ആന്റിബയോട്ടിക് പ്രതിരോധം പ്രതിവര്‍ഷം അമ്പത് ലക്ഷം പേരുടെ മരണത്തിനിടയാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്ന സ്ഥിതിവിശേഷമാണിത്. എന്നാല്‍ ആന്റി ഫംഗല്‍ മരുന്നുകളോടും അണുക്കൾ പ്രതിരോധശേഷിയാര്‍ജിക്കുന്നുവെന്നാണ് വിദഗ്ധര്‍ ഇപ്പോൾ പറയുന്നത്.  ഫംഗല്‍ അണുബാധകള്‍ വര്‍ധിച്ചുവരികയാണെന്നും ഇത് പ്രതിരോധിക്കാനായി നല്‍കിയിരുന്ന മരുന്നുകളോട് ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുന്നതായുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഫംഗല്‍ അണുബാധ നിശബ്ദ മഹാമാരിയായി മാറുകയാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

To advertise here,

ഐക്യരാഷ്ട്ര സഭയുടെ വരാനിരിക്കുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ( എ.എം.ആര്‍) ചര്‍ച്ചക്ക് മുന്നോടിയായി 'ദ ലാന്‍സെറ്റ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശരീരത്തിന്റെ ആന്റി ഫംഗല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ഗവേഷകര്‍ നല്‍കുന്നത്. ഫംഗല്‍ അണുബാധകളെ കുറിച്ചും ആന്റി ഫംഗല്‍ പ്രതിരോധത്തെ കുറിച്ചും മതിയായ ചര്‍ച്ചകള്‍ ആരോഗ്യരംഗത്ത് നടക്കുന്നില്ലെന്നും യൂണിവേഴസിറ്റി ഓഫ് മാഞ്ചെസ്റ്ററിലെ മോളിക്കുലാര്‍ ബയോളജിസ്്റ്റായ നോര്‍മാന്‍ വാന്‍ റിന്‍ ലേഖനത്തില്‍ പറയുന്നു. 

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും സര്‍ക്കാരും ഗവേഷകരും ബാക്ടീരിയയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് കൂടുതല്‍ നടത്തുന്നത്. അതിന് പുറമേയുള്ള മറ്റു സൂക്ഷമാണുക്കളിലേക്കും ഗവേഷണങ്ങളും ചര്‍ച്ചകളും വിപുലീകരിക്കണമെന്നും നോര്‍മാന്‍ വാന്‍ റിന്‍ അടക്കമുള്ള അന്താരാഷ്ട ശാസ്ത്രജ്ഞര്‍ ലേഖനത്തിലൂടെ ഉന്നയിക്കുന്നു.

ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി (എ.എം.ആര്‍) ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ഐക്യരാഷ്ടസഭ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ തുടങ്ങിയവയാകും ചര്‍ച്ചാവിഷയം.

ലോകത്താകമാനം പ്രതിവര്‍ഷം 65 ലക്ഷം പേര്‍ക്ക് ഫംഗല്‍ അണുബാധയുണ്ടാകുകയും 38 ലക്ഷം പേര്‍ ഇതുമൂലം മരിക്കുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യസംഘടന 2022ല്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അടിയന്തര നടപടികളെടുക്കാത്തത് സാഹചര്യം ഗുരുതരമാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന ആസ്‌പെര്‍ ഫുമിഗാറ്റസ് പോലുള്ള രോഗങ്ങളാണ് ഫംഗല്‍ അണുബാധകളില്‍ ഏറ്റവും ഗുരുതരമായത്. ഈ രോഗം പെട്ടെന്ന് ബാധിക്കുക പ്രതിരോധ ശേഷി കുറവുള്ളവരേയും പ്രായമുള്ളവരേയുമാണ്. 

നിലവില്‍ നാല് തരത്തിലുള്ള ആന്റി ഫംഗല്‍ മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതിരോധവും വര്‍ദ്ധിച്ചു വരികയാണ്. കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനിയായ ഫംഗിസൈഡുകള്‍ ഫംഗല്‍ അണുബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്ന ആശങ്കയും വാന്‍ റിന്‍ അടങ്ങുന്ന സംഘം ലേഖനത്തില്‍ പങ്കുവെക്കുന്നുണ്ട്.
 

അതിരുവിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാ​ഗങ്ങളും വായിക്കാം