‘’ചൂടുചായ ഊതിയൂതി കുടിക്കാനാണ് ഗുപ്തനിഷ്ടം’’- ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് മിക്കവർക്കും ഓർമയിലുണ്ടാവും. ചായയുടെ കാര്യത്തിൽ ചിലർക്ക് ചൂടോടെ കുടിക്കാനാണ് ഇഷ്ടമെങ്കിൽ ഇനി ചിലർക്ക് ആറിയതിനുശേഷമാണ് ഇഷ്ടം. തിളച്ച അതേ ചൂടോടെ കുടിക്കുന്നവരുമുണ്ട്. അതത്ര നല്ല ശീലമല്ലെന്ന് മാത്രമല്ല ഭാവിയിൽ അർബുദത്തിനുവരെ കാരണമാകാമെന്നും വ്യക്തമാക്കുകയാണ് ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

To advertise here,

ചായയല്ല മറിച്ച് അത് എത്ര ചൂടിലാണ് കുടിക്കുന്നത് എന്നതാണ് അപകടകരമാകുന്നതെന്ന് ഡോ.സുധീർ പറയുന്നു. ദിവസവും 65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിന്റെ ആവരണത്തിന് കേടുപാട് വരുത്തുമെന്ന് അദ്ദേഹം പറയുന്നു. ക്രമേണ ഇത് കടുത്ത വീക്കത്തിനും പിന്നീട് കോശങ്ങളുടെ വ്യതിയാനത്തിനും കാരണമാകും. 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ കുടിക്കുന്ന പാനീയങ്ങൾ അർബുദകാരികളാണെന്ന് ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസി വ്യക്തമാക്കുന്നുണ്ടെന്നും ഡോ.സുധീർ പറയുന്നു.

ഇതിനായി ഇറാനിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പത്തുവർഷത്തിലേറെയായി 50,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചുനടത്തിയ പഠനമാണത്. അക്കൂട്ടത്തിൽ 60ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ ചായ കുടിച്ചവരിൽ ഈസോഫേജിയൽ കാൻസറിനുള്ള (അന്നനാളത്തിലെ അർബുദം) സാധ്യത നാൽപതുശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ചൂടുള്ള ചായ രണ്ടുമിനിറ്റിനുള്ളിൽ കുടിച്ചുതീർത്തവരിൽ അപകടസാധ്യത അമ്പതുശതമാനമായും ഉയർന്നു. ദിവസവും അറുപത് ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചായ 700 മില്ലിയിലേറെ കുടിക്കുന്നവരിൽ അന്നനാളത്തിലുള്ള അർബുദത്തിനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 90ശതമാനം കൂടുതലാണെന്നും കണ്ടെത്തി.

ചായ തയ്യാറാക്കിയതിനുശേഷം നാലഞ്ചുമിനിറ്റ് കഴിഞ്ഞ് അപകടസാധ്യത കുറഞ്ഞ താപനിലയിൽ കുടിക്കുന്നതിലൂടെ അർബുദസാധ്യത കുറയ്ക്കാമെന്നും ഡോ.സുധീർ പറയുന്നു.

ഈസോഫേജിയൽ കാൻസർ

അന്നനാളത്തിൽ കോശങ്ങൾ ക്രമാതീതമായി വളരുന്ന അവസ്ഥയാണിത്. പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്. മദ്യപാനം, പുകവലി എന്നിവയാണ് അർബുദസാധ്യത കൂട്ടുന്ന ഘടകങ്ങൾ. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, ചുമ, ഭാരം കുറയൽ, ദഹനക്കേട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് പ്രധാന വെല്ലുവിളി. അർബുദം നീക്കംചെയ്യാനുള്ള സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയവയാണ് ചികിത്സാരീതികൾ. ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചെയ്യാറുണ്ട്.