തൊലി വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇവയുടെ ഉപയോഗം വൃക്കരോഗത്തിലേക്കു നയിച്ചതിനേക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റായ്ഗഡിൽ നിന്നും സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. നവി മുംബൈയിലെ മെഡികോവർ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത്. മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകൾക്കൊടുവിൽ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്.
ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ഹെർബൽ ക്രീമുകള്‍ ഉപയോഗിച്ചത് പ്രശ്നമായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്പ്രനസ് നെഫ്രോപ്പതി. രാസവസ്തുക്കൾ നിറഞ്ഞ മറ്റ് ഉത്പന്നങ്ങളിൽ നിന്നും സുരക്ഷിതമായത് എന്നു വിശ്വസിച്ചാണ് ഇരുവരും ഇതുപയോഗിച്ച് തുടങ്ങിയത്.
ശരീരത്തിൽ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളിൽ പലതിലും മെർക്കുറി ഉൾപ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്.
ഡോക്ടർ നിർദേശിച്ചപ്രകാരമാണ് ഇരുപത്തിനാലുകാരിയായ യുവതി എട്ടുമാസത്തോളം ഈ ഹെർബൽ ക്രീം ഉപയോഗിച്ചത്. അമ്പത്തിയാറുകാരൻ ഒരു ബാർബർ നിർേശിച്ച പ്രകാരമാണ് മൂന്നുമാസത്തോളമായി ക്രീം ഉപയോഗിച്ചുവന്നത്. ഇരു ക്രീമുകളിലും ഹെർബൽ ഘടകങ്ങളേക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നത്. മരുന്നുചികിത്സയ്ക്കൊടുവിൽ ഇരുവരിലേയും മൂത്രത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുകയുമായിരുന്നു. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ഗുണംചെയ്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
വ്യാജ ഫെയർനസ് ക്രീമുകളിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലര്‍ജിക്കും തൊലിപ്പുറത്തെ അര്‍ബുദത്തിനും കാരണമാകും.
ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന
മെർക്കുറി അടങ്ങിയാൽ
മുഖം വെളുപ്പിക്കുന്നവയും (face whitening) പ്രായം കുറച്ച് കാണിക്കുന്നവയുമായ (antiaging) ത്വക് ലേപനങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിലെ ചില ചേരുവകൾ നല്ലവയും ശാസ്ത്രീയമായി തെളിയിച്ചതുമായിരിക്കാം (ഉദാ. വിറ്റാമിൻ എ അഥവാ റെറ്റിനോയ്ഡ്‌സ്). എന്നാൽ ചിലതിൽ വിഷമുള്ള പദാർഥങ്ങൾ (ഉദാ. മെർക്കുറി ) ഉൾപ്പെട്ട വ്യജ ഉത്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. ത്വക്കിന്റെ അവസ്ഥ അനുസരിച്ചു 80 ശതമാനം വരെ മെർക്കുറി ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. എണ്ണമയം കൂടുതൽ ഉണ്ടെങ്കിലോ മുറിവുകൾ ഉണ്ടെങ്കിലോ ഇതിന്റെ അളവ് കൂടാം. ഇത് രക്തം വഴി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുന്നു. മെർക്കുറി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം വൃക്കരോഗങ്ങൾ ഉൾപ്പടെ. നെഫ്രോട്ടിക് സിൻഡ്രോം (Nephrotic syndrome) എന്ന അവസ്ഥ ഇതുമൂലം ഉണ്ടാകാം. ഇത് മൂർച്ഛിച്ചാൽ വൃക്കസ്തംഭനവും സംഭവിക്കാം.
തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം
Content Highlights: fairness cream toxicity causes kidney disease
Published: 24 Feb 2024, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented