തിരുവനന്തപുരം: പൂർണമായി അടഞ്ഞതും, സങ്കീർണ പ്രശ്‌നങ്ങൾ ഉള്ളതുമായ ഹൃദയധമനികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും ശാസ്ത്ര മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന ഇൻഡോ ജാപ്പനീസ് സി.ടി.ഒ ക്ലബ്ബിന്റെ (ഐ.ജെ.സി.ടി.ഒ 2026) 12-ാമത് ലൈവ് സമ്മിറ്റ് കോവളത്തെ ലീല റാവിസിൽ ആരംഭിച്ചു. ജസ്ലോക് ആശുപത്രിയിലെ മുതിർന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും പത്മഭൂഷൺ ജേതാവുമായ ഡോ. എ.ബി. മേത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.

To advertise here,

പൂർണമായി അടഞ്ഞ ഹൃദയധമനികളുടെ ചികിത്സ കഴിഞ്ഞ പത്തുവർഷ കാലയളവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായതായി അദ്ദേഹം പറഞ്ഞു. 'സങ്കീർണതകൾ മൂലം മുമ്പ് ബൈപാസ് ശസ്ത്രക്രിയ മാത്രം നടത്തിയിരുന്നവരെയും, കൃത്യമായ ചികിത്സ ലഭിക്കാതിരുന്നവരെയും ഇന്ന് നൂതന കത്തീറ്റർ ചികിത്സകളിലൂടെ വിജയകരമായി ചികിത്സിക്കാൻ കഴിയുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകൾ വഴിയുള്ള ചികിത്സാരീതികൾ വിജയസാധ്യതയും രോഗി സുരക്ഷയും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.'- ഡോ. എ.ബി. മേത്ത പറഞ്ഞു.

മെഡിട്രിന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് മുഖ്യാതിഥിയായി. ഓർഗനൈസിങ് സെക്രട്ടറിയും കോഴ്‌സ് ഡയറക്ടറുമായ ഡോ. എൻ. പ്രതാപ് കുമാറും കോഴ്‌സ് ഡയറക്ടർമാരായ ഡോ. എ.വി. ഗണേഷ് കുമാർ, ഡോ. വി. സൂര്യപ്രകാശ റാവു, ഡോ. ഇശിറോ ഹമാനക, ഡോ. സുധീർ റാത്തോഡ്, ഡോ.ബ്ലെസ്വിൻ ജിനോ, ഡോ.മനു രാജേന്ദ്രൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

ലോകത്തിലെ പ്രമുഖ സി.ടി.ഒ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള അക്കാദമിക് വേദിയാണ് സമ്മേളനമെന്ന് ഡോ. എൻ. പ്രതാപ് കുമാർ പറഞ്ഞു. 'അത്യാധുനിക ഗൈഡ് വയറുകൾ, പ്രത്യേക മൈക്രോകത്തീറ്ററുകൾ, രക്തക്കുഴലിനുള്ളിലെ ഇമേജിങ് സാങ്കേതിക വിദ്യകൾ, കാർഡിയാക് സി.ടി അധിഷ്ഠിത ചികിത്സാ ആസൂത്രണം എന്നിവ സങ്കീർണ ഹൃദയധമനി ചികിത്സകളിൽ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതൽ സങ്കീർണമായ കേസുകൾ പോലും കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും ചികിത്സിക്കാൻ സാധിക്കും'- അദ്ദേഹം പറഞ്ഞു.

കഠിനമായ കാൽസ്യം ബ്ലോക്കുകളുള്ള രക്തക്കുഴലുകൾ, ദീർഘകാലമായി പൂർണമായി അടഞ്ഞ ധമനികൾ, ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗാവസ്ഥകൾ, മുൻപ് ചികിത്സ പരാജയപ്പെട്ട കേസുകൾ എന്നിവയിലും ഇപ്പോൾ വിജയകരമായി ഇടപെടാൻ കഴിയുന്നുണ്ട്. ഡോ. എൻ. പ്രതാപ് കുമാർ പറഞ്ഞു.

ഇന്ത്യ, ജപ്പാൻ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുന്ന പതിനഞ്ച് സങ്കീർണ ഹൃദയധമനി ചികിത്സാ നടപടികളാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യയിൽ നിന്ന് ആറ്, ജപ്പാനിൽ നിന്ന് അഞ്ച്, യൂറോപ്പിൽ നിന്ന് മൂന്ന്, അമേരിക്കയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് ലൈവ് കേസുകൾ. ഇതിൽ മൂന്ന് ഇന്ത്യൻ കേസുകൾ കൊല്ലത്തെ മെഡിട്രിന ആശുപത്രിയിൽ നിന്നാണ് സംപ്രേഷണം ചെയ്യുന്നത്.

സമ്മേളനത്തിന്റെ ആദ്യ ദിവസം പൂർണമായി അടഞ്ഞ ഹൃദയധമനികൾ തുറക്കുന്നതിനുള്ള നൂതന കത്തീറ്റർ ചികിത്സാരീതികൾ, പ്രത്യേക ഗൈഡ് വയർ സാങ്കേതിക വിദ്യകൾ, മൈക്രോകത്തീറ്ററുകളുടെ ഉപയോഗം, ഇമേജിംഗ് സഹായത്തോടെയുള്ള ചികിത്സാരീതികൾ എന്നിവ സംബന്ധിച്ച ശാസ്ത്ര സെഷനുകളും ലൈവ് സെഷനുകളും നടന്നു.

വരും ദിവസങ്ങളിൽ ഐ.വി.യു.എസ് സഹായത്തോടെയുള്ള സി.ടി.ഒ ചികിത്സകൾ, ദീർഘകാലമായി അടഞ്ഞുകിടക്കുന്ന ഹൃദയധമനികളുടെ ചികിത്സ, കാർഡിയാക് സി.ടി അധിഷ്ഠിത ചികിത്സാ ആസൂത്രണം, ഹൃദയസ്തംഭനം, വൃക്കരോഗം, ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗാവസ്ഥകൾ തുടങ്ങിയ സങ്കീർണ സാഹചര്യങ്ങളിലെ ചികിത്സാരീതികൾ എന്നിവ ചർച്ച ചെയ്യും. പരാജയപ്പെട്ട സി.ടി.ഒ ചികിത്സകൾ വീണ്ടും സുരക്ഷിതമായി നടത്തുന്നതിനുള്ള മാർഗങ്ങളും വിദഗ്ധർ അവതരിപ്പിക്കും.

ഇന്ത്യയിലെയും വിദേശത്തെയും 800-ലധികം ഹൃദ്രോഗ വിദഗ്ധരും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്ക, ജപ്പാൻ, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവിടങ്ങളിലെ പ്രമുഖ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ നിന്നുള്ള വിദഗ്ധരാണ് ശാസ്ത്ര സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.