ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം നിർബന്ധമാണ്. വ്യായാമം ശീലമാക്കുന്നതിലൂടെ ഹൃദ്രോഗങ്ങൾ, പലവിധം കാൻസറുകൾ, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനാവും. അൽസ്ഹൈമേഴ്സ് പ്രതിരോധത്തിലും വ്യായാമത്തിന് വലിയ പങ്കാണുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. മധ്യവയസ്സിലും അതിനുശേഷവും വ്യായാമം ശീലമാക്കുന്നതിലൂടെ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാനാവുമെന്നാണ് പഠനത്തിലുള്ളത്.
ജാമാ നെറ്റ്വർക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മധ്യവയസ്സിൽ വ്യായാമം ശീലമാക്കിയവരിൽ അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത 45 ശതമാനം കുറവായിരിക്കുമെന്ന് കണ്ടെത്തി.
4300 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കകാലത്ത് അൽസ്ഹൈമേഴ്സ് രോഗം സ്ഥിരീകരിക്കാത്തവരായിരുന്നു ഇവരെല്ലാം. ഇവരിലെ ഉറക്കത്തിന്റെ രീതി, വ്യായാമം, ഉദാസീനമായ ജീവിതശൈലിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു. 26 വയസ്സു മുതൽ 34 വയസ്സുവരെ, നാൽപത്തിയഞ്ചു മുതൽ അറുപത്തിനാല് വരെ, അറുപത്തിയഞ്ചു മുതൽ എൺപത്തിയെട്ടു വരെ എന്നിങ്ങനെ ജീവിതത്തെ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചായിരുന്നു പഠനം.
മധ്യവയസ്സിൽ വ്യായാമം തുടങ്ങുന്നതുപോലും മസ്തിഷ്കാരോഗ്യം കാക്കുന്നതിൽ പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പഠനം. വ്യായാമത്തിലൂടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഘടനയെയും മെച്ചപ്പെടുത്താനും അതുവഴി വീക്കം കുറയ്ക്കാനും കഴിയുമെന്നും ഗവേഷകർ പറയുന്നു.
അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ
മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന് പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.
Content Highlights: Discover how regular exercise, especially in middle age, can significantly reduce Alzheimer`s and dementia risk
Published: 29 Nov 2025, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented