കാന്‍സര്‍ ബാധയെ തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടി വന്ന കൈയുടെ സംസ്‌കാരം നടത്തി യുഎസില്‍ നിന്നുള്ള സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി. എല്‍ഡേരിയ ഡുസെറ്റ് എന്ന 22 കാരിയാണ് കാന്‍സര്‍  നഷ്ടപ്പെടുത്തിയ തന്റെ വലതുകൈപ്പത്തിക്കായി സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. 

To advertise here,

സൈനോവിയല്‍ സാക്കോമ എന്ന അപൂര്‍വ കാന്‍സര്‍ ബാധിതയാണ് യുവതി. തന്റെ 19-ാം വയസ്സിലാണ് എല്‍ഡേരിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ഒക്ടോബറിലാണ് മുട്ടിനു മുകളില്‍ വെച്ച് കൈമുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

കഴിഞ്ഞ ജനുവരി 15-നാണ് തന്റെ കൈയുടെ സംസ്‌കാരച്ചടങ്ങുകള്‍ യുവതി നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്‍ഡേരിയയുടെ കാമുകനും ചടങ്ങില്‍ ഭാഗമായി. സംസ്‌കാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ എല്‍ഡേരിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഏറെ വൈകാരികമായ ഒരു കുറിപ്പും എല്‍ഡേരിയ പങ്കുവെച്ചു. എല്ലാ നല്ല ഓര്‍മകള്‍ക്കും വേദനകള്‍ക്കും സന്തോഷത്തിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡേരിയ തന്റെ ശരീരഭാഗത്തെ യാത്രയാക്കിയത്. കൈ മുറിച്ചുമാറ്റുന്നതിന് മുമ്പുള്ള ചിത്രങ്ങളും എല്‍ഡേരിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങളെല്ലാം എല്‍ഡേരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ആരോഗ്യം പുരോഗമിക്കുന്നുണ്ടെന്നും അവസാനവട്ട കീമോ കഴിഞ്ഞെന്നും ഇക്കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റില്‍ എല്‍ഡേരിയ പറയുന്നു.