ആലപ്പുഴ: ചത്ത പക്ഷികളുടെ അവശിഷ്ടം, വിസര്‍ജ്യം, തീറ്റ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാഞ്ഞതും പക്ഷിപ്പനി വ്യാപനത്തിനു കാരണമായെന്നു വിദഗ്ധസംഘം. കാക്കയുള്‍പ്പെടെയുള്ള പറവകള്‍ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തിലായതോടെ മറ്റു മേഖലകളിലേക്കും രോഗം പടര്‍ന്നു. കള്ളിങ് വൈകിയതുമൂലം ചത്ത കോഴികളെ കര്‍ഷകര്‍ക്കുതന്നെ കുഴിച്ചിടേണ്ടിവന്നകാര്യം മാതൃഭൂമി നേരത്തേചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവെക്കുന്നതാണ് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടും.

To advertise here,

കോഴിക്കര്‍ഷകര്‍ക്കും ദ്രുതപ്രതികരണസംഘാംഗങ്ങള്‍ക്കും ആരോഗ്യപരിശോധന നടത്താനും വിദഗ്ധസംഘം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷികളെ കൈകാര്യം ചെയ്തതുമൂലം ഇവരിലേക്കു രോഗം പടര്‍ന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണിത്. ചത്തപക്ഷികളെ കുഴിച്ചിട്ട കര്‍ഷകര്‍ക്ക് പ്രതിരോധഗുളികയായ ഒസള്‍ട്ടാമിവര്‍ വിതരണംചെയ്യാത്തവിവരം മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നാംഘട്ട കേന്ദ്ര വിദഗ്ധ പഠനസംഘം തിങ്കളാഴ്ച ജില്ലയിലെത്തി.

മറ്റുകണ്ടെത്തലുകള്‍

  •  ദേശാടനപ്പക്ഷികളില്‍നിന്നു വൈറസ് പടര്‍ന്നിരിക്കാം. രോഗംബാധിച്ച പക്ഷികളുടെ വില്‍പ്പനയിലൂടെയും അവയെ മറ്റിടങ്ങളിലേക്കു മാറ്റിയതിലൂടെയും വൈറസ് പടര്‍ന്നിരിക്കാം.
  • ചേര്‍ത്തലയിലെയും തണ്ണീര്‍മുക്കത്തെയും ബ്രോയിലര്‍ ഇന്റഗ്രേഷന്‍ ഫാമുകളിലെ സൂപ്പര്‍വൈസര്‍മാര്‍ ഫാമുകളില്‍നിന്നു മറ്റു ഫാമുകളിലേക്ക് അനിയന്ത്രിതമായി സഞ്ചരിച്ചതും രോഗംപടരാനിടയാക്കി. ഇത്തരം ബ്രോയിലര്‍ ഫാമുകളില്‍നിന്നും രോഗംബാധിച്ച കാക്കകള്‍ മുഖേനയും അസുഖം പടര്‍ന്നിട്ടുണ്ടാകും.
  •  ഇന്റഗ്രേഷന്‍ ഫാമുകളില്‍ അസുഖമുണ്ടായ വിവരം അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കാന്‍ വൈകിയതിനാല്‍ പ്രതിരോധ നടപടിവൈകിയതും രോഗവ്യാപനത്തിനു കാരണമായി.
  • സംസ്ഥാനത്തിനു പുറത്തു നിന്നുകൊണ്ടുവന്ന പക്ഷികളിലൂടെ രോഗബാധയുണ്ടായിട്ടില്ല. എങ്കിലും, ഇറച്ചിയാവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴികളിലും താറാവുകളിലും വിശദമായി പഠനം നടത്തണം.
  • വനങ്ങളിലുള്ള പക്ഷികളില്‍നിന്നു നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കും പടര്‍ന്നിരിക്കാം.

 

വിദഗ്ധസമിതി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണിക്കുവേണ്ടി മന്ത്രി പി. പ്രസാദ് നിയമസഭയില്‍ അറിയിച്ചു. ഈ രംഗത്തെ കര്‍ഷകരെ സംരക്ഷിക്കുന്നതി നുളളനടപടി സ്വീകരിക്കുമെന്നും സി.കെ. ആശയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

2014 മുതല്‍ സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 62,334 പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ, കോട്ടയം, പത്തനതിട്ട ജില്ലകളിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കും. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ആരോഗ്യമന്ത്രി വിണാ ജോര്‍ജും അറിയിച്ചു. ബംഗാളില്‍ ഇത്തരമൊരു കേസ് റി പ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


മറ്റു ശുപാര്‍ശകള്‍

  •  രോഗബാധിത ജില്ലകളില്‍ മാര്‍ച്ചുവരെ പുതിയ താറാവിനെയോ കോഴിയെയോ റീസ്റ്റോക്കു ചെയ്യരുത്.
  • സര്‍ക്കാര്‍ഫാമുകളില്‍ ഉള്‍പ്പെടെയുള്ള ഹാച്ചറികള്‍ മാര്‍ച്ചുവരെ അടച്ചിടണം.
  • ചത്ത പക്ഷികളുടെയും ഫാമുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെയും അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക.
  • എല്ലാ ജില്ലകളില്‍നിന്നും മൂന്നുമാസത്തിലൊരിക്കല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുക.
  • കുട്ടനാട് മേഖലയില്‍ എല്ലാമാസവും സാംപിളുകള്‍ ശേഖരിച്ച് (2025 മാര്‍ച്ചുവരെ) പരിശോധിക്കുക.
  • ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണവും ജൈവസുരക്ഷാ പരിശോധനയും ശക്തമാക്കുക.
  •  സ്വകാര്യ ഫാമുകളിലെ പക്ഷികളില്‍ അസുഖമുണ്ടായാലുടന്‍ അടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണം. അതു നിയമപരമായി ഉറപ്പാക്കണം.
  • കുട്ടനാടു മേഖലയിലും ദേശാടനപ്പക്ഷികള്‍ തമ്പടിക്കുന്ന മേഖലകളിലും നിരീക്ഷണമേര്‍പ്പെടുത്തണം.
  • ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളില്‍ കര്‍ശനനിരീക്ഷണവും വേണം
  • പക്ഷിപ്പനി നിയന്ത്രണവിധേയമാകുന്നതുവരെ രോഗബാധിതപ്രദേശങ്ങളില്‍ താറാവിന്റെ എണ്ണം ക്രമേണ കുറയ്ക്കണം.
  • നന്നാലു മാസം കൂടുമ്പോഴും സര്‍ക്കാര്‍ സ്വകാര്യ കോഴിവളര്‍ത്തല്‍കേന്ദ്രങ്ങളില്‍ നിര്‍ബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിങ് നടത്തണം.
  • തൊഴിലാളികളുടെ ശുചിത്വവും ജൈവസുരക്ഷാ രീതികളും ഉറപ്പാക്കണം. കുട്ടനാടു മേഖലയില്‍ സഞ്ചരിക്കുന്നതും ജൈവസുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കിയതുമായ ഇറച്ചിസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങണം.
  • അംഗീകൃത അറവുശാലകള്‍ക്കുമാത്രം കോഴി, താറാവ് ഇറച്ചിസംസ്‌കരണത്തിനു ലൈസന്‍സ് നല്‍കുക.
  • കുട്ടനാടു മേഖലയില്‍നിന്നു പുറത്തുള്ള പഞ്ചായത്തുകളിലേക്ക് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന പാടില്ല.
  •  പഞ്ചായത്തുതലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകോപിച്ച് ഏകാരോഗ്യസമിതി രൂപവത്കരിക്കുക.