ഡെയ്ര്‍ അല്‍ ബലാ: പതിനൊന്നു മാസത്തോളമായി ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന ഗാസയില്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് ജോര്‍ദാനിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്. മൂന്നുകുട്ടികള്‍ക്ക് പോളിയോ സംശയിക്കുന്നതായും അവരുടെ മലവിസര്‍ജ്യ സാംപിള്‍ ജോര്‍ദാനിലെ ലാബില്‍ പരിശോധിക്കുകയാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

To advertise here,

ജൂലായില്‍ ഡെയ്ര്‍ ബലാ, ഖാന്‍ യൂനിസ് തുടങ്ങി ഗാസയിലെ ആറിടങ്ങളില്‍നിന്നുശേഖരിച്ച മലിനജല സാംപിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയിരുന്നു. വരും ആഴ്ചകളില്‍ ഗാസയിലെ 6.4 ലക്ഷം കുട്ടികള്‍ക്ക് രണ്ടു ഡോസായി പോളിയോ തുള്ളിമരുന്ന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. അതിനായി 16 ലക്ഷം ഡോസ് വാക്‌സിന്‍ ഗാസയിലെത്തിക്കാനാണ് യു.എന്നിന്റെ ശ്രമം.

തുള്ളിമരുന്ന് നല്‍കുന്നതിനായി ഏഴുദിവസത്തെ അടിയന്തരവെടിനിര്‍ത്തല്‍ വേണമെന്ന് യൂണിസെഫും ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു. വാക്‌സിന്‍ നല്‍കലിനെ പിന്തുണയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

വാക്‌സിനേഷനായി ഏഴുദിനവെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ഹമാസും അറിയിച്ചു. പോളിയോ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി യുദ്ധം എത്രയുംപെട്ടെന്ന് നിര്‍ത്തണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടു.അതിനിടെ, ശനിയാഴ്ച രാവിലെ ഡെയ്ര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

അടുത്തയാഴ്ച കയ്റോയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമരൂപമാകുമെന്നും ദോഹയില്‍ നടന്ന ദ്വിദിന ചര്‍ച്ച ക്രിയാത്മകമായിരുന്നെന്നും മധ്യസ്ഥരായ ഖത്തര്‍, ഈജിപ്ത്, യു.എസ്. എന്നീ രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.

2017-ല്‍ യുദ്ധബാധിത സിറിയയില്‍ 74 കുട്ടികള്‍ക്ക് പോളിയോ പിടിപെട്ടിരുന്നു. ഗാസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്നനിലയിലാണ്. മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ ഒരെണ്ണം പോലും പ്രവര്‍ത്തനക്ഷമമല്ല. 

യുദ്ധം വിളിച്ചുവരുത്തിയ വില്ലന്‍

കാല്‍നൂറ്റാണ്ടുമുന്‍പ് ഗാസയില്‍നിന്ന് തുടച്ചുനീക്കിയതാണ് പോളിയോ രോഗത്തെ. എന്നാല്‍, യുദ്ധം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് മുടക്കുകയും മലീമസമായ ചുറ്റുപാട് പോളിയോ വൈറസ് പെരുകുന്നതിന് കാരണമാവുകയും ചെയ്തു. യുദ്ധത്തിനുമുന്‍പ് 99 ശതമാനം ഗാസക്കാരും പോളിയോ വാക്‌സിനെടുത്തവരായിരുന്നു, എന്നാലിപ്പോഴത് 86 ശതമാനമാണ്. യുദ്ധം ആരംഭിച്ചശേഷം ജനിച്ച 50000-ലേറെ കുഞ്ഞുങ്ങള്‍ പോളിയോ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് കണക്ക്. ഡിസംബറില്‍ 4.4 ലക്ഷം ഡോസ് തുള്ളിമരുന്നെത്തിച്ചെങ്കിലും 86000 മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ.

യുദ്ധത്താല്‍ ഗാസയിലെ കുടിവെള്ള സ്രോതസ്സുകളെല്ലാം മലിനമാണ്. മലിനജലം ഒഴുക്കിക്കളയാനും മാലിന്യനിര്‍മാര്‍ജനത്തിനും മാര്‍ഗങ്ങളില്ല. ലക്ഷക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥിക്യാമ്പുകളില്‍ ശുദ്ധജലവും ശൗചാലയസൗകര്യങ്ങളും പരിമിതമാണ്. മലമൂത്രവിസര്‍ജ്യം, മലിനമായ കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പോളിയോ വൈറസ് വ്യാപിക്കുക. പാകിസ്താനും അഫ്ഗാനിസ്താനുമാണ് നിലവില്‍ പോളിയോ നിര്‍മാര്‍ജനം ചെയ്യാത്ത രാജ്യങ്ങള്‍. യുക്രൈനിലും യെമെനിലും യുദ്ധത്തിനിടെ പോളിയോബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും സാഹചര്യം ഗാസയിലേതുപോലെ വഷളല്ല.