ബെംഗളൂരു: ആയുര്‍വേദ ചികിത്സയുടെ പേരില്‍ വിലകൂടിയ മരുന്നുകളടക്കം നിര്‍ദേശിച്ച് 48 ലക്ഷം രൂപ തട്ടിയതായി ടെക്കി യുവാവിന്റെ പരാതി. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിവമോഗ സ്വദേശിയായ 29-കാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 'വിജയ് ഗുരുജി' എന്ന പേരുള്ളയാളാണ് ചികിത്സിച്ചതെന്നും ഇയാള്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ച് വൃക്കയുടെ പ്രവര്‍ത്തനമടക്കം തകരാറിലായെന്നും ആരോഗ്യനില മോശമായെന്നും യുവാവിന്റെ പരാതിയിലുണ്ട്.

To advertise here,

ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരംതേടിയാണ് യുവാവ് റോഡരികില്‍ താത്കാലികമായി സ്ഥാപിച്ചിരുന്ന ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ എത്തിയത്. തുടര്‍ന്ന് വിലകൂടിയ വിവിധയിനം മരുന്നുകള്‍ ഇവിടെനിന്ന് നിര്‍ദേശിച്ചു. ചികിത്സകന്‍ പറഞ്ഞ കടയില്‍ മാത്രമേ ഈ മരുന്ന് ലഭിക്കുകയുള്ളൂവെന്നും പറഞ്ഞിരുന്നു. ഇത്തരത്തില്‍ പലതവണകളായി 48 ലക്ഷം രൂപയാണ് മരുന്നിന്റെ പേരില്‍ തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.

2023 മാര്‍ച്ചിലാണ് പരാതിക്കാരന്‍ വിവാഹിതനായത്. ഇതിനുപിന്നാലെ യുവാവിന് ലൈംഗികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ആദ്യം കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇവിടെ ഡോക്ടര്‍മാര്‍ ചില പരിശോധനകള്‍ നിര്‍ദേശിക്കുകയും മരുന്ന് കുറിച്ചുനല്‍കുകയുംചെയ്തു. ഇത്തരത്തില്‍ ഒരുദിവസം ആശുപത്രിയില്‍ പോയസമയത്താണ് റോഡരികിലെ ഒരു താത്കാലിക ആയുര്‍വേദ ചികിത്സാകേന്ദ്രം ശ്രദ്ധയില്‍പ്പെട്ടത്. ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമെന്ന പരസ്യവും ഇവിടെ നല്‍കിയിരുന്നു. ഇതോടെ ചികിത്സാകേന്ദ്രത്തിലെത്തിയ പരാതിക്കാരന്‍ കേന്ദ്രത്തിലുണ്ടായിരുന്ന ആളോട് തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു. 'വിജയ് ഗുരുജി' എന്നയാളാണ് ചികിത്സ നടത്തുന്നതെന്നും ഇയാളുമായി ഉടന്‍തന്നെ കൂടിക്കാഴ്ച നടത്താമെന്നും സ്ഥാപനത്തിലുണ്ടായിരുന്നയാള്‍ പറഞ്ഞു. തുടര്‍ന്ന് അതേദിവസം വൈകീട്ട് കേന്ദ്രത്തിലെത്തിയ പരാതിക്കാരനെ 'വിജയ് ഗുരുജി' എന്ന് പരിചയപ്പെടുത്തയയാൾ പരിശോധിച്ചു.

'ദേവരാജ ഭൂതി' എന്ന അപൂര്‍വ മരുന്നുണ്ടെന്നും ഇത് കഴിച്ചാല്‍ പരിഹാരമുണ്ടാകുമെന്നുമാണ് പരിശോധനയ്ക്ക് ശേഷം ചികിത്സകന്‍ പറഞ്ഞത്. യശ്വന്ത്പുരിലെ ഒരു കടയില്‍ മാത്രമേ ഈ മരുന്ന് ലഭിക്കുകയുള്ളൂവെന്നും ഇത് ഹരിദ്വാറില്‍നിന്ന് കൊണ്ടുവരുന്നതാണെന്നും പറഞ്ഞു. ഒരു ഗ്രാം മരുന്നിന് 1.6 ലക്ഷം രൂപയായിരുന്നു വില. മരുന്ന് വാങ്ങാന്‍ ഒറ്റയ്ക്ക് പോകണമെന്നും അല്ലെങ്കില്‍ ഫലം ലഭിക്കില്ലെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഈ മരുന്ന് വാങ്ങിയ പരാതിക്കാരനോട് ഇതേ മരുന്നിനൊപ്പം മറ്റൊരു തൈലം പുരട്ടണമമെന്നും നിര്‍ദേശിച്ചു. 'ഭാവനഭൂതി തൈലം' എന്ന തൈലത്തിന് ഒരുഗ്രാമിന് 76,000 രൂപയായിരുന്നു വില. ഇത് 15 ഗ്രാം വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ ഭാര്യയില്‍നിന്നും മാതാപിതാക്കളില്‍നിന്നും പണം കടംവാങ്ങിയാണ് യുവാവ് മരുന്നുവാങ്ങിയത്.

ഇതിനുശേഷം പലതവണകളായി 'ദേവരാജ ഭൂതി' മരുന്ന് വാങ്ങാന്‍ ചികിത്സകന്‍ യുവാവിനെ നിര്‍ബന്ധിച്ചു. മരുന്ന് വാങ്ങാന്‍ പണം തികയാതെവന്നതോടെ 20 ലക്ഷം രൂപ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് യുവാവ് മരുന്ന് വാങ്ങിയത്. ഇതിനുശേഷം ഗ്രാമിന് 2.6 ലക്ഷം രൂപവരുന്ന 'ദേവരാജ രസഭൂതി' എന്ന മരുന്ന് വാങ്ങാനും നിര്‍ദേശിച്ചു. ഇതിനായി 10 ലക്ഷം രൂപയാണ് യുവാവ് സുഹൃത്തില്‍നിന്ന് കടം വാങ്ങിയത്. ഇത്തരത്തില്‍ ആകെ 48 ലക്ഷം രൂപ മരുന്നുകള്‍ക്കായി മുടക്കിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഏറെനാളായി മരുന്ന് കഴിച്ചിട്ടും മാറ്റമൊന്നും ഇല്ലാത്തതിനാല്‍ യുവാവിന് സംശയംതോന്നി. എന്നാല്‍, മറ്റുചില മരുന്നുകളാണ് ചികിത്സകന്‍ നിര്‍ദേശിച്ചത്. ഇതും കഴിച്ചാലേ ചികിത്സ പൂര്‍ണമാവുകയുള്ളൂവെന്നും വിശ്വസിപ്പിച്ചു. ഈ മരുന്നിനും കൂടുതല്‍ പണം ആവശ്യപ്പെട്ടു. ചികിത്സ പാതിവഴിയില്‍ നിര്‍ത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് യുവാവ് മറ്റൊരു ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ചികിത്സകന്‍ നിര്‍ദേശിച്ച മരുന്ന് കഴിച്ച് വൃക്കയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ തകരാറിലായെന്ന് കണ്ടെത്തിയതെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ബെംഗളൂരു ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പരാതി ലഭിച്ചതിന് പിന്നാലെ റോഡരികില്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള താത്കാലിക ചികിത്സാ കേന്ദ്രങ്ങളും മരുന്ന് വില്‍ക്കുന്ന കൗണ്ടറുകളും നീക്കംചെയ്യാനും പോലീസ് നിര്‍ദേശിച്ചു.