കണ്ണൂർ: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. മഴക്കാലത്ത് കാണാറുള്ള സാധാരണ വൈറൽപനി കേസുകളാണ് ഭൂരിഭാഗവും. തിങ്കളാഴ്ച മാത്രം 13,885 പനികേസുകളാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്. ഈ മാസം 72,328 പകർച്ചപ്പനി കേസുകളായി. മലപ്പുറം, തൃശ്ശൂർ ജില്ലകളിലാണ് വൈറൽപനി കൂടുതൽ.
വിവിധതരം ഇൻഫ്ലുവൻസ വൈറസുകളാണ് പകർച്ചപ്പനിക്ക് കാരണമാവുന്നത്. വായുവിലൂടെ പകരുന്നതിനാൽ ഇവ എളുപ്പത്തിൽ വ്യാപിക്കുന്നു. അഡിനോ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ് എന്നിവയും രോഗകാരിയാവാം. കുട്ടികളിലും പനി വ്യാപകമാണ്.
സാധാരണ വൈറൽപ്പനിക്കു പുറമേ ഡെങ്കിപ്പനി എല്ലാ ജില്ലകളിലും ആശങ്ക ഉയർത്തുന്നുണ്ട്. ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ്നൈൽ പനിയും എറണാകുളത്ത് റിപ്പോർട്ടുചെയ്തു. മരണവുമുണ്ടായി. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗെല്ലോസിസും കൂടിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് -എ മൂലമുള്ള മഞ്ഞപ്പിത്തവും വ്യാപകമാണ്.
സ്വയം ചികിത്സ വേണ്ടാ
പലതരം പനികളാണ് വ്യാപകമായിട്ടുള്ളത്. അതിനാൽ സ്വയം ചികിത്സ നടത്തരുത്. ഡോക്ടറെ കണ്ട് രോഗനിർണയം നടത്തണം. വേദന സംഹാരിയോ, തുമ്മൽ മാറാൻ ആന്റിഹിസ്റ്റമിൻ മരുന്നുകളോ സ്വയം വാങ്ങിക്കഴിക്കരുത്.
സൂക്ഷിക്കണം ഡെങ്കിയെ
ഡെങ്കിപ്പനി തുടക്കത്തിൽത്തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. നേരത്തേ ഡെങ്കിപ്പനി വന്നവരിൽ മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ രക്തസ്രാവം ഉണ്ടായി ഡെങ്ക് ഹെമറേജിക് ഫീവർ, ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുണ്ടാകാം. ഈ മാസം 342 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു.
വെസ്റ്റ്നൈൽ പനി
ക്യൂലക്സ് കൊതുകുകൾ പരത്തുന്ന രോഗം. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിച്ച് ബോധക്ഷയവും ചിലപ്പോൾ മരണവും സംഭവിക്കാം.
ആശങ്കയായി ഷിഗെല്ലോസിസ്
ഷിഗെല്ല വിഭാഗത്തിലെ ബാക്ടീരിയകൾ കുടലിലുണ്ടാക്കുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വ്യക്തിശുചിത്വക്കുറവിലൂടെ രോഗം അതിവേഗം പടരും. ഈ മാസം 23 കേസുകൾ റിപ്പോർട്ടുചെയ്തു. കഠിനമായ വയറിളക്കമാണ് പ്രധാന ലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അപകടമാകും. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമായി മരണകാരണമാകാം.
Content Highlights: Over 72,000 viral fever cases reported this month in Kerala., Dengue, West Nile fever, and Shigellosis are causing significant health concerns., Strict warning against self-medication for viral symptoms
Published: 10 Jun 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented