
ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി ജ്യോതിക. വിവാഹശേഷം വർഷങ്ങളുടെ ഇടവേളയ്ക്കൊടുവിൽ തിരിച്ചുവന്നപ്പോഴും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ജ്യോതിക മറന്നില്ല. ഇപ്പോഴിതാ ഫിറ്റ്നസ് സീക്രട്ടുകൾ പങ്കുവെക്കുകയാണ് ജ്യോതികയും ഭർത്താവും നടനുമായ സൂര്യയും.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്കു നൽകിയ അഭിമുഖത്തിനിടെയാണ് ജ്യോതികയും സൂര്യയും ഇതേക്കുറിച്ചു മനസ്സുതുറന്നത്. വർക്കൗട്ട് ശീലങ്ങളേക്കുറിച്ചും ഭക്ഷണരീതിയേക്കുറിച്ചുമൊക്കെ ജ്യോതിക പങ്കുവെച്ചു. രാവിലെകളിലാണ് താൻ ജിമ്മിൽ പോകാറുള്ളതെന്നും പോകുംമുമ്പ് ഒരു ആപ്പിൾ കഴിക്കുമെന്നും ജ്യോതിക പറഞ്ഞു. വെയ്റ്റ് ലിഫ്റ്റിങ്ങിലും സ്ട്രെങ്ത് ട്രെയിനിങ്ങിലുമാണ് കൂടുതൽ ശ്രദ്ധകൊടുക്കാറുള്ളത്. ആഴ്ചയിൽ നാലുമുതൽ അഞ്ചു തവണ വർക്കൗട്ട് ചെയ്യാറുണ്ടെന്നും ജ്യോതിക പറയുന്നുണ്ട്.
പുൾഅപ്പുകളും ഫങ്ഷണൽ സ്ട്രെങ്ത് ട്രെയിനിങ്ങുകളുമാണ് കൂടുതൽ ചെയ്യാറുള്ളതെന്ന് സൂര്യ പറയുന്നു. നേരത്തേ പുറംഭാഗത്തിന് പരിക്കുണ്ടായതിനാൽ പവർലിഫ്റ്റിങ്ങും ഭാരം കൂടുതലുള്ള വർക്കൗട്ട് രീതികളും ഒഴിവാക്കും. ഓരോ ദശകത്തിലും ഫിറ്റ്നസിനേക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് ഉണ്ടാവുകയെവന്നും സൂര്യ പറയുന്നു. ഇരുപതുകളിൽ ബൈസെപ്പുകൾക്കായിരിക്കും പ്രാധാന്യം. ഇപ്പോൾ മസിലുകൾക്കു വേണ്ടിയല്ല മറിച്ച് ശാരീരിക പ്രവർത്തനം മെച്ചപ്പെടാനുള്ള വ്യായാമങ്ങളാണ് ചെയ്യുന്നതെന്നും സൂര്യ പറയുന്നു.
വ്യായാമത്തെ നോക്കിക്കാണുന്ന രീതി മാറ്റിയത് ഫിറ്റ്നസ് ട്രെയിനറായ മഹേഷ് ഗനേക്കർ ആണെന്നു ജ്യോതിക പറയുന്നു. കരുത്താർജിക്കൂ, ബാക്കിയെല്ലാം പിന്നാലെ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. നാൽപതു കഴിഞ്ഞാൽ സ്ത്രീകൾ സ്ട്രെങ്ത് ട്രെയിനിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും ജ്യോതിക പറഞ്ഞു. ഉറക്കം, ഭക്ഷണം, സമ്മർദം, ജോലി, ലക്ഷ്യം തുടങ്ങിയവയെല്ലാം സന്തുലിതമായി കൊണ്ടുപോവുക എന്നത് ആരോഗ്യകരമായ ജീവിതത്തിനു പ്രധാനമാണെന്നും വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 തുടങ്ങിയവ അത്യന്താപേക്ഷിതമാണെന്നും സൂര്യ കൂട്ടിച്ചേർത്തു.
വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
വാം അപ് നിർബന്ധം
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം
Content Highlights: Jyothika focuses on weight lifting, strength training, and functional workouts 4-5 times a week., Suriya avoids heavy powerlifting due to a past back injury and emphasizes functional strength over muscle building.
Published: 09 Aug 2026, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented