തിരുവനന്തപുരം: താഴെത്തട്ടിലെ ആശുപത്രികളിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ കൂടുതൽസൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് അയക്കുന്നതിനുള്ള റഫറൽ നടപടിക്രമം പുതുക്കിയതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂം തുറക്കും.

To advertise here,

ലഭ്യമായ സേവനം, ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളെ അഞ്ചു വിഭാഗമായി തിരിക്കും.

രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ ഏത് വിഭാഗം ആശുപത്രിയിലേക്ക് രോഗിയെ അയക്കണമെന്നതടക്കമുള്ള നിർദേശം പ്രോട്ടക്കോളിലുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ, ജില്ലാ/ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നുള്ള തരംതിരിവ് റഫറൽ സംവിധാനത്തിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

റഫർ ചെയ്യുന്നതിനുള്ള കാരണം ബന്ധുക്കളെയും സാധ്യമെങ്കിൽ രോഗിയെയും കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് പ്രോട്ടക്കോൾ പറയുന്നു. നൽകിയ ചികിത്സ, പ്രഥമശുശ്രൂഷ തുടങ്ങിയ വിവരമടങ്ങിയ റഫറൽ ഫോമും പരിശോധനാ രേഖകളും തയ്യാറാക്കിനൽകണം.

റഫറൽ സംവിധാനം നിരീക്ഷിക്കാൻ സംസ്ഥാന, ജില്ലാ തല സമിതികളുണ്ടാകും. ആരോഗ്യവകുപ്പ് സെക്രട്ടറിയാകും സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ. ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാതല സമിതിക്ക് മേൽനോട്ടംവഹിക്കും. എല്ലാ മാസവും സമിതി പ്രവർത്തനം അവലോകനം ചെയ്യും.

ലക്ഷ്യം അലംഭാവം തടയൽ

അപകടത്തിൽ പരിക്കേറ്റ് ഗുരുതരനിലയിൽ പല ആശുപത്രികൾ കയറിയിറങ്ങി ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച തമിഴ്‌നാട് സ്വദേശിയായ മുരുകന് അവിടെയും യാഥാസമയം വിദഗ്ധചികിത്സ കിട്ടാതെ മരിച്ച 2017-ലെ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിൽ പല ആശുപത്രികളും ചികിത്സ നിഷേധിച്ചെന്നും മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം ആംബുലൻസിൽ കിടത്തിയെന്നുമൊക്കെയായിരുന്നു ആരോപണം. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പുതിയ രീതിക്കാവും.

ആദ്യം ചികിത്സതേടുന്ന ആശുപത്രിയിൽനിന്ന് രോഗിയെ അയക്കുന്നതിനുമുൻപായി റഫർ ചെയ്യുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് അവിടത്തെ സൗകര്യങ്ങളും വിദഗ്‌ധ ഡോക്ടർമാരുടെ സാന്നിധ്യവും ഉറപ്പാക്കണം. ആവശ്യമെങ്കിൽ വെന്റിലേറ്റർ സൗകര്യമടക്കം ഉറപ്പുവരുത്തിയശേഷമാണ് രോഗിയെ അയക്കുക.

റഫർ ചെയ്യുന്ന വിവരം സമയംസഹിതം രോഗിയെ സ്വീകരിക്കുന്ന ആശുപത്രിയെ അറിയിക്കും. അവിടത്തെ കൺട്രോൾ റൂം ജീവനക്കാർ ഇക്കാര്യം ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളെ അറിയിച്ച് തയ്യാറെടക്കും. റഫർ ചെയ്യുന്നതുസംബന്ധിച്ച ആദ്യ അന്വേഷണം മുതൽ രോഗിയെ എത്തിക്കുന്നതുവരെയുള്ള സമയക്രമം രേഖപ്പെടുത്തിവെക്കണമെന്നും നിർദേശമുണ്ട്.