ഫിറ്റ്നസ് വീഡിയോകളിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു ജർമനിയിൽ നിന്നുള്ള ബോഡിബിൽഡറായ ജോ ലിൻ‍ഡ്നർ. ജോസ്തെറ്റിക്സ്(Joesthetics) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഫിറ്റ്നസ് വീ‍ഡിയോകൾ പങ്കുവെച്ചിരുന്ന ജോയ്ക്ക് 90 ലക്ഷത്തിൽ പരം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നത്.  ഫിറ്റ്നസിൽ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന മുപ്പതുകാരന്റെ മരണം ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തായ നിച്ച.

To advertise here,

അന്യൂറിസം മൂലമാണ് ജോ മരിച്ചതെന്നും മരണത്തിന് മൂന്നുദിവസം മുമ്പ് കഴുത്തുവേദനയെക്കുറിച്ച് പറഞ്ഞിരുന്നു എന്നും നിച്ച പറയുന്നു. തലേദിവസമാണ് അദ്ദേഹം അന്യൂറിസം ബാധിച്ച് മരിച്ചതെന്നും മുറിയിൽ താനും ഒപ്പമുണ്ടായിരുന്നു എന്നും നിച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. കഴുത്തുവേദന ഉണ്ടെന്ന് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ജോ പറഞ്ഞത്. എന്നാൽ അതിനു പിന്നിലെ കാരണം തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയെന്നും നിച്ച കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ ഓരോ പോസ്റ്റുകളും അതീവ ശ്രദ്ധയോടെ പങ്കുവെച്ചിരുന്നയാളാണ് ജോ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കാനും കരുത്തരാകാനും പറഞ്ഞിരുന്ന ആളാണ് അദ്ദേഹമെന്നും നിച്ച പറയുന്നു.

എന്താണ് അന്യൂറിസം?

മസ്തിഷ്കത്തിലെ രക്തക്കുഴലിൽ ചെറിയ കുമിളകൾ പോലെയും വീക്കം പോലെയും വരികയും അത് മൂലം മസ്തിഷ്‌കത്തിന് സമ്മർദമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം അല്ലെങ്കിൽ സെറിബ്രൽ അന്യൂറിസം എന്ന് അറിയപ്പെടുന്നത്. ഇതിലൂടെ രക്തക്കുഴലുകൾക്ക് ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുന്നതാണ് അപകടകരമാകുന്നത്. ഇത്തരത്തിൽ റപ്‌ച്വേർഡ് അന്യൂറിസം ഉണ്ടാകുന്ന അമ്പത് ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് പതിവ്.

 കാരണങ്ങൾ

അന്യൂറിസത്തിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവർക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രായമാവൽ, കുടുംബാംഗങ്ങളിൽ അന്യൂറിസം ഉള്ളവർ ഉള്ളത്, തലയ്‌ക്കേൽക്കുന്ന പരിക്ക് എന്നിവയും കാരണമാകാം.

ലക്ഷണങ്ങൾ

10 മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ചെറിയ അന്യൂറിസങ്ങൾക്ക് സാധാരണയായി ലക്ഷണങ്ങൾ ഉണ്ടാകാറില്ല. വലിയ അന്യൂറിസങ്ങൾക്ക് ക്ഷീണം, ഇരട്ടക്കാഴ്ച (Double vision), മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, മുഖത്തിന് പ്രത്യേകിച്ച് കണ്ണിന്റെ പിന്നിലുള്ള വേദന എന്നിവയുണ്ടാകാം.

ഓക്കാനവും ഛർദിയും കടുത്ത തലവേദന, കഴുത്ത് അനക്കാനാവാത്ത തരത്തിലുള്ള വേദന, വെളിച്ചത്തിലേക്ക് നോക്കാനാവാത്ത അവസ്ഥ, അബോധാവസ്ഥയിലാവൽ, സന്നി, ഹൃദയാഘാതം, പുറംഭാഗത്തും അടിവയറിലുമുള്ള വേദന, അമിതക്ഷീണം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ വീക്കം, തുടങ്ങിയവയും ഉണ്ടാകാം.

എങ്ങനെ തിരിച്ചറിയാം ?

സെറിബ്രൽ ആൻജിയോഗ്രാഫി, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് അനാലിസിസ് എന്നിവ വഴി രോഗം നിർണയിക്കാം.

പരിശോധനയിലൂടെ അന്യൂറിസം ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തുകയും ഇടയ്ക്കിടെ സ്ഥിതി വിലയിരുത്തുകയും വേണം. പുകവലി ഉപേക്ഷിക്കൽ, രക്തസമ്മർദവും കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കൽ, അമിതവണ്ണമുള്ളവർ അത് കുറയ്ക്കൽ, ചിട്ടയായ ജീവിതരീതി നയിക്കൽ തുടങ്ങിയവ പാലിക്കണം.