കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന അറിയിപ്പുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൃത്യമായ മുൻകരുതലുകൾ എടുത്താൽ ഇവ പൂർണ്ണമായും സുരക്ഷിതമാണെന്നും അസോസിയേഷൻ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

ഓർമിക്കേണ്ട പ്രധാന കാര്യങ്ങൾ:
ഇറച്ചിയോ മുട്ടയോ കഴിക്കുന്നതിൽ അപകടമില്ല, എന്നാൽ അവ നന്നായി വെന്തതാണെന്ന് ഉറപ്പുവരുത്തണം. ഇത്തരം ഭക്ഷണസാധനങ്ങൾ 70 ഡിഗ്രി സെൽഷ്യസിൽ (70°C) ചൂടാക്കുമ്പോൾ മൂന്ന് മുതൽ അഞ്ച് മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കും.

എന്നാൽ വേവിക്കാത്തതോ അല്പം മാത്രം ചൂടാക്കിയതോ ആയവ ഒഴിവാക്കുക. പച്ചമുട്ട കുടിക്കുന്നതും, ബുൾസ് ഐ (Bullseye) പോലുള്ള പാതിവെന്ത വിഭവങ്ങളും, ഹാഫ് കുക്ക്ഡ് (Half-cooked) ഇറച്ചിയും മുട്ടയും പൂർണ്ണമായും ഒഴിവാക്കുക. ഇറച്ചി പാകം ചെയ്യുമ്പോൾ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം.

ഫ്രീസറിലെ തണുപ്പിൽ (Freezing temperature) പക്ഷിപ്പനി വൈറസുകൾ നശിക്കില്ല. 4 ഡിഗ്രി താപനിലയിൽ ഒരു മാസത്തിലേറെയും, 32 ഡിഗ്രിയിൽ ഒരാഴ്ചയോളവും വൈറസ് നിലനിൽക്കും. അതിനാൽ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നത് തന്നെയാണ് ഇത്തരം വൈറസുകളെ നശിപ്പിക്കാനുള്ള പ്രധാന മാർഗം.

കോഴി, താറാവ് എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുന്നതും മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നതും ശീലമാക്കുക. രോഗം സ്ഥിരീകരിച്ച മേഖലകളിൽ (Affected Areas) നിന്നുള്ള ഇറച്ചിയും മുട്ടയും വാങ്ങുന്നത് ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളിലെ ഇറച്ചി കൈകാര്യം ചെയ്യുമ്പോൾ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിക്കുന്നതിന് കുഴപ്പമില്ല.