കോട്ടയം: അമിത മൊബൈൽഫോൺ, ഓൺലൈൻ ഗെയിമുകളുടെ ഉപയോഗം കുട്ടികളിലെ വൈകാരികബന്ധങ്ങളും സഹാനുഭൂതിയും കുറയ്ക്കുന്നതിനു പുറമേ ലഹരിയുപയോഗത്തിൽവരെ എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി ചികിത്സാവിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൊബൈൽഫോൺ ആസക്തിയുടെ അനുപാതവും അനുബന്ധഘടകങ്ങളും കണ്ടെത്തുന്നതിനായി അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ള 222 കുട്ടികളിലാണ് ഗവേഷണം നടത്തിയത്.
പഠനത്തിൽ 43-50 ശതമാനം കുട്ടികളും ആസക്തിയുടെ ലക്ഷണങ്ങൾ കാട്ടുന്നുണ്ടെന്ന് കണ്ടെത്തി. കോവിഡ് കാലത്തിന്റെ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൊബൈൽ ഫോൺ ഉപയോഗം ഗുരുതരമായ പെരുമാറ്റപ്രശ്നങ്ങൾ, ഉറക്കക്കുറവ്, അക്കാദമിക് തകർച്ച എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളിൽ ആക്രമണസ്വഭാവത്തിനുപുറമേ സമൂഹത്തിൽനിന്ന് പിൻവലിയാനുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു.
കണ്ടെത്തിയ പ്രശ്നങ്ങൾ
- മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയില്ല.
- സൗഹൃദങ്ങളിൽനിന്നകന്ന് വ്യക്തിബന്ധങ്ങൾ ഇല്ലാതാകുന്നു.
- രാത്രിയിൽ ഉറക്കം കുറയുന്നു.
- ഓർമ്മക്കുറവ്, പഠനവൈകല്യം, വിഷാദരോഗം എന്നിവ ഉണ്ടാകുന്നു. ചെറുദൈർഘ്യമുള്ള ചടുലദൃശ്യങ്ങൾ കാണുന്നത് ഏകാഗ്രത കുറച്ച് ദീർഘനേരപഠനത്തിൽനിന്ന് അകറ്റുന്നു.
- ഇന്റർനെറ്റിലെ ചില സൈറ്റുകളിലൂടെ ലഹരിയെ അടുത്തറിയാനും, അത് ആരോഗ്യകരമായ ജീവിതമാണെന്ന് തെറ്റിദ്ധരിച്ച് ലഹരിക്കടിമപ്പെടാനും കാരണമാകുന്നു.
സമയം ക്രമീകരിക്കണം
പ്രായത്തിനനുസൃതമായി ദൃശ്യസമയം ക്രമീകരിക്കുക പ്രധാനമാണ്. രണ്ടുവയസ്സുവരെ മൈാബൈൽഫോൺ നൽകരുത്. മൂന്നുവയസ്സുവരെ അരമണിക്കൂർ, ശേഷം അഞ്ചുവയസ്സുവരെ ഒരുമണിക്കൂർ, ആറ്-18 വയസ്സുവരെ രണ്ടുമണിക്കൂർമാത്രം. കായികവ്യായാമത്തിന് പ്രാധാന്യം കൊടുക്കുക. ജയം-തോൽവി അറിയേണ്ടതും പ്രധാനമാണ്.
-പ്രൊഫ. ഡോ. അരുൺ ബി. നായർ, സൈക്യാട്രി ചികിത്സാ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്
Content Highlights: Study reveals excessive mobile phone & online game usage in children leads to reduced empathy, emotional bonds, and even drug addiction.
Published: 09 Feb 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented