മകന് അർബുദം സ്ഥിരീകരിച്ച നാളുകളെ കരുത്തോടെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാന് അർബുദം സ്ഥിരീകരിക്കുന്നത്. ഇക്കാലങ്ങളിൽ താനും ഭാര്യ പർവീൺ ഷഹാനിയും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും ഇമ്രാൻ പറഞ്ഞു.

To advertise here,

യൂട്യൂബറായ രൺവീർ അല്ലഹാബാദിയയുടെ പോഡ്കാസ്റ്റിനിടെയാണ് ഇമ്രാൻ ഹാഷ്മി ഇതേക്കുറിച്ച് പങ്കുവെച്ചത്. ഒരുദിവസം ഉച്ചഭക്ഷണത്തിനിടേയാണ് മകന്റെ അർബുദ ലക്ഷണത്തേക്കുറിച്ച് ആദ്യമായി തിരിച്ചറിഞ്ഞത്. ജീവിതം കീഴ്മേൽമറിഞ്ഞ വൈകുന്നേരമാണത്. ഭക്ഷണത്തിനിടേ മകൻ ഭാര്യയോട് തന്നേ മുറിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അവിടെവച്ചാണ് അവന്റെ മൂത്രത്തിൽ രക്തം കണ്ടതിനേക്കുറിച്ച് മകൻ പറഞ്ഞത്. സന്തോഷകരമായ ആ ഉച്ചഭക്ഷണസമയം പേടിസ്വപ്നംപോലെ മാറുകയായിരുന്നു.- ഇമ്രാൻ ഹാഷ്മി പറയുന്നു. 

മൂന്നുമണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചെന്നും അവിടെവച്ചാണ് മകന് അർബുദം സ്ഥിരീകരിച്ചതെന്നും ഇമ്രാൻ ഹാഷ്മി പറയുന്നു. അടുത്തദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങൾ തനിക്കും കുടുംബത്തിനും ഉത്കണ്ഠ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

മകന്റെ മുന്നിൽ കരുത്ത് കൈവിടാതെ നിൽക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അർബുദമാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ സമയത്ത് മകന്റെ മുന്നിൽവച്ച് ഒന്ന് കരയാൻപോലും കഴിയുന്ന അവസ്ഥയായിരുന്നില്ല. മുറിയിലെത്തിയതിനുശേഷം അവൻ കാണാതെയാണ് കരഞ്ഞത്. കാരണം മകൻ തങ്ങൾ കരയുന്നത് കണ്ട് മാനസികമായി തളർന്നുപോകരുതെന്നത് പ്രധാനമായിരുന്നു. 

അന്ന് മകന് വെറും മൂന്നരവയസ്സു മാത്രമായിരുന്നു പ്രായം. നാലുവയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അർബുദമാണ് സ്ഥിരീകരിച്ചത്. നാലാം പിറന്നാളിന് ഒരുമാസംമുമ്പായിരുന്നു രോ​ഗസ്ഥിരീകരണം.- ഇമ്രാൻ ഹാഷ്മി പറഞ്ഞു.

2014 ജനുവരി പതിന്നാലിനാണ് അയാൻ ഹാഷ്മിക്ക് അർബുദം സ്ഥിരീകരിക്കുന്നത്. അത്യപൂർവമായ വിംസ് ട്യൂമറായിരുന്നു( Wilms' Tumour) ബാധിച്ചത്. അഞ്ചുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ 2019-ലാണ് രോ​ഗമുക്തി നേടുന്നത്. 

എന്താണ് വിംസ് ട്യൂമർ ?

നെഫ്രോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന വിംസ് ട്യൂമർ കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന കിഡ്നിയെ ബാധിക്കുന്ന അർബുദമാണ്. അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളേയാണ് പൊതുവേ ബാധിക്കുക. അടിവയറ്റിലെ വീക്കം, മൂത്രത്തിൽ രക്തത്തിന്റെ അംശം, പനി, വിശപ്പില്ലായ്മ, ഉയർന്ന രക്തസമ്മർദം, ഭാരം കുറയുക തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. അൾട്രാസൗണ്ട്, സി.ടി സ്കാൻ, എംആർഐ എന്നിവയിലൂടെ രോ​ഗസ്ഥിരീകരണം നടത്തും. ട്യൂമർ നീക്കംചെയ്യാനുള്ള സർജറി, അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കീമോതെറാപ്പി എന്നിവയാണ് പ്രധാനചികിത്സ. ചില ഘട്ടങ്ങളിൽ റേഡിയേഷൻ തെറാപ്പിയും ചെയ്യേണ്ടിവന്നേക്കാം. 

രോ​ഗമുക്തിയുടെ നിരക്ക് കൂടുതലുള്ള അർബുദമാണിത്. കൃത്യസമയത്ത് രോ​ഗസ്ഥിരീകരണം നടത്തി ചികിത്സ ആരംഭിച്ചാൽ കാൻസറിനെ അതിജീവിക്കാനാവും. വിംസ് ട്യൂമർ ബാധിതരായ കുട്ടികൾ രോ​ഗത്തെ അതിജീവിക്കാനുള്ള സാധ്യത 90ശതമാനമാണ്.