
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ(47) ചർമം ദാനംചെയ്തതോടെയാണ് സ്‌കിൻ ബാങ്കിൽ ആദ്യ ചർമം ലഭിച്ചത്. ഷിബുവിന്റെ ചർമത്തിന്റെ സംസ്‌കരണപ്രക്രിയകൾ ആരംഭിച്ചു.
മൂന്നുമാസം മുൻപ് ഉദ്ഘാടനം നടത്തിയ സ്‌കിൻ ബാങ്കിൽ ചർമം ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച ഷിബുവിന്റെ ഹൃദയമുൾപ്പെടെ ഏഴ് അവയവങ്ങളാണ് ദാനംചെയ്തത്. ഡിസംബർ 14- ന് വൈകീട്ട് 6.30-ന് പുത്തൻകുളത്തിനടുത്ത് മൂക്കാട്ടുക്കുന്നിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്‌കമരണം സംഭവിച്ചത്.
ഏക മകൻ മരിച്ച വേദനയിലും ഷിബുവിന്റെ അമ്മ എടുത്ത തീരുമാനമാണ് ഏഴ് ജിവൻ രക്ഷിച്ചത്. ചർമം കൂടാതെ ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, നേത്രപടലങ്ങൾ എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് പുതുജീവൻ നൽകിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഷിബുവിന്റെ ഹൃദയം നേപ്പാളി പെൺകുട്ടിയിൽ മിടിച്ചുതുടങ്ങി. ഈ മഹത്തായ ത്യാഗത്തെ സ്മരിച്ച് ആരോഗ്യവകുപ്പിന്റെയും കെ-സോട്ടോയുടെയും നേതൃത്വത്തിൽ ഷിബുവിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ആദരം നൽകി.
സ്‌കിൻ ബാങ്ക്
പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് സ്‌കിൻ ബാങ്കിൽ ചർമം സംരക്ഷിക്കുന്നത്. മൂന്നാഴ്ചത്തെ രാസ-സംസ്‌കരണ പ്രക്രിയകൾക്കുശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറി, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ചർമം വെച്ചുപിടിപ്പിക്കും. പുതിയ ചർമം പരിക്കേറ്റ ഭാഗത്ത് കവചം നൽകും. അണുബാധ, വേദന, ധാതു-ലവണ നഷ്ടങ്ങൾ എന്നിവ കുറയ്ക്കാനും സാധിക്കും.
അപകടത്താലും പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പുവരുത്താനാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്‌കിൻ ബാങ്ക് സ്ഥാപിച്ചത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലും സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. ദാതാക്കളുടെ തുടയുടെ പുറകിൽ നിന്നുൾപ്പെടെ പുറത്തുകാണാൻ സാധിക്കാത്ത ഭാഗങ്ങളിൽനിന്നാണ് ചർമം എടുക്കുന്നത്. മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർമം കഴിഞ്ഞദിവസം വേർതിരിച്ചെടുത്തത്. ഇത് കേടുപാടനുസരിച്ച് ഒന്നോ അതിലധികമോ ആൾക്കാർക്ക് വെച്ചുപിടിപ്പിക്കാൻ സാധിക്കും.
Content Highlights: Kerala`s first Skin Bank at Thiruvananthapuram Medical College is now functional. First skin donation received from a brain-dead donor, offering hope and advanced treatment for burn victims.
Published: 24 Dec 2025, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented