കാൻസറിനെ അതിജീവിച്ചതിനേക്കുറിച്ച് നിരന്തരം പങ്കുവെച്ചിട്ടുള്ളയാളാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. കാൻസർ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതിനേക്കുറിച്ചും രോഗം സംബന്ധിച്ച അവബോധം പരത്തേണ്ടതിനേക്കുറിച്ചുമൊക്കെ സൊനാലി പങ്കുവെക്കാറുണ്ട്. എന്നാൽ കാൻസർ അതിജീവനത്തിൽ ഓട്ടാഫാഗി എന്ന രീതി തന്നെ ഏറെ പിന്തുണച്ചുവെന്ന സൊനാലിയുടെ തുറന്നുപറച്ചിൽ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. 

To advertise here,

കേടായതോ, ആവശ്യമില്ലാത്തതോ ആയ ഭാഗങ്ങളെ കോശങ്ങൾ സ്വന്തമായി നീക്കം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന രീതി എന്നാണ് ഓട്ടോഫാഗി അറിയപ്പെടുന്നത്. സൊനാലിയുടെ തുറന്നുപറച്ചിലിനു പിന്നാലെനിരവധിപേർ താരത്തെ വിമർശിച്ച് രംഗത്തെത്തി. തെളിയിക്കപ്പെടാത്ത, അശാസ്ത്രീയമായ തെറാപ്പികളെയാണ് സൊനാലി പിന്തുണച്ചതെന്നു പറഞ്ഞാണ് വിമർശനം ഉയർന്നത്. ദി ലിവർ ഡോക്ടർ എന്ന പേരിൽ സാമൂഹികമാധ്യമത്തിൽ അറിയപ്പെടുന്ന ഡോ. അബി ഫിലിപ്സും രൂക്ഷവിമർശനവുമായി എക്സിൽ പോസ്റ്റ് ചെയ്തു. കാൻസർ അതിജീവിതർ, പ്രത്യേകിച്ച് സൊനാലിയെപ്പോലുള്ള താരങ്ങൾ ശാസ്ത്രീയാടിത്തറയുള്ള യുക്തിപരമായ കാൻസർ അതിജീവനയാത്രകൾ പങ്കുവെച്ചുകൊണ്ട് കാൻസർ രോഗികൾക്ക് ആശ്വാസം പകരേണ്ടവരാണെന്നും എന്നാൽ സൊനാലി അത്തരത്തിൽ സഹായിക്കുന്നതിനു പകരം വ്യാജചികിത്സയേയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

2018-ൽ എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ ഈ പഠനം ഏറെ സഹായിച്ചു. എന്റെ നാച്ചുറോപത് ആണ് ഇത് പരിചയപ്പെടുത്തിയത്, അതേക്കുറിച്ച് ഞാൻ കൂടുതൽ പഠിക്കുകയും പിന്തുടരുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു- എന്നാണ് ഓട്ടോഫാഗിയേക്കുറിച്ചുള്ള പഠനം പങ്കുവെച്ച് സൊനാലി എക്സിൽ കുറിച്ചത്.

ഇതിന് ദീർഘമായ കുറിപ്പോടെയാണ് ഡോ. അബി ഫിലിപ്സ് മറുപടി നൽകിയത്.

‘’2018-ൽ നിങ്ങൾക്ക് മറ്റുഭാഗങ്ങളിലേക്കുകൂടി പടർന്ന നാലാംഘട്ട മെറ്റാസ്റ്റേറ്റിക് എൻഡോമെട്രിയൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിങ്ങനെ തീവ്രമായ കാൻസർ ചികിത്സയുടെ ഭാഗമായി നിങ്ങൾ ന്യൂയോർക്കിലേക്ക് മാറി. 2019-ൽ കാൻസർ മുക്തമായെന്ന് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് വരികയും ചെയ്തു. ഒരു ആധുനിക ചികിത്സാ ആശുപത്രിയിൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ചെയ്തതിന്റെ ഭാഗമായാണ് നിങ്ങളുടെ കാൻസർ ഭേദമായതെന്ന് ഞാൻ ആവർത്തിക്കുന്നു. അല്ലാതെ നാച്ചുറോപ്പതി കാരണമല്ല, ഓട്ടാഫാഗി കാരണമല്ല. ശാസ്ത്രീയാടിത്തറയുള്ള മികച്ച ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള പ്രിവിലേജ് നിങ്ങൾക്കുണ്ടായിരുന്നു.’’- ഡോ. അബി ഫിലിപ്സ് കുറിച്ചു.

നാച്ചുറോപ്പതി എന്നത് വ്യാജചികിത്സയാണെന്നും അദ്ദേഹം കുറിച്ചു. പ്രകൃതി ചികിത്സയുടെ മറവിലുള്ള വ്യാജ കാൻസർ ചികിത്സാരീതികൾ ഗുരുതരമായ പ്രശ്നമാണ്. ഫലപ്രദവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സാരീതി വൈകിക്കുന്നതിലൂടെ നിരവധിപേർ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയും ആപത്തിലാവുകയും ചെയ്യുന്നുണ്ട്. നിയമപരമല്ലാത്ത കാൻസർ ചികിത്സകളേക്കുറിച്ച് രോഗികൾക്ക് മുന്നറിയിപ്പ് നൽകാൻ എഫ്ഡിഎ(Food and Drug Administration) നിരവധി കത്തുകൾ പുറത്തുവിട്ടിട്ടുണ്ട്, അതിൽ മിക്കതിലും നാച്ചുറോപ്പതിയേക്കുറിച്ച് പറയുന്നുണ്ട്. ശാസ്ത്രീയമായി പുരോഗമനം കൈവരിച്ച രാജ്യങ്ങളിൽ കാൻസർ ചികിത്സ നൽകുന്നതിൽ നിന്ന് നാച്ചുറോപ്പതുകളെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഓട്ടോഫാഗി എന്നത് ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണെന്നും അതുവേണമെങ്കിലും വേണ്ടെങ്കിലും ശരീരത്തിൽ നടക്കുമെന്നും അദ്ദേഹം കുറിക്കുന്നു. പോഷകങ്ങളുടെ അഭാവത്തിലും കോശങ്ങൾ തകരാറിലാവുമ്പോഴുമൊക്കെ ശരീരത്തിലുണ്ടാകുന്ന കോശങ്ങളുടെ പുനരുപയോഗ സംവിധാനമാണത്. കോശങ്ങളുടെ ആരോഗ്യത്തിന് ഈ പ്രക്രിയ പ്രധാനമാണെങ്കിലും നാച്ചുറോപ്പതുകൾ ഇതിനെ തെറ്റായി ചിത്രീകരിക്കുകയും കാൻസർ പ്രതിരോധത്തിൽ പ്രധാനമാണെന്ന് യാതൊരു തെളിവുമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം പ്രകൃതിചികിത്സാരീതികളും വ്യാജ തത്വങ്ങളും ഉപേക്ഷിച്ച് യഥാർഥ ശാ്ത്രീയാടിത്തറയുള്ള ചികിത്സയെ പുൽകൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

2018-ലാണ് സൊനാലിക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

കുത്തനെ ഉയരുന്ന കാൻസർ നിരക്ക്

2050 ആകുമ്പോഴേക്കും കാൻസർ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നും 35 ദശലക്ഷം പുതിയ രോഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആർ.സി. ( International Agency for Research on Cancer) നടത്തിയ ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്.

ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാമെന്നും പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെയും പ്രതിരോധിക്കാനാവുമെന്നും പറഞ്ഞിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യുമെന്നും കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി.