കൊച്ചി: എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളം ജില്ലയിൽ വീണ്ടും മരണം. കടവന്ത്ര സ്വദേശിനിയായ ഓമന(61), നേര്യമംഗലം കവളങ്ങാട് മണിക്കിണർ കൈതക്കാട്ടുവീട്ടിൽ സെയ്ത് മുഹമ്മദ്(75) എന്നിവരാണ് മരിച്ചത്. ജൂൺ പത്തിനാണ് ഇരുവരും മരിച്ചത്. ജില്ലയിൽ ഇതോടെ എച്ച്-വൺ എൻ-വൺ ബാധിച്ച് ഈ മാസം മൂന്നുമരണം റിപ്പോർട്ട് ചെയ്തു. മൂന്നിന് ഒരാൾ മരിച്ചിരുന്നു.
ശ്വാസതടസ്സത്തെ തുടർന്നാണ് ഓമന ആശുപത്രിയിൽ മരിച്ചത്. എച്ച്-വൺ എൻ-വൺ ബാധിച്ചിരുന്നതായി ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഓമനയുടെ കുടുംബം പ്രതികരിച്ചു. പനിയും ശ്വാസംമുട്ടും ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് സെയ്ത് മുഹമ്മദ് മരിച്ചത്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ജില്ലയിൽ 13ാം തിയ്യതി പനിമൂലം ചികിത്സ തേടിയിരിക്കുന്നത് 753 പേരാണ്. 16 പേർ അഡ്മിറ്റ് ആയിട്ടുണ്ട്. 17 പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. 34 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കിൽ പെരുമ്പാവൂരിൽ നിന്നും 85 വയസ്സുകാരൻ ഇൻഫ്ലുവൻസ മൂലം ഒൻപതാം തീയതി മരിച്ചു. ജില്ലയിൽ എച്ച്-വൺ എൻ-വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എച്ച്-വൺ എൻ-വൺ രോഗലക്ഷണങ്ങൾ
പനി, ചുമ, തലവേദന, പേശികൾക്കും സന്ധികൾക്കും വേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെയും സാധാരണ ലക്ഷണങ്ങൾ. ചിലർക്ക് ഛർദിയും വയറിളക്കവും ഉണ്ടാകാം. ഒരുപാടുപേർക്ക് ഈ രോഗമുണ്ടാകുമെങ്കിലും കുറച്ചു പേർക്കേ രോഗം ഗുരുതരം ആകുകയുള്ളൂ. ഗർഭിണികൾ, മറ്റുരോഗങ്ങൾ ഉള്ളവർ, പ്രമേഹരോഗികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരിൽ രോഗം ഗുരുതരം ആയേക്കാം.
പ്രതിരോധ മാർഗങ്ങൾ
മാസ്ക് ധരിക്കുക: ആശുപത്രികൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക. രോഗലക്ഷണമുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.
ശുചിത്വം: കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്.
സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയുള്ള കുട്ടികളെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിൽ അയക്കരുത്.
ഗർഭിണികൾ, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾ, അനുബന്ധ രോഗമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഇവർ കൂടുതൽ ജാഗ്രത പാലിക്കണം. സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടണമെന്നും ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
Content Highlights: Three H1N1-related deaths confirmed in Ernakulam district this June., Health department reports rising cases of Influenza, Dengue, and Leptospirosis., Symptoms include fever, cough, body aches, and fatigue.
Published: 14 Jun 2026, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented