ആലപ്പുഴ: പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം.

To advertise here,

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ശൈശവവിവാഹം, ബാലാവകാശലംഘനം, ബാലവേല, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ഭിന്നശേഷിക്കാര്‍ നേരിടുന്ന നിയമലംഘനങ്ങള്‍ തുടങ്ങിയവയാണു കണ്ടെത്തേണ്ടത്. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തുനടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയനടപടി.

നിലവില്‍ പൊതുജനാരോഗ്യം, പെണ്‍ഭ്രൂണഹത്യ, സിഗററ്റിന്റെയും പുകയിലയുത്പന്നങ്ങളുടെയും നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ചുമതല മാത്രമാണുണ്ടായിരുന്നത്.

പല നിയമലംഘനങ്ങളും ചിലപ്പോഴൊക്കെ മൂടിവെക്കാറുണ്ട്. ഇത് തടയുകയാണു ലക്ഷ്യം. ആശമാര്‍ നിലവില്‍ വീടുകളില്‍നിന്ന് ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരെയായിരിക്കും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും ചുമതലപ്പെടുത്തുകയെന്നാണു വിവരം.

പുതുതായി കണ്ടെത്തേണ്ട നിയമലംഘനങ്ങളുടെ വിവരങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്കോ പോലീസിനോ ഇവ കൈമാറുന്നതു സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. പരിഷ്‌കാരവുമായി ബന്ധപ്പെട്ടുള്ള പരിശീലനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കും.

പരിശോധിക്കേണ്ട ഇടങ്ങള്‍

പൊതുജനാരോഗ്യ നിയമലംഘനങ്ങളുള്‍പ്പെടെ കണ്ടെത്തുന്നതിനായി പരിശോധിക്കേണ്ട സ്ഥലങ്ങളുടെ വിവരവും പുറത്തിറക്കി.

വീടുകള്‍ക്കു പുറമെ നിര്‍മാണശാലകള്‍, ഫാക്ടറികള്‍, ഭക്ഷ്യവ്യാപാര-വിപണനശാലകള്‍, കന്നുകാലി ഫാമുകള്‍, കശാപ്പുശാലകള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍ എന്നിവയാണിവ.

പുതിയതായി ഉൾപ്പെടുത്തിയ നിയമങ്ങൾ

ഗാർഹികപീഡന, ശൈശവവിവാഹ, ബാലവേല നിരോധന നിയമങ്ങൾ, പോക്‌സോ ആക്ട്, ബാലാവകാശ നിയമം, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ, പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി ആക്ട്, പഞ്ചായത്തീരാജ് ആക്ട്.