ലോകത്ത് ഓരോ ദിവസവും 3500 പേര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള കണക്കുകള്‍ പറയുന്നത്. ക്ഷയരോഗം അഥവാ ടിബി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ വിതയ്ക്കുന്ന രണ്ടാമത്തെ അസുഖമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്.  എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് പ്രധാനമായുമുള്ളത്. ഇതില്‍ ഹെപ്പറ്റൈറ്റിസ്-ഡിയെ കാന്‍സറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 

To advertise here,

സംഘടനയുടെ കാന്‍സര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ ആണ് കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെ നിശബ്ദമായി ഉയര്‍ത്തുന്ന വൈറസ്സായ ഹെപ്പറ്റൈറ്റിസ്-ഡിയെ കാര്‍സിനോജന്‍ എന്ന്  വിളിച്ചത്. ഹെപ്പറ്റൈറ്റിസിന്റെ അഞ്ച് തരത്തില്‍ ബി, സി, ഡി എന്നിവയാണ് ഏറ്റവും അപകടകാരികള്‍. ഇവ വര്‍ഷങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കുകയും സാവധാനത്തില്‍ കരളിനെ നശിപ്പിക്കുകയും ചെയ്യുന്നു. 

മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ് ഹെപ്പറ്റൈറ്റിസ്-ഡി. ഹെപ്പറ്റൈറ്റിസ്-ബി ഉള്ളവരെ മാത്രമേ ഇത് ബാധിക്കുകയുള്ളു. ഇത് രണ്ടും ഒരുമിച്ച് വരുന്നത് കൂടുതല്‍ ഗുരുതരമാണ്. ഹെപ്പറ്റൈറ്റിസ്-ബി കാരണം കാന്‍സറുണ്ടാവാനുള്ള സാധ്യതയുണ്ടെങ്കിലും ഇവ രണ്ടും കാണുന്ന ഒരാളില്‍ കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനുള്ള സാധ്യത ആറ് മടങ്ങായി വര്‍ധിക്കുന്നു. 

അണുബാധയുള്ള രക്തം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, കുത്തിവെപ്പുകള്‍, ജനനസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസ് പകരാം. നിറംമാറിയ മൂത്രം, കടുത്ത ക്ഷീണം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പലരും ഈ ലക്ഷണങ്ങളെ അവഗണിക്കുകയോ മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാവുകയോ ചെയ്യുന്നു. 

ഹെപ്പറ്റൈറ്റിസ്-ഡിക്ക് പ്രത്യേകമായി കുത്തിവെപ്പില്ല. ഹെപ്പറ്റൈറ്റിസ്-ബിയുടെ കുത്തിവെപ്പിലൂടെ മാത്രമേ ഇതിനെ ചെറുക്കാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ 147 രാജ്യങ്ങളില്‍ നവജാത ശിശുക്കള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നുണ്ടെങ്കിലും നിലവിലുള്ള കേസുകള്‍ക്കുള്ള ചികിത്സയും പരിശോധനയും  വളരെ പുറകിലാണ്.  ഹെപ്പറ്റൈറ്റിസ് -ഡിക്കെതിരായ മരുന്നുകള്‍ വികസിപ്പിക്കുന്നതേയുള്ളു. ഹെപ്പറ്റൈറ്റിസിനെതിരെ കൃത്യമായ അവബോധം, നേരത്തെയുള്ള പരിശോധന, ചികിത്സ എന്നിവയുണ്ടെങ്കില്‍ 2030-ഓടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം രക്ഷിക്കാന്‍ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.