അതിജീവനകാലം കുറവും പരിമിതമായ ചികിത്സയും മൂലം അപകടകാരിയായ അർബുദം എന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോഴേക്കും രോഗം ശരീരത്തിന്റെ പലഭാഗങ്ങളിലും വ്യാപിച്ചിരിക്കും. പാൻക്രിയാറ്റിക് കാൻസർ ലക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ച ഞെട്ടിക്കുന്ന ചില സത്യങ്ങൾ എന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭഘട്ടങ്ങളിൽ വേദന ഉണ്ടാകില്ലെന്നതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുമ്പോഴേക്കും കാൻസർ വ്യാപിച്ചു തുടങ്ങിയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ആദ്യകാലങ്ങളിൽ പ്രകടമാകുന്ന ലക്ഷണങ്ങളിൽ പലതും ശ്രദ്ധിക്കപ്പെടാതെപോകും എന്നതാണ് മറ്റൊരു പ്രധാനകാര്യമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പുറംഭാഗത്ത് ചെറിയതോതിലുള്ള അസ്വസ്ഥത, പെട്ടെന്നുണ്ടാകുന്ന പ്രമേഹം, വണ്ണം കുറയുക തുടങ്ങിയ ലക്ഷണങ്ങളെ ആരും അർബുദത്തിന്റേതായി സംശയിക്കാത്തതാണ് ആ വെല്ലുവിളിയെന്നാണ് ഡോ.സൗരഭ് പറയുന്നത്.

അമ്പതു വയസ്സിനുശേഷം പ്രമേഹം സ്ഥിരീകരിക്കുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണെന്ന് ഡോ. സൗരഭ് പറയുന്നു. ഇൻസുലിനെ നിയന്ത്രിക്കുന്നത് പാൻക്രിയാസ് ആണ്. ഒരു ട്യൂമറിന് ഈ പ്രവർത്തനത്തിൽ തടസ്സമുണ്ടാക്കി പ്രമേഹം സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.

കാഴ്ചയിൽ പ്രകടമായേക്കാവുന്ന ആദ്യലക്ഷണങ്ങളിലൊന്ന് ചർമത്തിലെ മഞ്ഞനിറമാവും. ട്യൂമർ പിത്തരസനാളിയിൽ തടസ്സം സ‍ൃഷ്ടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മഞ്ഞപ്പിത്തം ഉണ്ടാകുന്നതെന്നും പലപ്പോഴും വളരെ വൈകിയാവാം ഈ ലക്ഷണം പ്രകടമാവുക എന്നും അദ്ദേഹം പറയുന്നുണ്ട്.

പലപ്പോഴും നിസ്സാരമാക്കി വിടുന്ന മറ്റൊരു ലക്ഷണവും പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയായേക്കാം എന്ന് അദ്ദേഹം പറയുന്നുണ്ട്. എണ്ണമയമുള്ള പാറിക്കിടക്കുന്നതുപോലുള്ള മലവിസർജനം ആണത്. പാൻക്രിയാസ് എൻസൈമുകൾ ഉത്പാദിപ്പിക്കുന്നത് നിർ‍ത്തുമ്പോൾ കൊഴുപ്പ് ദഹിക്കാതെ പുറത്തേക്ക് പോവുന്നതുകൊണ്ടാണിത്. മാസങ്ങളോളം ഇത്തരത്തിൽ പോയാലും പലരും വകവെക്കാറില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

കുടുംബത്തിൽ അടുത്തബന്ധത്തിൽ ആർക്കെങ്കിലും പാൻക്രിയാറ്റിക് കാൻസർ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത് രോഗസാധ്യത രണ്ടുമുതൽ അഞ്ചുമടങ്ങായി വർധിപ്പിക്കുന്ന ഘടകമാണിത്. പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരണത്തിൽ ജനിതകഘടകങ്ങൾക്കും പ്രാധാന്യമുണ്ട്.

പാൻക്രിയാസിന് കാലങ്ങളോളം വീക്കമുണ്ടെങ്കിൽ അതും അർബുദത്തിന്റെ സാധ്യത കൂട്ടുമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു. ഇത് വേദനാജനകമാണെന്ന് മാത്രമല്ല കാൻസർ സാധ്യത കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.

വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.