നമ്മുടെയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒരു പ്രധാന ഭക്ഷണങ്ങളിൽ ഒന്നായിരിക്കും വാഴപ്പഴം. പോഷകങ്ങളുടെ കലവറയാണ് ഇവ. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ പല രീതിയിൽ നാം കഴിക്കാറുമുണ്ട്. എന്നാൽ, ദിവസേന ഒരു വാഴപ്പഴം കഴിക്കുന്നത് നമ്മുടെ ഭക്ഷണക്രമത്തിന് ചേർന്നതാണോ? ഇതിന്റെ ശാസ്ത്രീയമായ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.

To advertise here,

ഊർജ്ജം ലഭിക്കുന്നു

ഒരു നേന്ത്രപ്പഴത്തിൽ നിന്ന് ഏകദേശം 100 കലോറി ഊർജ്ജം ലഭിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും ചേരുന്നതോടെ വ്യായാമത്തിന് മുമ്പും രാവിലെയുണ്ടാകുന്ന വിശപ്പകറ്റാനും  പറ്റിയ മികച്ച ഭക്ഷണമായി പഴം മാറുന്നു.

ദഹനം മെച്ചപ്പെടുത്തും

ദിവസവും വാഴപ്പഴം കഴിക്കുന്നത് വഴി കൂടുതൽ ഡയറ്ററി ഫൈബറും പ്രീബയോട്ടിക് സ്റ്റാർച്ചുകളും ശരീരത്തിലെത്തുന്നു. ഇത് കുടലിൻ്റെ ആരോഗ്യത്തിനും, മലബന്ധം ഒഴിവാക്കുന്നതിനും നല്ലതാണ്. വയറിന് അസ്വസ്ഥതകളുണ്ടാക്കാത്ത ഭക്ഷണമായും 'BRAT'(bananas, rice, applesauce, toast) ഡയറ്റിന്റെ ഭാഗമായും പലരും പഴത്തെ കണക്കാക്കുന്നു.

രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു

ഒരു വാഴപ്പഴത്തിൽ ഏകദേശം 400-450 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയം സന്തുലിതമാക്കാൻ സഹായിക്കുന്നു. കുറഞ്ഞ സോഡിയം, ഉയർന്ന പൊട്ടാസ്യം, നാരുകൾ എന്നിവ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് നല്ലതാണ്.

ആവശ്യമായ വൈറ്റമിനുകൾ

വൈറ്റമിൻ ബി6, വിറ്റാമിൻ സി, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ ഭക്ഷണം കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ രഹിതവുമാണ്.

വയറുനിറഞ്ഞതായി തോന്നുന്നു

വാഴപ്പഴത്തിൽ നാരുകളും റെസിസ്റ്റൻ്റ് സ്റ്റാർച്ചും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പില്ലാതിരിക്കുന്നതിനും അതുവഴി അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനും സഹായിക്കും. മധുരത്തോടോ ജങ്ക് ഫുഡിനോടോ ഉള്ള ആസക്തി കുറയ്ക്കാൻ വാഴപ്പഴം ലഘുഭക്ഷണമായി കഴിക്കുന്നത് സഹായിക്കുമെന്ന് ഡയറ്റീഷ്യൻമാരും അഭിപ്രായപ്പെടുന്നു.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് സാധാരണയായി സുരക്ഷിതമാണ്. എങ്കിലും, അത് അമിതമായി കഴിക്കുന്നതിനെതിരെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

  • വൃക്കസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിലോ ചില മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലോ ഒന്നിലധികം വാഴപ്പഴം കഴിക്കുന്നത് hyperkalemia(പൊട്ടാസ്യം കൂടുന്ന അവസ്ഥ) -യ്ക്ക് കാരണമായേക്കാം.
  • സ്വാഭാവികമാണെങ്കിലും വാഴപ്പഴത്തിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)