
തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. തിരക്കിട്ട ഓട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസം കീർത്തി പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർച്ചയായി 41 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നുവെന്നും അതിനുശേഷമാണ് ഉറങ്ങിയതെന്നും കീർത്തി പറഞ്ഞിരുന്നു. ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായി ഉറങ്ങാൻ കഴിയാതിരുന്നത് നിസ്സാരമല്ലെന്നും രാത്രിയുറക്കം ഒരുമണിക്കൂർപോലും വൈകുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
ദിവസവും ഒരുമണിക്കൂർ ഉറക്കംകുറയുന്നതുപോലും വണ്ണംകൂടാനിടയാക്കും എന്ന് അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. ഉറക്കം കുറയുന്നത് അനുസരിച്ച് അരക്കിലോഗ്രാം വച്ച് കൂടാനിടയാകുന്നു എന്നാണ് പഠനം കണ്ടെത്തിയത്. ഉറക്കക്കുറവ് നേരിടുന്നവരിൽ പിന്നാലെ പലവിധ ജീവിതശൈലീരോഗങ്ങളും കൂടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഉറക്കക്കുറവുള്ളവരിൽ കുടലിനെ ബാധിക്കുന്ന അർബുദം, സ്തനാർബുദം, ഗർഭാശയാർബുദം അല്ലെങ്കിൽ അണ്ഡാശയ കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു. ഹൂസ്റ്റണിലെ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററാണ് പഠനം നടത്തിയത്. 18-നും 50-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷം യുഎസ് പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പങ്കുവെച്ചത്.
നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കുകയും ഉറക്കം കുറയുന്നവരുടെ ആയുർദൈർഘ്യം കുറയുകയും ചെയ്യുമെന്ന് അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത്& സയൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് വലിയ സ്ഥാനമെന്ന് കണ്ടെത്തുകയായിരുന്നു. ആയുസ്സിന്റെ കാര്യത്തിൽ ഉറക്കത്തേക്കാൾ സ്വാധീനം ചെലുത്തുന്ന ഒരേയൊരു ഘടകം പുകവലി മാത്രമാണെന്നും ഗവേഷകർ വ്യക്തമാക്കി.
ഉറക്കക്കുറവ് വൈജ്ഞാനികശേഷിയെ ബാധിക്കാനും ഏകാഗ്രത, ഓർമശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാനുമിടയാക്കും. കൃത്യമായി ഉറക്കം ലഭിക്കാത്തവരിൽ മറവിയും മന്ദതയും അനുഭവപ്പെടാം. കൂടാതെ തലച്ചോറിന്റെ പ്രവർത്തനം താളംതെറ്റി മാനസികാരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കും. ഉറക്കക്കുറവ് നേരിടുന്നവരിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ദീർഘനാളത്തെ ഉറക്കക്കുറവ് ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ക്രമേണ രക്താതിമർദത്തിനും ഹൃദ്രോഗത്തിനും കാരണമാവുകയും ചെയ്യും.
ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും ഉറക്കമില്ലായ്മ ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറയുന്നതിന് ഇത് കാരണമായേക്കും. ക്രമേണ ഭാവിയിൽ ഉപാപചയ രോഗങ്ങൾ ഉണ്ടാകാനും
ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Content Highlights: Lack of sleep is linked to weight gain and metabolic disorders., Chronic sleep deprivation increases the risk of various cancers., Sleep quality significantly influences life expectancy.
Published: 07 Aug 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented