തിരുവനന്തപുരം: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിപണനം വ്യാപകമാവുന്നു. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം രാജ്യമെമ്പാടുമായി 3104 മരുന്നുകളാണ് നിശ്ചിത നിലവാരമില്ലെന്നുകണ്ട് പിൻവലിക്കേണ്ടിവന്നത്. 245 വ്യാജമരുന്നുകളും പിടിച്ചെടുത്തിരുന്നു. 2023-24ൽ നിലവാരമില്ലെന്ന് കണ്ടെത്തിയത് 2988 സാംപിളുകളായിരുന്നു.

To advertise here,

സംസ്ഥാനത്തും ആയുർവേദ മേഖലയിൽ അടക്കം മിന്നൽപ്പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും വ്യാജന്മാരെ പൂർണമായി നിയന്ത്രിക്കാനാവുന്നില്ലെന്നാണ് പരിശോധനാ ഉദ്യോഗസ്ഥർ പറയുന്നത്. നവംബറിൽ സംസ്ഥാനത്തും രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന വ്യാജ ഇൻഹെയ്‌ലർ മരുന്നുകൾ പിടിച്ചെടുത്തതിനുപിന്നാലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ തുടർപരിശോധനകൾ നടത്തി കേസെടുത്തിരുന്നു. പിടിച്ചെടുത്തവ സംബന്ധിച്ച വിവരങ്ങൾ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പുറത്തുവിട്ടിട്ടില്ല.

കോടതി നടപടികളുമില്ല

മരുന്നുവിപണനമേഖലയിലെ ചെറുകുറ്റകൃത്യങ്ങൾക്കും സാങ്കേതികപ്പിഴവുകൾക്കും നിസ്സാര പിഴയൊടുക്കി തീർപ്പാക്കുന്നതിന് കഴിഞ്ഞവർഷം കേന്ദ്രസർക്കാർ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിൽ കൊണ്ടുവന്ന ഇളവുകളാണ് ഇപ്പോൾ വ്യാജന്മാർക്ക് രക്ഷയാകുന്നത്.

കോടതി കയറാതെ പിഴയടച്ച് തീർപ്പാക്കാൻ അവസരം വേണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതർക്കുതന്നെ സെൻട്രൽ ഡ്രഗ്‌സ് ആൻഡ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷനെ സമീപിക്കാനാകും. ചില ഉത്തരേന്ത്യൻ നഗരങ്ങളിലെ കൂണുപോലെ മുളച്ചുപൊന്തുന്ന മരുന്നു നിർമാണസ്ഥാപനങ്ങൾക്കുവേണ്ടിയാണ് ഇത്തരം ഇളവുകൾ നൽകിയതെന്നാണ് ആക്ഷേപം.

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗങ്ങളുടെ കൂടി സഹായത്തോടെ രാജ്യമെമ്പാടുമായി 2022 മുതൽ 960 പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും 860 പേർക്കെതിരേ നോട്ടീസ് നൽകുകയോ ലൈസൻസ് റദ്ദാക്കുകയോ പോലെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.

സർക്കാർ ചർച്ചയ്ക്ക് തയ്യാറല്ല

വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്ന് കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനം രാജ്യമെമ്പാടും ദുർബലമാണ്. കമ്പനികൾ 14 ശതമാനം മാത്രം റീട്ടെയിൽ മാർജിൻ നൽകുന്ന മരുന്നുകൾവരെ 40 ശതമാനം വിലകുറച്ച് വിൽക്കുന്നത് എങ്ങനെയാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ചർച്ചചെയ്യാൻ സംസ്ഥാന സർക്കാരും തയ്യാറല്ല.

 

എ.എൻ. മോഹൻ

പ്രസിഡന്റ്, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ.