ക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥയായ ഹൈപ്പർ യൂറിസെമിയ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ അങ്ങിനെ രോ​ഗലക്ഷണങ്ങളും ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിവെയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

To advertise here,

യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത്  രക്തക്കുഴലുകളിൽ ഓക്സിഡേറ്റീവ് സ്ട്രെസ്സിന് കാരണമായേക്കാമെന്നാണ് ​ഗവേഷകർ പറയുന്നത്. ഈ ഇൻഫ്ലമേഷൻ എൻഡോതീലിയത്തെ ബാധിക്കും. ഇത് രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പേ ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും. അതിനാലാണ് സന്ധിവേദനയ്ക്കപ്പുറം ഹൃദയാരോ​ഗ്യത്തേയും യൂറിക് ആസിഡ് നില ബോധിക്കുമെന്ന് പറയുന്നത്. കൊളസ്ട്രോളും ധമനികളിലെ തടസ്സവും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നുണ്ട്. ഈ വിഷയങ്ങൾ ഹൃദയാ​രോ​ഗ്യത്തെ ബാധിക്കുമെങ്കിലും ഉയർന്ന യൂറിക് ആസിഡ് നില ആളുകളെ രോ​ഗികളാക്കുന്നതിന്റെ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. 

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം 
ഭക്ഷണം ശ്രദ്ധിക്കാം
പ്യൂരിൻ അധികമുള്ള റെഡ് മീറ്റ്, കരൾ പോലുള്ള അവയവങ്ങളുടെ ഇറച്ചി, നത്തോലി, മത്തി, കക്ക തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഇത് കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ, കഴിക്കുമ്പോൾ കുറഞ്ഞ അളവ് മാത്രമേ കഴിക്കുന്നുള്ളൂ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. 

മദ്യപാനം ഒഴിവാക്കുക 
കുറഞ്ഞ അളവിൽ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ബിയർ കുടിക്കുന്നതും  യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. മദ്യപാനം ഒഴിവാക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും.

നന്നായി വെള്ളം കുടിക്കുക
ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് എട്ട് ​ഗ്ലാസെങ്കിലും വെള്ളം കുടിക്കുക. വെള്ളത്തിന് പുറമെ, നാരങ്ങ, കക്കരിക്ക, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന ഡിറ്റോക്സ് വാട്ടറും നല്ലതാണ്. 

അമിതഭാരം നിയന്ത്രിക്കുക
അമിതഭാരം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും  ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പ്പന്നങ്ങൾ
കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. യോ​ഗർട്ട്, പനീർ എന്നിവയും നല്ലതാണ്. 

മധുരപാനീയങ്ങൾ ഒഴിവാക്കാം
മധുരപാനീയങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും. അതിനാൽ, ഈ ഭക്ഷണങ്ങൾ കുറയ്ക്കുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം വർധിപ്പിക്കുന്നത് തടയാനുമാകും. 

കാപ്പി കുടിക്കാം
ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കിയിരുന്നു.