈകിയാൽ ആരോഗ്യം വഷളാവാനും കാരണമാകും. ശ്വാസകോശം തകരാറിലാകുന്നതാണ് അതിൽ പ്രധാനം. ശരീരത്തിന് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കാനും രക്തത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതാവും.

മറ്റൊന്ന് സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ്. രക്തസമ്മർദത്തിന്റെ തോത് പെട്ടെന്ന് പാടേ കുറയുകയും ഇത് പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും. മസ്തിഷ്കം, വൃക്ക എന്നീ അവയവങ്ങളേയാണ് പ്രധാനമായും ബാധിക്കുക. തൽഫലമായി ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരികയും അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും അതുവീണ്ടും രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും.