തൃശ്ശൂര്‍: ജനറല്‍ ആശുപത്രി എല്ലുരോഗ വിഭാഗത്തിലെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെയും താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെയും ഈ വര്‍ഷത്തെ ബുക്കിങ് ഫുള്‍. ജനുവരിയായപ്പോഴേക്കും ഡിസംബറിലെ തീയതികളിലേക്കുവരെ ആളായി. ഇനി മറ്റാര്‍ക്കെങ്കിലും അവസരം കിട്ടണമെങ്കില്‍ ബുക്കുചെയ്തവര്‍ പിന്മാറണമെന്നതാണ് അവസ്ഥ.

To advertise here,

സ്വകാര്യ ആശുപത്രിച്ചെലവ് താങ്ങാനാകാത്തവരാണ് ജനറല്‍ ആശുപത്രിയെ സമീപിക്കുന്നത്. ഒട്ടേറെപ്പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തിലാണ് എത്തുന്നത്. ഇതുണ്ടെങ്കില്‍ ശസ്ത്രക്രിയ സൗജന്യമാണ്. ബുക്കുചെയ്തതിനേക്കാള്‍ കൂടുതല്‍പ്പേര്‍ അവസരം കിട്ടാതെ മടങ്ങിയെന്നാണ് അറിയുന്നത്. മുട്ടുമാറ്റിവയ്ക്കലിനും താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുമായി അറുപതോളം പേര്‍ക്കാണ് ഇത്തവണ ബുക്കുചെയ്യാന്‍ സാധിച്ചത്. ആഴ്ചയില്‍ ഒരുദിവസമാണ് എല്ലുരോഗവിഭാഗത്തിന് ഓപ്പറേഷന്‍ തിയേറ്റര്‍ ലഭിക്കുന്നത്. മുട്ടുമാറ്റിവയ്ക്കലാണെങ്കില്‍ ഒരു ശസ്ത്രക്രിയയേ നടക്കൂ. മൂന്നുമണിക്കൂറോളം വേണ്ടിവരും. താക്കോല്‍ദ്വാര ശസ്ത്രക്രിയ രണ്ടെണ്ണം നടത്താം.

മുട്ടുമാറ്റിവയ്ക്കലിന് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്ലാത്തവര്‍ക്ക് ഇവിടെ ചെലവാകുന്നത് എഴുപതിനായിരം രൂപയോളമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷത്തോളം ചെലവ് വരും. താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് 25,000 രൂപയാണ് ഇവിടെ ചെലവ്. പുറത്ത് ഇതിന് 75000 മുതല്‍ ഒന്നരലക്ഷം വരെ ചെലവുവരും.

ശസ്ത്രക്രിയാ ദിവസങ്ങള്‍ കൂട്ടണമെന്ന ആവശ്യം എല്ല് വിഭാഗം ഉന്നയിക്കുന്നുണ്ട്. മാതൃ-ശിശു ആശുപത്രി മാറിയാല്‍ കൂടുതല്‍ ദിവസങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡോ. ടോണി ജോസഫ്, ഡോ. എന്‍.വി അനീഷ് എന്നിവരാണ് ഇവിടെയുള്ളത്. കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അതിനനുസരിച്ചുള്ള ജീവനക്കാരെ ഇവിടെ നിയമിച്ചിട്ടില്ല.

Content highlights: knee replacement surgery at thrissur general hospital bookings full for this year