രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങൾ ഒരു ബലൂൺ പോലെ പുറത്തേയ്ക്ക് വീർക്കുന്ന രോഗമാണ് അനൂറിസം. രക്തക്കുഴൽ അതിന്റെ ശേഷിക്കപ്പുറം വികസിക്കുമ്പോൾ, അവ പൊട്ടിപ്പോകുകയും തലച്ചോറിലേക്കും അല്ലെങ്കിൽ ചുറ്റുമുള്ള ഇടങ്ങളിലേയ്ക്കും രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു, ചിലപ്പോൾ ജീവനുതന്നെ അപകടമുണ്ടായേക്കാം.

To advertise here,

ഇപ്പോഴിതാ, ശരീരത്തിന്റെ ഒരുഭാഗത്ത് പെട്ടെന്ന് തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അനൂറിസത്തിന്റെ മുന്നറിയിപ്പാകാമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് ക്ഷീണമോ, ഉത്കണ്ഠയോ, താത്ക്കാലിക നാഡീ പ്രശ്നമോ ആണെന്ന് കരുതി അവഗണിക്കരുത്. ഇത് മസ്തിഷ്‌ക അനൂറിസത്തിന്റെ ലക്ഷണമാകാം. രോഗം ചിലപ്പോൾ ലക്ഷണങ്ങൾ കാണിക്കാതെയിരിക്കാം.

ശരീരത്തിന്റെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന തരിപ്പ് മസ്തിഷ്കത്തിലെ സംവേദനത്തെയും ചലനത്തെയും നിയന്ത്രിക്കുന്ന ചില ഭാഗങ്ങളിലെ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്ഷീണമാണെന്ന് തെറ്റിദ്ധരിക്കരുത്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ അത് രക്തസ്രാവത്തിന് കാരണമായേക്കാം.

മസ്തിഷ്‌ക അനൂറിസത്തിന്റെ കാരണമെന്ത്?

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്, പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ. പ്രമേഹം, രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനൂറിസം രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സാധാരണയായി പൊട്ടിപ്പോകാത്ത ബ്രയിൻ അനൂറിസം പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അപൂർവ്വമായി, സമീപഘടനകളിലുള്ള ഞെരുക്കം മൂലം തലവേദനയോ കാഴ്ചക്കുറവോ ഉണ്ടാകാം. മറ്റു കാരണങ്ങളാൽ മസ്തിഷ്‌കത്തിന്റെ സ്‌കാനിംഗ് വേണ്ടിവരുന്ന സാഹചര്യങ്ങളിൽ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതിനു മുമ്പായി അനൂറിസം കണ്ടെത്താൻ സാധിക്കുന്നു.

ഒരു അനൂറിസം പൊട്ടുമ്പോൾ, പെട്ടെന്നുള്ള കടുത്ത തലവേദന, ഛർദ്ദി, കാഴ്ചവൈകല്യം, അപസ്മാരം, കൈകാലുകളുടെ ബലഹീനത അല്ലെങ്കിൽ ബോധം നഷ്ടമാവുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ അനുയോജ്യമായ ചികിത്സ ചെയ്തില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാണ്.

ചികിത്സ തേടേണ്ടത് എപ്പോൾ?

രോഗം സ്ഥിരീകരിച്ചാൽ എത്രയും വേഗം ചികിത്സ തേടണം, പ്രത്യേകിച്ച് അനൂറിസം പൊട്ടിയിട്ടുണ്ടെങ്കിൽ. ഒരിക്കൽ പൊട്ടി നിയന്ത്രണ വിധേയമായ അനൂറിസം വീണ്ടും പൊട്ടുകയാണെങ്കിൽ തീവ്രമായ പ്രശ്‌നങ്ങൾ ഉണ്ടാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)