ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിനേക്കുറിച്ച് നടി സാമന്ത റൂത് പ്രഭു ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. ഈ രീതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി 'ദി ലിവർ ഡോക്ടർ' എന്നപേരിലറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തി. ആരോ​ഗ്യത്തെ അപകടകരമാക്കും വിധത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഡോ. സിറിയക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താൻ ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ലെന്നും വാക്കുകൾ കടുത്തുപോയെന്നും സ്വന്തം അനുഭവമാണ് പങ്കുവെച്ചതെന്നും സാമന്ത പറയുകയുണ്ടായി. സാമന്ത ഇരവാദം കളിക്കുകയാണെന്നും കൂടുതൽ സമാന്തര ചികിത്സകളെ പ്രോത്സാഹിക്കുന്ന മറുപടിയാണ് നൽകിയതെന്നും ഡോ.എബിയും കുറിച്ചു. ആരോ​ഗ്യരം​ഗത്ത് തെറ്റായ വിവരങ്ങൾ നൽകി തുടർച്ചയായി തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് സാമന്തയെന്നും മുൻപും ഇത് ചെയ്തിട്ടുണ്ടെന്നും ഡോക്ടർ കുറിച്ചിരുന്നു. ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. സിറിയക് എബി ഫിലിപ്സ്. വസ്തുതകൾ ചൂണ്ടിക്കാട്ടി താൻ പറഞ്ഞകാര്യങ്ങൾ പിൻവലിക്കാനില്ലെന്ന് പറയുന്നതിനൊപ്പം സാമന്തയോടു പറഞ്ഞ രീതി അവർക്ക് ബുദ്ധിമുട്ടായെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ഡോ. സിറിയക് എബി കുറിച്ചു. 

To advertise here,

കുറിപ്പിലെ പ്രസക്തഭാ​ഗങ്ങൾ

ആരോ​ഗ്യരം​ഗത്തെ തെറ്റായ വിവരങ്ങൾക്കെതിരെ കാലങ്ങളായി താൻ പോരാടിക്കൊണ്ടിരിക്കുകയാണെന്നും അത് അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞാണ് ഡോക്ടറുടെ നീണ്ട കുറിപ്പ് ആരംഭിക്കുന്നത്. അത്തരം തെറ്റായ വിവരങ്ങളേക്കുറിച്ച് നിരന്തരം സംസാരിക്കുകയും അവ പങ്കുവെക്കുന്ന ആളുകളെ ഉദാഹരിക്കുകയും ചെയ്യുക എന്നതാണ് അതിനുള്ള വഴിയെന്നും അദ്ദേഹം പറയുന്നു. 

വൈറൽ അണുബാധയ്ക്ക് ഹൈ‍ഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്യുന്ന തെറ്റായ വിവരം പങ്കുവെച്ച് പൊതുജനാരോ​ഗ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന സാമന്തയെ ചൂണ്ടിയുള്ള തന്റെ വാക്കുകൾ അൽപം മൃദുവായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന്‌ നിരവധിപേർ തനിക്ക് സന്ദേശമയച്ചിരുന്നു. വസ്തുതാപരമായ ഉറവിടങ്ങളാണെന്ന് കരുതിയ ഈ ഡോക്ടർമാരെ ഉദ്ധരിച്ച്, വസ്തുതാപരിശോധന നടത്താതെ അവരുടെ അഭിപ്രായങ്ങൾ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി പങ്കുവെച്ചു. ചിലരാകട്ടെ സാമന്തയെ വിമർശിക്കുന്നതിനു പകരം അവരുടെ ഡോക്ടർമാരുമായി സംവദിക്കാൻ ആവശ്യപ്പെട്ടു. 

താനൊരു ക്ലിനിക്കൽ ‍ഡോക്ടറാണ്. മെഡിക്കൽ സ്കൂളിലേക്ക് ചുവടുവച്ചതുമുതൽ ദയയും ധാർമികതയും സഹാനുഭൂതിയുമൊക്കെ തന്നിലുണ്ട്. ഇത് ക്ലിനിക്കൽ പ്രാക്റ്റീസിലൂടെ മാത്രമേ വളരുകയുള്ളൂ. എന്നെ അറിയിക്കുന്നവർക്ക്, ഞാൻ എങ്ങനെയാണ് ആളുകളോടും രോ​ഗികളോടും അവരുടെ കുടുംബത്തോടും നിൽക്കുന്നതെന്ന് അറിയാം. വസ്തുതകൾ തുറന്നുപറയുമ്പോൾ ഇന്റർനെറ്റിലെ അപരിചിതരോട് ദയ കാണിക്കുകയോ മറുപടി നൽകുകയോ ചെയ്യേണ്ട കാര്യമില്ല. ചില സാഹചര്യങ്ങളിൽ മെഡിക്കൽ രം​ഗത്തെ തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏകവഴി വസ്തുതകൾ ക്രൂരമായി തന്നെ തുറന്നുപറയുക എന്നതാണ്.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഏകദേശം പത്തു വർഷത്തോളമായി സ്വതന്ത്രമായി മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന താൻ ഏറ്റും ​വിട്ടുമാറാത്ത രോ​​ഗമുള്ള, ലിവർ ഫെയിലിയർ രോ​ഗികളേയാണ് ചികിത്സിക്കുന്നത്. സാമന്ത പറഞ്ഞതുപോലുള്ള 'ഡോക്ടർമാർ' എങ്ങനെയാണ് ​ഗുരുതര രോ​ഗികളുടേയും കുടുംബത്തിന്റേയും നിസ്സഹായതയേയും അറിവില്ലായ്മയേയും ആശയക്കുഴപ്പത്തേയും മാനസികാവസ്ഥയേയുമൊക്കെ കീഴക്കുന്നതെന്ന് തനിക്കറിയാം. അവർ ഡോക്ടർമാരല്ല. അവർ ബിസിനസ്സുകാരമാണ്. മെഡിക്കൽ രം​ഗത്തിന് സംഭവിക്കാവുന്നതിന്റെ ഏറ്റവും മോശം അവസ്ഥയാണവർ. അത്തരക്കാരുമായി സംവദിക്കാൻ തനിക്കൊന്നുമില്ല. 

സാമന്ത പങ്കുവെച്ച രണ്ടു‍ഡോക്ടർമാരേക്കുറിച്ചും ഡോ. എബി സിറിയക് കുറിക്കുന്നുണ്ട്. അതിലൊരാൾ ഡോ. മിത്ര ബസു ഛില്ലർ ആണ്. അദ്ദേഹം ഡോക്ടർ ആയിരുന്നിക്കാമെന്നും അതു തെളിയിക്കാനുള്ള രജിസ്ട്രേഷനുകളോ സർട്ടിഫിക്കറ്റുകളോ ഉണ്ടായിരിക്കാമെന്നും എന്നാൽ നിലവിൽ ഒരു ‍ഡോക്ടറല്ലെന്നും ഡോ. എബി കുറിച്ചു. ഡോ. മിത്ര സംശയാസ്പദവും അപകടകരവും ശുപാർശ ചെയ്യപ്പെടാത്തതുമായ രീതികളാണ് പിന്തുടരുന്നത്. അവർ നിർദേശിക്കുന്ന ഓസോൺ തെറാപ്പി, 2019-ൽ ഭക്ഷ്യസുരക്ഷാ വിഭാ​ഗം മുന്നറിയിപ്പ് നൽകിയ രീതിയാണ്. പ്രസ്തുത തെറാപ്പി സുരക്ഷിതമാണെന്ന് വ്യക്തമാക്കാൻ തക്കതായ തെളിവുകളില്ലാത്തതിനാലാണത്. അവർ നൽകുന്ന ഐ.വി. കോക്ക്ടെയിൽ തെറാപ്പിയും ശാസ്ത്രീയമായ രീതിയല്ലെന്നും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഡോ. എബി കുറിക്കുന്നു. ഐ.വി. വിറ്റാമിൻ തെറാപ്പി എന്ന പേരിൽ നൽകുന്നവയും ലോ ഡോസ് കെറ്റാമിൻ തെറാപ്പി എന്ന പേരിലുള്ളതുമൊക്കെ അശാസ്ത്രീയമാണ്. ഡോ. ഛില്ലറുടെ അൾട്രാവയലന്റ് ബ്ലഡ് റേഡിയേഷൻ തെറാപ്പിയും ശുദ്ധഅസംബന്ധമാണ്. ഇത് അമേരിക്കൻ കാൻസർ സൊസൈറ്റിയും വ്യക്തമാക്കിയതാണ്. 

അവരുടെ ചികിത്സാരീതികളൊന്നും ഫലപ്രദമോ പ്രതിരോധ ചികിത്സയുടെ അടുത്തെത്തുന്നതോ പ്രയോജനകരമോ അല്ലെന്നു മാത്രമല്ല വലിയതോതിൽ അഴിമതിയുള്ളതും ധനനഷ്ടമുണ്ടാക്കുന്നതും ചിലഘട്ടങ്ങളിൽ ജീവൻവരെ നഷ്ടമാക്കുന്നതുമാണ്. 

സാമന്ത പങ്കുവെച്ച മറ്റൊരാൾ ഡോ.ജോക്കേഴ്സ് എന്നറിയപ്പെടുന്നയാളാണ്. ഈ തട്ടിപ്പുകാരനേക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് ഡോ. എബി കുറിക്കുന്നത്. ജോക്കേഴ്സ് എന്നയാൾ ഒരു ഡോക്ടറല്ല, മറിച്ച് നാച്ചുറോപത് ആണ്. പ്രകൃതിചികിത്സകർ സമൂഹത്തിന് ഭീഷണിയും രോ​ഗികൾക്ക് അപകടകരവുമാണ്. പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന ഉത്പന്നങ്ങൾ വിൽക്കുകയും സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് യു.എസ്. എഫ്.ഡി.എ.യും യു.എസ്. എഫ്.ടി.എ.യും നിരവധി മറ്റ് ആരോ​ഗ്യവിഭാ​ഗങ്ങളും ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതുമാണ്. അടിസ്ഥാനപരമായി അയാളൊരു  വെറും തട്ടിപ്പുകാരനാണ്.

സാമന്തയുടെ ആരോ​ഗ്യാവസ്ഥ മനസ്സിലാക്കുകയും അതിൽ സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അവർക്ക് നല്ലതു വരാൻ ആശംസിക്കുന്നുമുണ്ട്. താൻ പങ്കുവെച്ച സന്ദേശം കൈമാറിയ രീതിയിൽ സാമന്തയ്ക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് മനപ്പൂർവമായിരുന്നില്ല. എളുപ്പത്തിൽ വഴി തെറ്റിക്കുകയും കെട്ടുകഥ പോലുള്ള അനുഭവങ്ങളെ താലോലിക്കുകയും ചെയ്യുന്ന ഡോക്ടർമാരുടെ തെറ്റായ ആരോഗ്യവിജ്ഞാനത്തിൽനിന്ന് അവരെ മാറ്റിനിർത്തുകയായിരുന്നു എന്റെ ലക്ഷ്യം. ​വിട്ടുമാറാത്ത രോ​ഗങ്ങളുള്ളവർ ദയവുചെയ്ത് തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികൾ തുടരണമെന്ന് ആത്മാർഥമായി നിർദേശിക്കുകയാണ്. 

ശാസ്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സ എല്ലാവരുടേയും പ്രയോജനത്തിനു വേണ്ടിയാണെന്നും ഡോ. എബി കുറിക്കുന്നു.