കാളികാവ്: 2018-ലെ മഹാപ്രളയകാലം. പാലക്കയം കോളനിയിൽ ഒരു ആദിവാസിയുവതി പ്രസവിച്ചു. സമയം പുലർച്ചെ രണ്ടുമണി. പ്രസവം പൂർണമാകാതെ യുവതിയുടെ ജീവൻ അപകടമുനമ്പിൽ. കോളനിയിലുള്ളവർ സുനുവിനെ വിവരമറിയിച്ചു. അപരിചിതനായ ഒരു ജീപ്പ് ഡ്രൈവറെയും കൂട്ടി രണ്ടരയോടെ അവർ കോളനിയിലേക്ക് തിരിച്ചു.

To advertise here,

ജീപ്പ് പോകുന്നിടത്തോളം പോയി. പിന്നെ നടക്കണം. വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്. കൂരിരുട്ടും കാട്ടരുവിയും പാലവുമൊക്കെ മറികടന്ന് സുനു ആ ഡ്രൈവറെയും കൂട്ടി നടന്നു. യുവതിയുടെ ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. കോളനിയിലെത്തിയ സുനു, പ്രസവമെടുത്തു. അമ്മയും കുഞ്ഞുമായി കാടുതാണ്ടി രാത്രി മൂന്നരയോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. അന്നു ചേക്കേറിയതാണ് ആദിവാസികളുടെ മനസ്സിൽ എം.പി. സുനുവെന്ന ആരോഗ്യപ്രവർത്തക. അവരെ ചേർത്തുപിടിക്കുകയെന്ന ശീലത്തിന് സുനുവും മാറ്റംവരുത്തിയിട്ടില്ല. കാടിനകത്തെ കോളനിയിലെ ഓരോരുത്തർക്കും സുനു പ്രിയങ്കരിയാണ്.

എട്ടുവർഷംമുമ്പാണ് സുനു ആരോഗ്യവകുപ്പിൽ ജെ.പി.എച്ച്.എൻ. ആയി ജോലിയിൽ പ്രവേശിച്ചത്. മലപ്പുറം ജില്ലയിൽ കൂടുതൽ ആദിവാസികോളനികളുള്ള ചാലിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിനുകീഴിലായിരുന്നു ആദ്യ നിയമനം. പാലക്കയം, അമ്പുമല, വെറ്റിലക്കൊല്ലി, വെണ്ണേക്കോട് കോളനികളുടെ ചുമതല സുനുവിനായിരുന്നു.

ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിനുപുറമേ അവരുടെ ജീവിതനിലവാരമുയർത്താനും സുനു ശ്രമിക്കുന്നു. അവധിദിവസങ്ങളിലും അവർ കോളനികളിലുണ്ടാകും. വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് വസ്ത്രം, പോഷകാഹാരം, പഠനോപകരണങ്ങൾ തുടങ്ങിയവ കോളനികളിലെത്തിക്കുന്നു.

ആദിവാസികൾക്ക് അവരിലൊരാളാണ് ഈ ആരോഗ്യപ്രവർത്തക. ചുങ്കത്തറയിലേക്ക് സ്ഥലംമാറിയെങ്കിലും സുനു അവരുടെ മനസ്സിലുണ്ട്. കഴിഞ്ഞദിവസം അകമ്പാടം അങ്ങാടിയിൽക്കണ്ട സുനുവിനെ ആദിവാസികൾ ഓടിവന്ന് കെട്ടിപ്പിടിച്ചു. സഹപ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായപ്രവർത്തനമാണ് ആദിവാസിക്ഷേമത്തിന് പ്രയോജനപ്പെടുത്തുന്നതെന്ന് സുനു പറഞ്ഞു.