ലോകമെമ്പാടും മരണത്തിന് കാരണമാകുന്ന പ്രധാന വില്ലനാണ് ഹൃദ്രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം പ്രതിവർഷം ഏകദേശം 1.8 മുതൽ 2 കോടി ആളുകൾ മരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷണക്രമം, മാനസിക സമ്മർദ്ദം, വ്യായാമം, പുകവലി, ഉറക്കം തുടങ്ങി നമുക്ക് സ്വാധീനിക്കാൻ കഴിയുന്ന കാരണങ്ങളാണ് പലപ്പോഴും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്. ഒരുകാലത്ത് ഇത് പ്രായമായവരെ മാത്രമാണ് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ രോഗം ചെറുപ്പക്കാരേയും ബാധിച്ചുതുടങ്ങിയിരിക്കുന്നു.
ടെസ്റ്റുകളിലും ശ്രദ്ധവേണം
നെഞ്ചുവേദന ഇല്ല എന്നതുകൊണ്ട് മാത്രം ഹൃദയം ആരോഗ്യകരമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, ഹൃദ്രോഗം പലപ്പോഴും നിശബ്ദമായി ബാധിച്ചേക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രായമായവരും പ്രമേഹമുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം.
വ്യായാമം ചെയ്തതിന് തൊട്ടുപിന്നാലെയോ, സമ്മർദ്ദത്തിലായിരിക്കുമ്പോഴോ, കാപ്പി കുടിച്ചതിന് പിന്നാലെയോ രക്തസമ്മർദ്ദം അളക്കുന്നത് തെറ്റായ ഫലങ്ങൾ നൽകിയേക്കാം. ഒന്നിൽ കൂടുതൽ തവണ അളക്കാതെ ഒരിക്കൽ മാത്രം അളക്കുന്നതും തെറ്റാണ്. അതുപോലെ, പല സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും ഹൃദയമിടിപ്പ് അറിയിക്കുമെങ്കിലും അത് രോഗനിർണയത്തിന് പകരമല്ലെന്ന് തിരിച്ചറിയണം.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി അല്ലെങ്കിൽ കുടുംബത്തിൽ ഹൃദ്രോഗപ്രശ്നം തുടങ്ങിയ അപകട ഘടകങ്ങളുള്ളവർക്ക് സാധാരണ ആരോഗ്യ പരിശോധനകൾ, രക്തപരിശോധനകൾ, ഇസിജി (ഇലക്ട്രോകാർഡിയോഗ്രാമുകൾ), ശാരീരിക പരിശോധനകൾ എന്നിവ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവ ശ്രദ്ധിക്കാം
ശരിയായ ആഹാരം
- പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, മീൻ (ഒമേഗ-3 ഫാറ്റി ആസിഡുകളുള്ള മത്തി, അയല പോലുള്ളവ), ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ, നട്‌സ്) എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
- ഉപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം (പോത്തിറച്ചി, ആട്ടിറച്ചി), കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക.
ചിട്ടയായ വ്യായാമം
- ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമംചെയ്യുക. ശാരീരിക പ്രവർത്തനങ്ങൾ ഹൃദയത്തെ ബലപ്പെടുത്താൻ സഹായിക്കും.
പുകവലി ഒഴിവാക്കുക
പുകവലി ഹൃദ്രോഗത്തിനുള്ള പ്രധാന കാരണമാണ്. പുകവലിക്കുന്നുണ്ടെങ്കിൽ ഉടൻ നിർത്തുക.
മദ്യപാനം നിയന്ത്രിക്കുക
- അമിത മദ്യപാനം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. മദ്യപാനം നിയന്ത്രിക്കുകയോ പൂർണമായി ഒഴിവാക്കുകയോചെയ്യുക.
അമിതവ്യായാമം ആപത്ത്
- വ്യായാമം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ അമിതമായാൽ അമൃതും വിഷമാണ്. തീവ്രമായി വ്യായാമം ചെയ്യുന്നതുമൂലം പെട്ടെന്നുണ്ടാകുന്ന മരണമോ ഹൃദയാഘാതമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമംചെയ്യുക. പതിവായ നടത്തം, ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ശരിയായ ഭാരം നിലനിർത്തുക
ശരീരഭാരം ആരോഗ്യകരമായ നിലയിൽ നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്.
സമ്മർദം കുറയ്ക്കുക
- ധ്യാനം, യോഗ എന്നിവ ശീലമാക്കുകയോ ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുകയോ ചെയ്യുക.
രക്തസമ്മർദം നിയന്ത്രിക്കുക
- ഉയർന്ന രക്തസമ്മർദം ഹൃദയാഘാത സാധ്യത വർധിപ്പിക്കും. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.
കൊളസ്‌ട്രോൾ നിയന്ത്രിക്കുക
- കൊളസ്‌ട്രോൾ നില കൃത്യമായി പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.
പ്രമേഹം നിയന്ത്രിക്കുക
- പ്രമേഹമുള്ളവർ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കണം.
മതിയായ ഉറക്കം
- ഹൃദയാരോഗ്യത്തിന് ആവശ്യമായ ഉറക്കം ഉറപ്പുവരുത്തുക
കൃത്യമായ ആരോഗ്യപരിശോധന
- കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുക. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ കാര്യങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക. ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുകയും മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും ചെയ്യുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Heart disease remains the leading cause of death worldwide, accounting for nearly 18–20 million deaths annually, according to WHO estimates.
Published: 07 Feb 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented