കൊല്‍ക്കത്ത: സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്കും പടരാമെന്നതിന്റെ ആദ്യ ഉദാഹരണം കൊല്‍ക്കത്തയില്‍ കണ്ടെത്തി. കുമിള്‍വര്‍ഗങ്ങളെയും പൂപ്പലിനെയുമൊക്കെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞനിലാണ് (മൈക്കോളജിസ്റ്റ്) ഫംഗസ്ബാധ കണ്ടെത്തിയത്. രണ്ടുവര്‍ഷത്തെ ചികിത്സയ്ക്കും പഠനത്തിനും ശേഷമാണ് ഇതിനു ഡോക്ടര്‍മാര്‍ സ്ഥിരീകരണം നല്‍കിയത്. ലോകത്തുതന്നെ ആദ്യമായാണ് മനുഷ്യനില്‍ ഫംഗസ്ബാധ സ്ഥിരീകരിക്കുന്നത്. ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ ഇത് കടുത്ത ആശങ്കയ്ക്കും കാരണമായി.

To advertise here,

ശബ്ദത്തില്‍ ഇടര്‍ച്ച, ചുമ, ക്ഷീണം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്നാണ് അറുപത്തിയൊന്നുകാരനായ ശാസ്ത്രജ്ഞന്‍ ചികിത്സതേടിയത്. ജോലിയുടെ ഭാഗമായി സ്ഥിരമായി കൂണുകളും പൂപ്പലുകളുമൊക്കെ കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തിന് പ്രമേഹം, വൃക്കരോഗം, എച്ച്.ഐ.വി. ബാധ എന്നിവയോ പഴകിയ മറ്റേതെങ്കിലും അസുഖമോ ഉണ്ടായിരുന്നില്ല. പരിശോധനയിലാണ് സസ്യങ്ങളില്‍ 'വെള്ളിയില ബാധ' സൃഷ്ടിക്കുന്ന 'കോണ്‍ഡ്രോസ്റ്റിറിയം പുര്‍പ്യൂറിയം' എന്ന ഫംഗസാണ് അസുഖകാരണം എന്നു കണ്ടെത്തിയത്. കൊല്‍ക്കത്ത അപ്പാളോ മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഗവേഷകരായ ഡോ. സോമദത്തയും ഡോ. ഉജ്ജയിനി റായിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ പഠന നിരീക്ഷണങ്ങള്‍ 'മെഡിക്കല്‍ മൈക്കോളജി കേസ് റിപ്പോര്‍ട്‌സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൂക്ഷ്മദര്‍ശിനി പരിശോധന, കള്‍ച്ചറിങ് തുടങ്ങിയ പരമ്പരാഗത രീതികളിലൂടെ അസുഖകാരണമായ പാത്തോജന്റെ യഥാര്‍ഥസ്വഭാവം കണ്ടെത്താനായില്ല. തുടര്‍ന്ന് ശ്രേണീകരണത്തിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. സസ്യങ്ങളെ ബാധിക്കുന്ന പൂപ്പല്‍ മനുഷ്യരിലേക്കും പടരുമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അസുഖബാധിതന്‍ ഇപ്പോള്‍ ആരോഗ്യവാനാണ്.