ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചതിനേക്കുറിച്ചും രണ്ട് ശസ്ത്രക്രിയയിലൂടെ കടന്നുപോയതിനേക്കുറിച്ചുമുള്ള നടി എമിലിയ ക്ലാർക്കിന്റെ തുറന്നുപറച്ചിൽ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസിലൂടെ പ്രസിദ്ധയായ നടി സീരീസിന്റെ ചിത്രീകരണത്തിനിടെ രണ്ട് തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്നും ബ്രെയിൻ അന്യൂറിസമാണ് കാരണമായതെന്നുമാണ് പറഞ്ഞത്. ഏത് നിമിഷവും മരിക്കാമെന്ന ഘട്ടത്തിൽ നിന്നാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണത്തെ താൻ തോൽപ്പിച്ചുവെന്നും അവർ പറഞ്ഞിരുന്നു.
2011-ലും 2013-ലുമാണ് എമിലിയക്ക് ബ്രെയിൻ അന്യൂറിസമുണ്ടായത്. 2011 ഫെബ്രുവരിയിൽ ഗെയിം ഓഫ് ത്രോൺസിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവന്നയുടനാണ് ആദ്യത്തെ ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചത്. അടിയന്തരമായി സർജറി ചെയ്യുകയും ചെയ്തു. സർജറിക്ക് പിന്നാലെ എമിലിയയുടെ തലയുടെ മറുഭാഗത്തും സമാനമായ രീതിയിൽ ചെറിയ അന്യൂറിസമുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. 2013-ൽ സ്ഥിരമായി ചെയ്യുന്ന സ്കാനിങ്ങിനിടെയാണ് അതിന്റെ വലിപ്പം ഇരട്ടിയായെന്ന് കണ്ടെത്തിയത്. വീണ്ടും സർജറി ചെയ്യുകയായിരുന്നുവെന്നും എമിലിയ പറഞ്ഞിട്ടുണ്ട്.
എന്താണ് അന്യൂറിസം?
മസ്തിഷ്കത്തിലെ രക്തക്കുഴലിൽ ചെറിയ കുമിളകൾ പോലെയും വീക്കം പോലെയും വരികയും അത് മൂലം മസ്തിഷ്‌കത്തിന് സമ്മർദമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം അല്ലെങ്കിൽ സെറിബ്രൽ അന്യൂറിസം എന്ന് അറിയപ്പെടുന്നത്. ഇതിലൂടെ രക്തക്കുഴലുകൾക്ക് ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുന്നതാണ് അപകടകരമാകുന്നത്. ഇത്തരത്തിൽ റപ്‌ച്വേർഡ് അന്യൂറിസം ഉണ്ടാകുന്ന അമ്പത് ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് പതിവ്.
കാരണങ്ങൾ
അന്യൂറിസത്തിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവർക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രായമാവൽ, കുടുംബാംഗങ്ങളിൽ അന്യൂറിസം ഉള്ളവർ ഉള്ളത്, തലയ്‌ക്കേൽക്കുന്ന പരിക്ക് എന്നിവയും കാരണമാകാം.
ലക്ഷണങ്ങൾ
10 മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ചെറിയ അന്യൂറിസങ്ങൾക്ക് സാധാരണയായി ലക്ഷണങ്ങൾ ഉണ്ടാകാറില്ല. വലിയ അന്യൂറിസങ്ങൾക്ക് ക്ഷീണം, ഇരട്ടക്കാഴ്ച (Double vision), മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, മുഖത്തിന് പ്രത്യേകിച്ച് കണ്ണിന്റെ പിന്നിലുള്ള വേദന എന്നിവയുണ്ടാകാം.
ഓക്കാനം, ഛർദ്ദി, കടുത്ത തലവേദന, കഴുത്ത് അനക്കാനാവാത്ത തരത്തിലുള്ള വേദന, വെളിച്ചത്തിലേക്ക് നോക്കാനാവാത്ത അവസ്ഥ, അബോധാവസ്ഥയിലാവൽ, സന്നി, ഹൃദയാഘാതം, പുറംഭാഗത്തും അടിവയറിലുമുള്ള വേദന, അമിതക്ഷീണം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ വീക്കം തുടങ്ങിയവയും ഉണ്ടാകാം.
എങ്ങനെ തിരിച്ചറിയാം ?
സെറിബ്രൽ ആൻജിയോഗ്രാഫി, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് അനാലിസിസ് എന്നിവ വഴി രോഗം നിർണയിക്കാം.
പരിശോധനയിലൂടെ അന്യൂറിസം ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തുകയും ഇടയ്ക്കിടെ സ്ഥിതി വിലയിരുത്തുകയും വേണം. പുകവലി ഉപേക്ഷിക്കൽ, രക്തസമ്മർദവും കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കൽ, അമിതവണ്ണമുള്ളവർ അത് കുറയ്ക്കൽ, ചിട്ടയായ ജീവിതരീതി നയിക്കൽ തുടങ്ങിയവ പാലിക്കണം.
Content Highlights: Emilia Clarke's personal experience with two brain aneurysm surgeries., Definition and pathophysiology of cerebral aneurysm
Published: 15 May 2026, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented