ഇന്ത്യയിലെ ചെറുപ്പക്കാരിൽ കരൾ രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എനർജി ഡ്രിങ്കുകൾ ആണെന്ന് ഡോ. അഭിദീപ് ചൗധരി. കരൾദിനത്തോട് അനുബന്ധിച്ച് ഐഎഎൻഎസിനോട് സംസാരിക്കവേയാണ് ന്യൂഡൽഹിയിലെ ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ അഭിദീപ് ഇക്കാര്യം വ്യക്തമാക്കിയത്.
എനർജി ഡ്രിങ്കുകളുടെ അമിതോപഭോഗം കരളിന്റെ ആരോഗ്യത്തെ സാരമായി തകരാറിലാക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. ചെറുപ്പത്തിലേ പലരും കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. ക്ഷീണമകറ്റാനെന്ന പേരിൽ വിപണിയിൽ പുറത്തിറക്കുന്ന ഇവയിൽ പലതിലും കഫീന്റെ അളവ് ഗണ്യമായ തോതിൽ കൂടുതലാണ്. ഒപ്പം ടോറിൻ, ഹെർബൽ ചേരുവകൾ എന്നിവയുമുണ്ടാവും. കാലങ്ങളായുള്ള ഇവയുടെ അമിതോപയോഗം കരളിന്റെ പ്രവർത്തനം തകരാറിലാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൂടാതെ മദ്യവും എനർഡി ഡ്രിങ്കുകളും മിക്സ് ചെയ്ത് ഉപയോഗിക്കുന്ന രീതിക്കെതിരെയും ഡോക്ടർ പറയുന്നുണ്ട്. എനർജി ഡ്രിങ്കുകളിലെ ചില ഉത്തേജക ഘടകങ്ങൾ മദ്യത്തിന്റെ പാർശ്വഫലങ്ങളെ മറയ്ക്കുകയും ഇതുവഴി കൂടുതൽ മദ്യപിക്കാൻ കാരണമാവുകയും ചെയ്യും. എനർജി, ഡ്രിങ്കുകൾ,ഉയർന്ന മധുരമുള്ള പാനീയങ്ങൾ, മദ്യം എന്നിവയാണ് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളെന്ന് ഡോ.അഭിദീപ് പറയുന്നു. ഇതിൽ കരൾ രോഗങ്ങളിലേക്ക് നയിക്കുന്ന സുപ്രധാനഘടകം മദ്യം തന്നെയാണ്. മധുര പാനീയങ്ങൾ ഫാറ്റി ലിവർ ഡിസീസ് സാധ്യതകളും കൂട്ടുന്നു.
കരളിന്റെ പ്രവർത്തനം ഒരുഘട്ടമെത്തുമ്പോൾ തീരെ പ്രവർത്തിക്കാതെയായാൽ കരൾമാറ്റിവെക്കൽ മാത്രമാവും പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപത്തിയഞ്ചുമുതൽ മുപ്പതുശതമാനം വരെ വരുന്ന ജനങ്ങൾ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗബാധിതരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിതശൈലിയുടെ ഭാഗമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ കരുതൽ വേണമെന്ന് വ്യക്തമാക്കുകയാണ് വിദഗ്ധർ.
2050 ആകുമ്പോഴേക്ക് ആഗോളതലത്തിൽ ഇരുന്നൂറുകോടിയിലേറെ പേർ ഫാറ്റിലിവർ ഉള്ളവരാകാമെന്ന് ലാൻസെറ്റ് ഗ്ലോബൽ അടുത്തിടെ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു.
എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?
വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമ വസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
എനർജി ഡ്രിങ്കുകളിലെ കഫീൻ, നയാസിൻ, ഹെർബൽ ചേരുവകൾ എന്നിവ കരളിന്റെ ആരോഗ്യം തകരാറിലാക്കും. ദീർഘകാലമായുള്ള ഉപയോഗം കരൾവീക്കം, കരളിൽ കൊഴുപ്പടിയുക തുടങ്ങിയവയ്ക്ക് കാരണമാവും. ക്രമേണ ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് തുടങ്ങിയവയിലേക്കും നയിക്കാം.
എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാകും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരമമാകുന്നുണ്ട്. അതിനുകാരണം എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.
കൂടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. കൂടാതെ പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.
മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250മില്ലിയിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.
Content Highlights: Excessive energy drink consumption is linked to rising liver disease in youth., High caffeine and herbal ingredients in energy drinks strain liver function.
Published: 20 Apr 2026, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented