കണ്ണൂർ: വാർഷിക ആരോഗ്യ പരിശോധനകളിൽ ജീവിതശൈലീ രോഗങ്ങളുടെ കണക്കുകൾ കണ്ട് അന്തിച്ചുനിൽക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർ. ഇതെന്തു കേരളം? അമിത രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, സ്തനാർബുദം... ജീവിതശൈലീരോഗങ്ങളുടെ നീണ്ടനിര. രോഗാതുരമായ സമൂഹമായി കേരളം മാറി. രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രോത്സാഹനവും പ്രചോദനവും നൽകുകയാണ് ആരോഗ്യവകുപ്പ്. പുതുവർഷത്തിൽ പുതിയ ആരോഗ്യചിന്തകളുമായി 'ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്' എന്ന കാംപെയ്‌ൻ നടപ്പാക്കുകയാണ്. ഹെൽത്തി കുട്ടന്മാരാകാം എന്ന സന്ദേശവുമായി.

To advertise here,

രോഗാതുരത കുറയ്ക്കാം

തെറ്റായ ജീവിതശൈലി കാരണം വർധിക്കുന്ന രോഗാതുരത കുറയ്ക്കുക, എല്ലാവിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രതിജ്ഞയെടുക്കുക, പ്രവർത്തിക്കുക.

നാല് ഘടകങ്ങൾ

വൈബ് 4 വെൽനസ് പ്രവർത്തങ്ങൾക്ക് നാല് പ്രധാന ഘടകങ്ങളുണ്ടാകും. ആരോഗ്യകരമായ ഭക്ഷണം (ഈറ്റ് വെൽ), പ്രായത്തിനൊത്ത വ്യായാമം (ആക്ട്‌ വെൽ), കൃത്യമായ ഉറക്കം (സ്ലീപ്പ് വെൽ), ആരോഗ്യപരിപാലനം (കെയർ വെൽ) എന്നിവ.

നല്ല ഭക്ഷണം, വ്യായാമം, ഉറക്കം

ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ശരീരം അനങ്ങാത്ത ജീവിതരീതികൾ മാറ്റുക. ആരോഗ്യകരവും സന്തുലിതവുമായ ആഹാരം കഴിക്കുക. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ അളവ് കുറക്കുക.

ശൂന്യ കലോറി മാത്രം കിട്ടുന്ന ജങ്ക് ഫുഡും പാനീയങ്ങളും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക. ദിവസവും ആറ്-ഏഴ് മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. പുകയില, മദ്യം എന്നിവ ഒഴിവാക്കുക. വിനോദങ്ങളിൽ ഏർപ്പെടുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക.

കണക്കുകൾ വലുതാണ് സംസ്ഥാനത്ത് 40 വയസ്സ് കഴിഞ്ഞ 1.43 കോടി ആളുകളുടെ കണക്കെടുത്തപ്പോൾ 18.31 ലക്ഷം പേർക്ക് അമിത രക്തസമ്മർദമുണ്ട്. 12.40 ലക്ഷം പേർക്ക് പ്രമേഹവും. മറ്റ് രോഗങ്ങൾ വേറെയും. വിവിധ അസുഖങ്ങൾ വന്നെത്താനുള്ള അപകട സാധ്യതയുള്ളവർ 61.64 ലക്ഷമാണ്.

മുയൽ ആമയോട് തോറ്റതെങ്ങനെ

പ്രചരിക്കുന്നതല്ല സത്യം എന്ന വിധത്തിൽ ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തിന്റെ അനിമേഷൻ വീഡിയോ കാംപെയ്‌നിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്. തെറ്റായ ജീവിതശീലങ്ങൾ കാരണം സ്റ്റാമിന ഇല്ലാതെ തളർന്നുവീഴുന്ന മുയലാണ് ഇതിലുള്ളത്. നല്ല ശീലങ്ങളും ശാരീരികക്ഷമതയുമുള്ള ആമ ജേതാവാകുന്നതും.