ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

Investigation

പ്രതീകാത്മക ചിത്രം

ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസര്‍കോട്‌ ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമാണം എന്നാണ് അറിയുന്നത്. ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്.

ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാർ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകൾ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒന്‍പത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം. നിറം കറുപ്പായതിന്റെ പേരിൽ കളിയാക്കപ്പെടുകയും കാമുകി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന യുവാവിന് 'ദൈവദൂതനെപ്പോലെ' വൈറല്‍ ക്രീം സമ്മാനിക്കുന്ന കൂട്ടുകാരനാണ് ഇതിലെ പ്രധാന വിഷം. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം ക്രീമുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് ജില്ലയില്‍ ത്വക്ക് രോഗത്തെ തുടര്‍ന്ന് യുവാക്കള്‍ വ്യാപകമായി ചികിത്സ തേടിയെത്തിയതോടെയാണ് ഈ ക്രീമുകളുടെ വിൽപനയും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും പുറംലോകമറിഞ്ഞത്. തങ്ങൾ പ്രാദേശികമായി ലഭിക്കുന്ന രണ്ട് ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിച്ചതിനുശേഷമാണ് തൊലിപ്പുറത്ത് ചുവപ്പും കറുപ്പും പാടുകൾ കണ്ടുതുടങ്ങിയെന്ന് അവർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ക്രീമുകള്‍ ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്ഭുതകരമായ മാറ്റങ്ങളാണത്രെ സംഭവിച്ചത്. എന്നാല്‍ ഉപയോഗം നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ചർമം വരണ്ടുണങ്ങുകയും പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. തൃശൂരിൽ ഇത്തരത്തിൽ ക്രീം ഉപയോഗിച്ച് ചർമരോഗം ബാധിച്ച ഒരു യുവാവിന് ഏതാണ്ട് ആറ് മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും ഫലം ലഭിക്കണമെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ചവരെ നഷ്ടപ്പെട്ടേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

കോസ്‌മെറ്റിക്‌ ഉത്പന്നങ്ങൾ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ രാജ്യത്ത് വ്യക്തമായ നിബന്ധനകളുണ്ട്. 1954 ലെ ഡ്രഗ് ആന്റ് മാജിക് റെമഡി ആക്ട് പ്രകാരം, വെളുത്ത നിറത്തെ നല്ലതിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായും കറുപ്പിനെ മോശമാക്കി ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഒരു കോസ്‌മെറ്റിക് ഉത്പന്നം വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ ദ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യയുടെ അംഗീകാരമുണ്ടോ എന്ന് ഉപഭോക്താവ് ശ്രദ്ധിക്കണം. ക്ലിനിക്കല്‍ ട്രയലുകളിലൂടെ കടന്നുപോയതിന് ശേഷമായിരിക്കണം വിപണിയിലെത്തിക്കേണ്ടത്. ഒരു ഉത്പന്നത്തിലെ ചേരുവകൾ എന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാല്‍ ഇപ്പോൾ വൈറലായ ക്രീമുകളുടെ വെബ്‌സൈറ്റുകളിലൊന്നും അതില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ശരീരത്തിന് ഹാനികരമായ പാരബിന്‍സ് പോലുള്ള രാസവസ്തുക്കള്‍, സ്റ്റിറോയ്ഡ്, മെര്‍ക്കുറി, ലെഡ് പോലുള്ള മൂലകങ്ങള്‍ എന്നിവയെല്ലാം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പിഗ്മെന്റേഷന്‍, ചൊറിച്ചില്‍ തുടങ്ങി സ്‌കിന്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ഇവ കൊണ്ടെത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് പുറമെ തൊലിയുടെ നിറം സംബന്ധിച്ച പരസ്യങ്ങൾക്കെതിരേ ലോകമെങ്ങും വലിയ എതിർപ്പ് ഉയരുന്നുമുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് സകല നിയമങ്ങളെയും നോക്കുകുത്തിയാക്കി ഇത്തരം ഉത്പന്നങ്ങൾ പരസ്യം ചെയ്യപ്പെടുന്നതും വിൽക്കപ്പെടുന്നതും.

''ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ വ്യാജ പ്രൊഡക്ടുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന്റെ ഫലമാണ്. തങ്ങള്‍ വിദേശത്ത് നിന്ന് നേരിട്ട് എത്തിക്കുന്ന ക്രീമുകളാണ്. അതിലൊന്നും മായമില്ല. സൈഡ് എഫക്ടുകള്‍ ഇല്ല,'' ഇതാണ് ഇത്തരം ക്രീമുകള്‍ വില്‍ക്കുന്നവരുടെ വാദം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നുമുണ്ട് ഇവർ.

എന്താണ് മെലാനിന്‍? എന്തുകൊണ്ട് മനുഷ്യര്‍ പല നിറത്തിലും കാണപ്പെടുന്നു?

ശരീരത്തിൽ ചർമം, തലമുടി, നേത്രങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്ന വർണ്ണവസ്തുവാണ് മെലാനിൻ (Melanin). മെലമോസൈറ്റ് കോശങ്ങളാണ് ശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കുന്നത്. മെലനോസൈറ്റ് കോശങ്ങൾ എല്ലാവരിലും ഒരേ അളവിലാണ് കാണപ്പെടുന്നത്. എന്നാൽ അവ ഉത്പാദിപ്പിക്കുന്ന മെലാനിന്റെ അളവിലും സ്വഭാവത്തിലും എറ്റക്കുറച്ചിൽ വരാം. അതാണ്, മനുഷ്യർ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാൻ കാരണം.

മാതാപിതാക്കളിൽ നിന്നും അവരുടെ പൂര്‍വികരില്‍ നിന്നും ജനിതകമായി ലഭിക്കുന്ന ഘടകങ്ങളും നിറത്തെ സ്വാധീനിക്കുന്നു. ഭൂമിശാസ്ത്രപരമായുള്ള പ്രത്യേകതകളും നിറം നിര്‍ണയിക്കുന്നതിലെ മറ്റൊരു ഘടകമാണ്. ഉഷ്ണമേഖലയയില്‍ ജീവിക്കുന്നവര്‍ക്ക് അള്‍ട്രാ വയലറ്റ് വികിരണം അധികമായി ഏല്‍ക്കുന്നു. അള്‍ട്രാ വയലറ്റ് രശ്മികളുടെ ആഘാതത്തെ കുറയ്ക്കാന്‍ ശരീരത്തില്‍ കൂടുതല്‍ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ശരീരത്തിന് ഇരുണ്ട നിറം ലഭിക്കുന്നത്. എന്നാല്‍, ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങളിലുള്ളവരില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്നത് താരതമ്യേന കുറവായതിനാല്‍, മെലാനിന്റെ അധിക ഉല്‍പ്പാദനത്തിന്റെ ആവശ്യകത വരുന്നില്ല. അതുകൊണ്ടുതന്നെ അവിടങ്ങളിലുള്ളവരുടെ തൊലി കൂടുതല്‍ വെളുത്തതാകുന്നു. ഇനി ഒരാളുടെ ശരീരത്തില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ മെലാനിന്‍ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചില്‍ വന്നേക്കാം. വെയില്‍ കൊള്ളുന്ന ഭാഗങ്ങളിലും തുടയിടുക്കിലുമെല്ലാം നിറ വ്യത്യാസമുണ്ടായിരിക്കും. ശാസ്ത്രീയമായ വസ്തുതകള്‍പോലും അംഗീകരിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് പലരും ചര്‍മത്തിന് സ്വയം ചികിത്സ നല്‍കുന്നത്.

യൂട്യൂബില്‍ സ്‌കിന്‍ വൈറ്റ്നിങ് എന്ന് സെര്‍ച്ച് ചെയ്താല്‍ ലക്ഷക്കണക്കിന് വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ''ഇങ്ങനെ ചെയ്താല്‍ വെളുത്ത് തുടുത്തിരിക്കും, ഇത്രയും റിസള്‍ട്ട് കിട്ടുമെന്ന് വിചാരിച്ചില്ല. ഈ ഒരൊറ്റ കൂട്ടു മതി നിങ്ങളുടെ ജീവിതം മാറാന്‍'' തുടങ്ങിയ ക്യാപ്ഷനുകള്‍ നല്‍കിയാണ് ആളുകളെ അവ കാണാന്‍ പ്രേരിപ്പിക്കുന്നത്. അത്തരം വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും നിറത്തിന്റെ പേരില്‍ നമുക്കിടയില്‍ ആളുകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ തോത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍. അവരുടെ ഈ മാനസികാവസ്ഥയെ പരമാവധി ചൂഷണം ചെയ്യുന്നതാണ് ഇത്തരക്കാരുടെ വിജയവും..

കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വെയില്‍ ധാരാളമായി കൊള്ളുന്നതിനാല്‍ സ്വാഭാവികമായി നിറം അല്‍പ്പം കുറഞ്ഞിരുന്നു. സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പെട്ടെന്ന്‌ നിറം കൂടുമെന്ന് പറഞ്ഞ് എന്റെ സുഹൃത്ത് ഒരു ക്രീം നല്‍കുന്നത്. ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളില്‍ വളരെ പെട്ടെന്ന്‌ നിറം മാറി. ഏകദേശം ഒരു മാസം ഉപയോഗിച്ചപ്പോള്‍ ക്രീം തീര്‍ന്നുപോയി. പിന്നീട് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖത്ത് ചുവന്നപാടുകളും കലകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചര്‍മം വരണ്ടുണങ്ങി ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഒട്ടും മാറാതെ വന്നപ്പോള്‍ ഡോക്ടറെ കാണുകയായിരുന്നു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് ചര്‍മം പൂര്‍വാവസ്ഥയില്‍ എത്തിയത്- അനുഭവസ്ഥന്‍
കാഴ്ച പോലും നഷ്ടപ്പെടാം

ഡോക്ടര്‍ സൗമ്യ ജഗദീശന്‍,
ഡെര്‍മറ്റോളജിസ്റ്റ്, അസോ
. പ്രൊഫസര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

ഡോക്ടര്‍ സൗമ്യ ജഗദീശന്‍,

ഒന്‍പതോ പത്തോ ദിവസം കൊണ്ട് വെളുപ്പിക്കും എന്ന് പറഞ്ഞ് അവകാശപ്പെട്ടാണ് ക്രീമുകള്‍ വില്‍ക്കുന്നത് എങ്കില്‍ തീര്‍ച്ചയായിരിക്കും അതില്‍ സ്റ്റിറോയ്ഡ് പോലുള്ളവ അടങ്ങിയിരിക്കും. കാരണം അല്ലാതെ നിങ്ങളുടെ മുഖത്ത് ഇത്രയും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുകയില്ല. എന്നാല്‍ സ്റ്റിറോയ്ഡ് മാത്രമുള്ള ക്രീമുകള്‍ ഇവര്‍ അവകാശപ്പെടുന്നതുപോലെ ബ്രീട്ടീഷുകാരെപ്പോലെ വെളുപ്പിക്കുകയില്ല. വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില ക്രീമുകളുണ്ട്. അവ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് നിറത്തിൽ വ്യത്യാസം വരും. എന്നാല്‍ അതു പോലും വളരെ സൂക്ഷിച്ചാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. അത്രയേറെ ഫോട്ടോസെന്‍സിറ്റീവിറ്റിയുള്ള ക്രീമുകളാണ് അവ. അതുപയോഗിച്ചാല്‍ വെയിലത്ത് ഇറങ്ങാന്‍ സാധിക്കുകയില്ല. ചികിത്സ കാലയളവില്‍ ദിവസങ്ങള്‍ ഇടവിട്ട് ഡോക്ടറെ നേരില്‍ കാണുകയും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ത്വക്കിന് പ്രശ്‌നങ്ങളില്ലാത്തവര്‍ ഒരിക്കലും അതുപയോഗിക്കാന്‍ പാടില്ല.

എളുപ്പത്തില്‍ വെളുക്കാന്‍ സൗന്ദര്യ പരീക്ഷണങ്ങള്‍ നടത്തി തൊലിയുടെ ആരോഗ്യം നശിച്ച ഒരുപാട് ആളുകള്‍ ചികിത്സ തേടിയെത്താറുണ്ട്. അവരുടെ മുഖത്ത് സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചതായി പരിശോധയില്‍ നിന്ന് വ്യക്തമാകുണ്ട്. അവരുടെ തൊലിയുടെ കട്ടികുറഞ്ഞ് രക്തക്കുഴലുകള്‍ പുറത്തേക്ക് തെളിഞ്ഞ് കാണും (മുഖം വെളുക്കുന്നതു കൊണ്ടല്ല, ചര്‍മത്തിന്റെ കട്ടികുറയുന്നതുകൊണ്ടാണ് നിറ വ്യത്യാസം തോന്നുന്നത്). ചുവന്നതോ കറുത്തതയോ ആയ പാടുകള്‍ ഉണ്ടായി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തും. അവയുടെ ഏറ്റവും വലിയ പ്രത്യാഘാതം എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതാണ്. ഗ്ലോക്കോമ പോലെയുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. മുഖത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ രക്തക്കുഴലുകളിലേക്ക് അവ ആഗിരണം ചെയ്യുന്നു. അത് രക്തസമ്മര്‍ദ്ദം കൂട്ടുന്നു. അതിന്റെ ഫലമായാണ് കാഴ്ച നശിക്കുന്നത്. അത് കൂടാതെ കണ്ണിന്റെ രക്തക്കുഴലുകളെ ഘടനാപരമായി ബാധിക്കാനും സാധ്യതയുണ്ട്.

ഇത്തരം ക്രീമുകള്‍ക്ക് ഒരു വലിയ ദോഷമുണ്ട്. തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ആദ്യമൊന്നും വലിയ പ്രശ്‌നം തോന്നുകയില്ല. എന്നാല്‍ നിര്‍ത്തുമ്പോള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. മുഖത്ത് മുഴുവന്‍ മുടി വരിക, കുരുക്കള്‍ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരില്‍ കാണാറുണ്ട്. ടോപ്പിക്കല്‍ സ്റ്റിറോയ്ഡ് ഡാമേജ്ഡ് ഫെയ്‌സ് (TSDF) എന്നാണ് ഇതിനെ വിളിക്കുക. ഭാവിയില്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം വരും. സ്റ്റിറോയ്ഡ് പൊതുവേ മുഖത്ത് ഉപയോഗിക്കാറില്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ​സോറിയാസിസ് പോലുള്ള രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.

മാലിദ്വീപില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഒരുപാടാളുകള്‍ ഇതുപോലുള്ള ക്രീമുകള്‍ ഉപയോഗിച്ച് ഇവിടെ ചികിത്സ തേടാറുണ്ട്. ഇതുപോലുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുകളില്‍ ആകൃഷ്ടരായി അതേക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് അവര്‍ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഹെര്‍ബല്‍ ആയുര്‍വേദിക് ക്രീമുകള്‍ പ്രത്യാഘാതങ്ങളില്ലെന്ന് പറഞ്ഞ് ചെറിയ പെണ്‍കുട്ടികള്‍ പോലും ഉപയോഗിക്കുന്നു. ആയുര്‍വേദത്തിന് എതിരായതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ക്ലിനിക്കല്‍ ട്രയലുകള്‍ ഒന്നും നടത്താതെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഇത്തരം വസ്തുക്കള്‍ ചര്‍മത്തില്‍ ഉപയോഗിക്കരുത്.

Content Highlights: skin whitening, lightning creams, social media trend, viral cream, fair skin obsession, side effects


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented