ഹൃദയാരോഗ്യവും മസ്തിഷ്കാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊറോണറി ആർട്ടറി ഡിസീസ്, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ തുടങ്ങിയ ഹൃദയ സംബന്ധമായ അവസ്ഥകൾ ഉണ്ടായവരിൽ ഓർമ്മശക്തി നശിക്കുകയും ഡിമെൻഷ്യ സാധ്യത കൂടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങി ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളാണ് ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നത്.

To advertise here,

ജെന്യൂറോസി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനപ്രകാരം രോഗനിർണയം നടത്താത്ത ചെറിയ ഹൃദയാരോഗ്യ പ്രശ്നങ്ങൾ പോലും അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുന്നുവെന്ന് പറയുന്നു. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ കോഗ്നിറ്റീവ് ആൻ്റ് ബ്രെയിൻ സയൻസസിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 3.5 വർഷത്തോളം 77 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം ഏകദേശം 55 വയസ്സായിരുന്നു. രോഗനിർണയം നടത്തിയ ഹൃദയസ്തംഭനമുള്ളവരും കൊറോണറി ആർട്ടറി രോഗം സംശയിക്കപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നു. 

മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് രക്തയോട്ടവും ഓക്സിജൻ വിതരണവും പ്രധാനമാണ്. ഹൃദയം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഇത് കാലക്രമേണ മസ്തിഷ്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഹൃദയസ്തംഭനമുള്ള ആളുകൾക്ക് പലപ്പോഴും ഓർമ്മശക്തി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമായ ഹൃദയസ്തംഭനത്തിന് മുമ്പുതന്നെ മസ്തിഷ്കാരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ഗവേഷകർ.

ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുകയും അതേസമയം രോഗം തിരിച്ചറിയാൻ വൈകുകയും ചെയ്യുമ്പോൾപ്പോലും തലച്ചോറിനും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഹൃദയമിടിപ്പിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും മസ്തിഷ്കാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഹൃദയത്തിൻ്റെ പ്രവർത്തനം, തലച്ചോറിൻ്റെ സൂക്ഷ്മ ഘടന, ഓർമ്മശക്തി എന്നിവ കാലക്രമേണ കൂടുതൽ കൃത്യമായി നിരീക്ഷിക്കുകയും മേഖലയിൽ‌ പുതിയ പഠനങ്ങൾ വരേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നുണ്ട്.

പതിവ് പരിശോധനകൾ, രക്തസമ്മർദ്ദം നിയന്ത്രിക്കുക, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഉറക്കമില്ലായ്മ ചികിത്സിക്കുക, പുകവലി ഒഴിവാക്കുക, മദ്യം പരിമിതപ്പെടുത്തുക എന്നിവയെല്ലാം ഹൃദയാഘാതങ്ങളെയും ഹൃദയസ്തംഭനത്തെയും തടയുക മാത്രമല്ല മസ്തിഷ്കത്തിന്റെ ആരോഗ്യം കാക്കാനും പ്രധാനമാണെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

എന്താണ് ഡിമെൻഷ്യ?

ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യാബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.