പതിവായി ക്ഷീണവും തളര്‍ച്ചയും തോന്നാറുണ്ടോ? എത്ര വിശ്രമിച്ചിട്ടും രാത്രി മുഴുവൻ ഉറങ്ങിയിട്ടും ഉണർന്നിരിക്കുമ്പോൾ പ്രയാസപ്പെടുന്നുണ്ടോ? ഈ പ്രശ്നം ഒരുപക്ഷേ പലരും വിചാരിക്കുന്നതുപോലെ സമ്മർദ്ദത്തിന്റേതാകണമെന്നില്ല. മറിച്ച്, ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുമാകാം കാരണമെന്ന് പറയുകയാണ് ഡോക്ടർ കുനാൽ സൂദ്. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു.

To advertise here,

ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്. കൂടാതെ, ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ അത് ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിനേയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും.

അമിതമായ ആർത്തവമുള്ള സ്ത്രീകൾ, ഗർഭിണികൾ, സസ്യാഹാരികൾ, ചില പ്രത്യേക രോഗാവസ്ഥകളുള്ള വ്യക്തികൾ എന്നിവർക്ക് ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ അത് അത് വിളർച്ചയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റമിൻ സിയും വേണം

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നത് എളുപ്പമാണെന്നാണ് ഡോക്ടർ പറയുന്നത്. ഇതിനായി ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ ദിനചര്യയിൽ ഉൾപ്പെടുത്താം. അതോടൊപ്പം വിറ്റാമിൻ സി കൂടി ഉണ്ടെന്ന് ഉറപ്പാക്കുക. ഇരുമ്പിനെ കൂടുതൽ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്ത് കഴിക്കാം

  • ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ നല്ലതാണ്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ഇതില്‍ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഇത് മെച്ചപ്പെടുത്തും.
  • റെഡ് മീറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഇവയിലെല്ലാം ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ ഉപകരിക്കും.നിലക്കടലയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
  • ഉലുവയിലയും ഇരുമ്പിന്റെ മികച്ച സ്രോതസാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.ഇരുമ്പിന്റെ മികച്ച കലവറയാണ് ശര്‍ക്കര. അതിനാല്‍ ശര്‍ക്കര കഴിക്കുന്നത് ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ച തടയാനും സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)