നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ വലയുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. ഇതിലേറെയും സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകളും മറ്റും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്. മുൻകാലങ്ങളിൽ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവിസംബന്ധമായ പ്രശ്നങ്ങളിലേറെയും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ ഇത്തരം സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോഗങ്ങളാണെന്ന് വിദഗ്ധർ പറയുന്നു.
നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്നാണ് ഇതിനെ പൊതുവേ പറയുന്നത്. അതായത് ഉച്ചത്തിലുള്ള ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന കേൾവിപ്രശ്നം. ഇയർഫോണുകൾ ഉച്ചത്തിൽ വെക്കുക, ദീർഘസമയം ശബ്ദം ഉയർത്തിവച്ച് കേൾക്കുക തുടങ്ങിയവയൊക്കെ കേൾവിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇയർഫോണുകളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം ചെവിയിൽ വാക്സ് അടിഞ്ഞ് അണുബാധകൾക്കും ചെവിവേദനയ്ക്കും കാരണമാകാറുമുണ്ട്.
യുവാക്കളിലേറെയും 85 ഡെസിബലിനേക്കാൾ കൂടുതൽ ഉച്ചത്തിൽ പാട്ടുകളും മറ്റും കേൾക്കുന്നവരാണ്. ഇത് കേൾവിത്തകരാറിനുള്ള സാധ്യത കൂട്ടുന്നു. നിരന്തരമായി 85 ഡെസിബലിൽ കൂടുതൽ കേൾക്കുന്നത് സ്ഥായിയായ കേൾവി പ്രശ്നങ്ങൾക്ക് കാരണമാകും.
അടുത്തിടെയാണ് ഗായിക അൽക യാഗ്നിക് കേൾവിത്തകരാറുണ്ടായതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം അഥവാ റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥയാണ് അൽകയ്ക്കുണ്ടായത്. 85 ഡെസിബെലിനു മുകളിലുള്ള ശബ്ദത്തിൽ കേൾക്കുന്നത് ഇത്തരം അവസ്ഥയിലെത്താൻ കാരണമാവുമെന്ന് ഈ രംഗത്തെ പ്രഗത്ഭരായ ഡോക്ടർമാർ പറയുന്നു.
സിനിമയും പാട്ടുമൊക്കെ ഉച്ചത്തിൽ കേൾക്കുന്നവരിൽ കേൾവിശക്തി അകലെയല്ലെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. സൗത് കരോലിനയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. 19നും 34നും ഇടയിൽ പ്രായമുള്ള 19,000 പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിലൂടെ 24 ശതമാനം യുവാക്കൾ സുരക്ഷിതമല്ലാത്ത കേൾവിരീതിക്ക് ശീലമായെന്ന് കണ്ടെത്തിയത്. 12നും 34നും ഇടയിൽ പ്രായമുള്ള 48ശതമാനം പേരും സുരക്ഷിതമല്ലാത്ത രീതിയിൽ പാട്ടുകളും മറ്റും കേൾക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു.
ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം ?
- ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
- ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക.
- ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
- മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്.
- ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Content Highlights: headphone use, hearing damage, hearing loss
Published: 25 Sept 2024, 12:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented