കുടലിന്റെ ആരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല. കുടലിന്റെ അനാരോഗ്യം വയറ്റിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, വർധിച്ച ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് പോലും കാരണമായേക്കാം. ദൈനംദിന ജീവിതത്തിൽ കുടലിന്റെ ആരോഗ്യം നശിപ്പിക്കുന്നതും നമ്മെ രോഗികളാക്കുന്നതുമായ ഒരുപാട് തെറ്റുകൾ ചെയ്യാറുണ്ട്. ഈ ശീലങ്ങളെക്കുറിച്ച് പറയുകയാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. ഒരുപാട് വൈകുന്നതിന് മുമ്പ് ശീലങ്ങൾ മാറ്റണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.
അമിതമായി സംസ്കരിച്ച ഭക്ഷണം ഒഴിവാക്കാം
- അമിതമായി സംസ്കരിച്ച് ഭക്ഷണങ്ങളിൽ കൃത്രിമ ചേരുവകൾ, അമിതമായ പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
- ഇവ കഴിക്കുന്നത് Akkermansia muciniphila, Faecalibacterium prausnitzi തുടങ്ങിയ കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നു.
- കുടലിലെ മൈക്രോബയോമിൻ്റെ അസന്തുലിതാവസ്ഥ വീക്കത്തിന് കാരണമാകും. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.
- വീക്കം irritable bowel syndrome, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, ചിലതരം അർബുദങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
- എളുപ്പത്തിൽ ദഹിക്കുന്നവയാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരഭാരം കൂടുന്നതിലേക്കും മോശം ഭക്ഷണശീലങ്ങളിലേക്കും നയിക്കുന്നു.
- ആരോഗ്യകരമായ കുടലിന് UPF-കളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും, നാരുകൾ ധാരാളം അടങ്ങിയതും സംസ്കരിക്കാത്തതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടതുണ്ട്.
അമിതമായ മധുരം
- പഞ്ചസാരയുടെ അളവ് കൂടുതലും നാരുകൾ കുറഞ്ഞതുമായ ഭക്ഷണക്രമം കുടലിലെ ബാക്ടീരിയകളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു.
- അമിതമായ പഞ്ചസാര, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന Bacteroidetes-നെ കുറയ്ക്കുകയും Proteobacteria-യുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥ ശരീരത്തിലുടനീളം വീക്കത്തിന് കാരണമാകും. ഇത് അമിതവണ്ണം, പ്രമേഹം, മറ്റ് ഉപാപചയ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
- ഫൈബറുകളുടെ അഭാവം കുടലിലെ സൂക്ഷ്മാണുക്കളെ ബാധിക്കും. ഇത് ദഹനപ്രശ്നങ്ങൾക്കും രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതിനും കാരണമാകുന്നു.
ധാരാളം പച്ചക്കറികൾ കഴിക്കാം
- പച്ചക്കറികൾ ഗുണകരമായ കുടലിലെ ബാക്ടീരിയകളെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങളും ഫൈബറും നൽകുന്നു.
- പച്ചക്കറികൾ ഒഴിവാക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ വൈവിധ്യം കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
- നാരുകളുടെ അഭാവം ദഹനം മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.
- കുടലിന്റെ ആരോഗ്യം തകരാറിലാകുന്നതോടെ അത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. ഇത് രോഗപ്രതിരോധ ശേഷി ദുർബലമാക്കുകയും, മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
- ധാരാളം പച്ചക്കറികൾ ദിവസവും കഴിക്കുന്നത് കുടലിലെ ആരോഗ്യമുള്ള സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.
അര്‍ധരാത്രിയിൽ സ്നാക്ക്സ് വേണ്ട
- രാത്രി വൈകി കൊഴുപ്പ് കൂടിയതോ പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെയും കുടലിന്റെ പ്രവർത്തനത്തേയും തടസ്സപ്പെടുത്തുന്നു.
- അർധരാത്രിയിലെ ഭക്ഷണം കഴിക്കൽ സാധാരണ ദഹനത്തെ തടസ്സപ്പെടുത്തുകയും, ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, വയറുവീർപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
- രാത്രി വൈകിയുള്ള ലഘുഭക്ഷണം ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് ശരീരത്തിൽ വീക്കത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കും.
ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം
- നിർദേശിച്ച അളവിനപ്പുറം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് കുടലിലെ സ്വാഭാവിക ബാക്ടീരിയകളെ ബാധിക്കുന്നു.
- ദഹനം, രോഗപ്രതിരോധ ശേഷി, കുടലിന്റെ സുസ്ഥിരത എന്നിവയ്ക്ക് അത്യാവശ്യമായ ഉപകാരികളായ കുടൽ ബാക്ടീരിയകളെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം നശിപ്പിച്ചേക്കാം.
- ദീർഘകാലമായുള്ളതോ അനാവശ്യമായതോ ആയ ആന്റിബയോട്ടിക് ഉപയോഗം ഗട്ട് ഡിസ്ബയോസിസിന്(gut dysbiosis) കാരണമാകും. ഇത് അണുബാധകൾ, ദഹന പ്രശ്നങ്ങൾ, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
- കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വൈദ്യോപദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover 5 common habits that can harm your gut health and overall well-being. Learn how to protect your digestive system and boost your health with expert advice.
Published: 11 Oct 2025, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented