തിരുവനന്തപുരം: കേരള ജനസംഖ്യയിൽ അറുപതും അതിനുമുകളിലും പ്രായമുള്ളവരുടെ എണ്ണത്തിൽ അതിവേഗ വർധന. സെൻസസ് കമ്മിഷണറേറ്റിന്റെ സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം റിപ്പോർട്ട് (എസ്ആർഎസ് 2022) പ്രകാരം കേരളത്തിൽ 60 തികഞ്ഞവർ ജനസംഖ്യയുടെ 14.4 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതലാണിത്.
2017-ൽ 13 ശതമാനമായിരുന്നു. 2011 സെൻസസിൽ 12.6 ശതമാനവും. അന്നും കേരളമായിരുന്നു മുന്നിൽ. ദേശീയ ശരാശരിയായ 8.6 ശതമാനത്തിലും വളരെ കൂടുതലായിരുന്നു കേരളത്തിൽ ഈ വിഭാഗത്തിലെ ജനസംഖ്യ. 2022-ലെ എസ്ആർഎസ് പ്രകാരം ദേശീയ ശരാശരി ഒമ്പത് ശതമാനമാണ്. ഏറ്റവും കുറവ് ബിഹാറിലാണ് - 6.9 ശതമാനം. 2031-ൽ കേരളത്തിൽ 20.9 ശതമാനമായി ഉയരുമെന്നാണ് ചില പഠനങ്ങളിലെ നിഗമനം.
കേരളത്തിന്റെ രണ്ടാംതലമുറ വികസന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ജനസംഖ്യയിലെ ഈ ‘വയസ്സാകൽ’ വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇതിനെ അഭിസംബോധന ചെയ്യാനുള്ള നയപരമായ പരിപാടികൾക്ക് ഇനിയും രൂപം നൽകിയിട്ടില്ല.
ആയുർദൈർഘ്യത്തിൽ കേരളം മുന്നിലെത്തി
2018-2022 ലെ എസ്ആർഎസ് ലൈഫ് ടേബിൾ പ്രകാരം കേരളമാണ് രാജ്യത്ത് ശരാശരി ആയുർദൈർഘ്യത്തിൽ മുന്നിൽ- 74.8 വയസ്സ്. 2017-21 ൽ ഡൽഹിയായിരുന്നു (74.9) മുന്നിൽ. രണ്ടാം സ്ഥാനത്ത് കേരളവും, 74.8. പുതിയതിൽ ഡൽഹി 74.6. ദേശീയ ശരാശരി 69.8.
സ്ത്രീകളുടെ ആയുർദൈർഘ്യത്തിൽ ഒന്നാമതാണ് കേരളം -78 വയസ്സ്. പുരുഷൻമാരുടെ കാര്യത്തിൽ നാലാമതും -71.7. ജമ്മു-കശ്മീരും ഡൽഹിയും തമിഴ്‌നാടുമാണ് മുന്നിൽ.
രാജ്യത്തെ മരണങ്ങളിൽ 8.9 ശതമാനം മാത്രമാണ് 85 വയസ്സിനുമുകളിൽ സംഭവിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് 19.5 ശതമാനമാണ്.
വാർധക്യത്തെ പുനർനിർവചിക്കണം
60 അല്ലെങ്കിൽ 65 തികഞ്ഞാൽ വാർധക്യം എന്നു കണക്കാക്കുന്നതിന് പകരം വാർധക്യത്തെ പുനർനിർവചിക്കണം. വയസ്സായവരെ തൊഴിൽ വിപണി, നൈപുണിവികസനം തുടങ്ങി ഒന്നിൽനിന്നും മാറ്റിനിർത്തേണ്ട കാര്യമില്ല. ദീർഘായുസ്സ് ആഘോഷിക്കുന്നതിന് സാമൂഹിക സുരക്ഷാ നടപടികൾക്ക് രൂപം നൽകാൻ അവരുടെ ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കണം. പ്രായമേറുന്ന ഒരു സമൂഹം പരിചരണസംവിധാനങ്ങൾ ഉറപ്പാക്കുകയും കൂട്ടുചേർന്നുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഉദയ് എസ്. മിശ്ര, പ്രൊഫസർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ്, മുംബൈ
ജനസംഖ്യയിൽ 60 തികഞ്ഞവർ
മുന്നിൽ
കേരളം- 14.4%
തമിഴ്‌നാട്- 13.1%
ഹിമാചൽപ്രദേശ്- 12.3%
പിന്നിൽ
ബിഹാർ -6.9%
അസം -7.1%
ഡൽഹി -7.3%
ആയുർദൈർഘ്യം
മുന്നിൽ
കേരളം- 74.8 വയസ്സ്
ഡൽഹി- 74.6 വയസ്സ്
ജമ്മു-കശ്മീർ -74.1 വയസ്സ്
പിന്നിൽ
ഛത്തീസ്ഗഢ്- 64.4 വയസ്സ്
ഉത്തർപ്രദേശ് -67.2 വയസ്സ്
മധ്യപ്രദേശ് -67.4 വയസ്സ്
Content Highlights: Kerala's Aging Population: A Leading Indicator of India's Demographic Shift
Published: 06 Jul 2025, 07:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented