ഉമിനീരിലൂടെ വായയിലെ അർബുദ സാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ഇൻഡോർ ഐഐടിയിലെ ഗവേഷകർ. ഉമിനീരും വായുടെ ഉൾഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് വായയിലെ അർബുദത്തിന്റെപ്രാരംഘട്ട ലക്ഷണങ്ങൾ കണ്ടെത്തുന്നതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
'ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസർ' എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടിയിലെ പ്രൊഫസറായ ഹേം ചന്ദ്ര ജായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായയിൽ കാൻസറുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് ബയോപ്സി പരിശോധനയിലൂടെ ചെറിയൊരു ടിഷ്യൂ എടുത്തു പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. വേദനാജനകമായ ബയോപ്സി, കാൻസർ നിർണയത്തിൽ പ്രധാനമാണെങ്കിലും വേദനാജനകമല്ലാത്ത പുതിയരീതിയിലൂടെ കാൻസറിനെ പ്രാരംഭഘട്ടത്തിൽത്തന്നെ തിരിച്ചറിയാനാവുമെന്നാണ് ഗവേഷകരുടെ വാദം.
ഓറൽ സ്ക്വാമസ് സെൽ കാർസിനോമ, ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്നീ രണ്ട് അവസ്ഥകളെക്കുറിച്ചാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആരോഗ്യമുള്ള വ്യക്തികൾ, ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് ഉള്ളവർ, വായുരോഗമുള്ള രോഗികൾ എന്നിവരിൽ നിന്നാണ് സാമ്പിളുകളെടുത്ത് പരീക്ഷിച്ചത്. ഉമിനീരിലൂടെ വായയുടെ ഉള്ളിൽ നടക്കുന്ന കെമിക്കൽ സിഗ്നലുകളും സ്വാബിലൂടെ ടിഷ്യുവിൽ നിന്ന് നേരിട്ടുള്ള കോശങ്ങളെയും പ്രോട്ടീനുകളെയും ശേഖരിക്കാൻ സാധിക്കും. തുടർന്നാണ് ആരോഗ്യകരമായ ടിഷ്യൂ കാൻസറിനു മുന്നെയുള്ള അവസ്ഥയിലേക്കും കാൻസറിലേക്കും മാറുന്നതിനേക്കുറിച്ച് പരിശോധിച്ചത്.
പല ലക്ഷണങ്ങളും പ്രകടമാകുന്നതിനുമുമ്പുതന്നെ വായയിലെ കാൻസറിന്റെ അടയാളങ്ങൾ ഉമിനീരിലും വായയുടെ ശ്ലേഷ്മ ഉപരിതലത്തിലും ലഭ്യമാകുമെന്ന് ഗവേഷകർ പറയുന്നു. ഇതിലൂടെ രോഗം മുൻകൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഗവേഷകർ വ്യക്തമാക്കി.
ഈ സാങ്കേതികവിദ്യയ്ക്കായി ഗവേഷകർ പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. നിലവിലെ കാൻസർ പരിശോധനകൾക്ക് ബദലല്ലെങ്കിലും ഭാവിയിൽ വേഗതയേറിയതും ചെലവുകുറഞ്ഞതുമായ സ്ക്രീനിംഗ് രീതികളിലേക്ക് സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഓറൽ കാൻസർ നിസ്സാരമാക്കരുത്
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.
വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
പൂർവാർബുദ അവസ്ഥകൾ
ല്യൂക്കോപ്ലാക്കിയ (Leukoplakia)
വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു
ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)
തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .
സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)
കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്
നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)
വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .
ലക്ഷണങ്ങൾ
- വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
- വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
- വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
- ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
- വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
- ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
- വായിൽനിന്നും അകാരണമായ രക്തസ്രാവം
- ശബ്ദത്തിലുള്ള വ്യതിയാനം
- പല്ലുകൾ ഇളകുക
- അകാരണമായി ശരീരഭാരം കുറയുക
വായിലെ കാൻസർ എങ്ങനെ തടയാം ?
- എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
- മദ്യം ഉപയോഗിക്കാതിരിക്കുക.
- സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
- എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.
Content Highlights: Researchers at IIT Indore developed a non-invasive saliva and swab-based technology to detect early oral cancer signs.
Published: 13 Aug 2026, 04:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented