കോഴിക്കോട്: നമ്മൾ നേരിടുന്നത് പുതിയ കാലത്തിന്റെ വെല്ലുവിളികളെയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഭാവിയിൽ ജന്തുജന്യ രോഗങ്ങൾ വലിയ ആശങ്കയാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖല സെന്‍സിറ്റീവായതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസ്‌ ഹെൽത്ത് കോൺക്ലേവ്-‘എമെർജ് 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

To advertise here,

'നാം നേരിടുന്നത് പുതിയ കാലത്തിന്റെ വെല്ലുവിളികളാണ്. ഇനിയൊരു പകർച്ചവ്യാധി ഉണ്ടാവുകയാണെങ്കിൽ, അത് ഒരുപക്ഷേ H5N1 ആയിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ഭാവിയിൽ വലിയ വെല്ലുവിളിയായി ത്തീരുന്നത് ജന്തുജന്യ രോഗങ്ങളായിരിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് 800-ലധികം ആളുകൾക്ക് H5N1 ബാധിച്ചിരുന്നു. ഭാഗ്യവശാൽ, ഇതുവരെ മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഏതെങ്കിലും സമയത്ത് വൈറസിന് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന നിലയിലായാൽ, അത് കോവിഡിനെക്കാളും ഭീഷണിയുള്ള ഒരു പകർച്ചവ്യാധിയായി മാറാനിടയുണ്ടെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.

ഇത്തരത്തിലുള്ള വെല്ലുവിളികൾക്കുമുന്നിലാണ് നാം നിൽക്കുന്നത് എന്നതിനാലാണ് ഞാൻ ഈ കാര്യം പറയുന്നത്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് അമീബിക് മസ്തിഷ്‌കജ്വരമാണ്. എപ്പോഴും ഉയരുന്ന ചോദ്യമുണ്ട്, എന്തുകൊണ്ട് കേരളത്തിൽ ഇത്രയും കേസുകൾ കൂടുതലായി കാണപ്പെടുന്നു എന്ന്. എന്തുകൊണ്ട് ഈ രോഗം കേരളത്തിൽ മാത്രമാണ് ഉണ്ടായി എന്നതായിരുന്നു നിപയെ സംബന്ധിച്ച് നേരിട്ട ചോദ്യം.

ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നമുക്കുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണമാണ് നമ്മുടെ ആരോഗ്യമേഖല വളരെ സെൻസിറ്റീവാണ് എന്നതാണ്. നാം കേസുകൾ കൃത്യമായി കണ്ടെത്തുന്നു. ഒരു മസ്തിഷ്‌കജ്വരം ഉണ്ടായാൽ നമുക്ക് പാലിക്കാനുള്ള വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ആദ്യം വൈറൽ പാനൽ ടെസ്റ്റ് നടത്തും. അവയെല്ലാം നെഗറ്റീവ് ആയാൽ, അടുത്ത ചോദ്യമുയരുന്നു, എന്താണ് ഇതിന് പിന്നിലെ കാരണം.

ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വ്യക്തിയുടെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹം മറ്റൊരു സംസ്ഥാനത്തിലെ ഒരു സ്വിമ്മിംഗ് പൂളിൽ കുളിച്ചിരുന്നു. അവിടെ അദ്ദേഹം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രോഗശമനം ഉണ്ടായില്ല. വയനാട് സ്വദേശിയായ അദ്ദേഹം ഇപ്പോൾ ഇവിടെ ചികിത്സയിലാണ്. സ്റ്റേബിളാണ് ഇദ്ദേഹം', മന്ത്രി പറഞ്ഞു.