പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുന്നത് സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴങ്ങളിലെ സ്വാഭാവിക പഞ്ചസാര പ്രശ്‌നമുണ്ടാക്കുമോ? ഏതൊക്കെ പഴങ്ങള്‍ കഴിക്കാം? ഫ്രൂട്ട് ജ്യൂസ് സുരക്ഷിതമാണോ? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തതയോടെ മറുപടി നല്‍കുകയാണ് സിഎംസി വെല്ലൂര്‍ ഡോക്ടറായ ഡോ. സുധീര്‍ കുമാര്‍. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പങ്കുവെച്ച നിര്‍ദേശങ്ങള്‍ ഇതാ:

To advertise here,

പഴങ്ങള്‍ സുരക്ഷിതവും ഗുണകരവുമാണ്

പഴങ്ങള്‍ മിതമായ അളവില്‍ മുഴുവനായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് സുരക്ഷിതം ആണെന്ന് മാത്രമല്ല, ഗുണകരവുമാണ്. പ്രത്യേകിച്ച് ആരോഗ്യകരമായ ശരീരഭാരവും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലുള്ളവര്‍ക്ക്. 

 സുരക്ഷിതമായ പഴങ്ങള്‍

  • ഇടത്തരം ഗ്ലൈസമിക് ഇന്‍ഡക്‌സ് (GI) ഉള്ളവ: ആപ്പിള്‍, പിയര്‍, ഓറഞ്ച്, പേരക്ക, പപ്പായ, പീച്ച്, പ്ലം, ബെറികള്‍ (സ്‌ട്രോബെറി, റാസ്ബെറി, ബ്ലൂബെറി).
  • മിതമായി കഴിക്കാവുന്നവ: തണ്ണിമത്തന്‍, ഷമാം, മാതളനാരങ്ങ, കിവി.

 നിയന്ത്രണം വേണ്ട പഴങ്ങള്‍

  • വാഴപ്പഴം, മാങ്ങ, മുന്തിരി, ചിക്കു എന്നിവ ഉയര്‍ന്ന ഗ്ലൈസമിക് ഇന്‍ഡക്‌സ് ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാര വേഗത്തില്‍ കൂട്ടാന്‍ സാധ്യതയുണ്ട്. ഇവ വല്ലപ്പോഴും ചെറിയ അളവില്‍ കഴിക്കാം, പക്ഷേ ദിനംപ്രതി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

 എങ്ങനെ കഴിക്കണം

  • പലപ്പോഴായി കഴിക്കുക: ഒരുമിച്ച് ഒട്ടേറെ പഴങ്ങള്‍ കഴിക്കുന്നതിന് പകരം, ദിവസേനയുള്ള ഭക്ഷണത്തിനൊപ്പം ചെറിയ അളവില്‍ വിഭജിച്ച് ചെയ്ത് കഴിക്കുക.
  • കൂട്ടിച്ചേര്‍ക്കാവുന്നവ: നട്‌സ്, പ്ലെയിന്‍ യോഗര്‍ട്ട് എന്നിവയോടൊപ്പം അല്ലെങ്കില്‍ ഭക്ഷണശേഷം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ സഹായിക്കും.

ഫ്രൂട്ട് ജ്യൂസ് കഴിക്കാമോ?

ഫ്രൂട്ട് ജ്യൂസ് കഴിക്കരുത് എന്ന് തന്നെയാണ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. പ്രമേഹരോഗികള്‍ പഴച്ചാറുകള്‍ അഥവാ ഫ്രൂട്ട് ജ്യൂസുകള്‍ കുടിക്കാന്‍ പാടില്ല.

കാരണങ്ങള്‍:

  • നാരുകള്‍ നഷ്ടപ്പെടുന്നു: പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അവയിലെ സ്വാഭാവിക നാരുകള്‍ (ഫൈബര്‍) നഷ്ടപ്പെടുന്നു, ഇത് പഞ്ചസാര വേഗത്തില്‍ രക്തത്തില്‍ കലരാന്‍ ഇടയാക്കും.
  • പാക്ക് ചെയ്ത ജ്യൂസുകള്‍: ഇവയില്‍ അധിക പഞ്ചസാരയും കോണ്‍സെന്‍ട്രേറ്റുകളും ചേര്‍ത്തിരിക്കാം, ഇത് രക്തത്തിലെ പഞ്ചസാരയെ അപകടകരമായി ഉയര്‍ത്തും.
  • മുഴുവന്‍ പഴങ്ങള്‍ തിരഞ്ഞെടുക്കുക: മുഴുവന്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ നാരുകള്‍ ഉള്‍പ്പെടുന്നതിനാല്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാകും, ഇത് ആരോഗ്യകരമാണ്.

 അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ ശുപാര്‍ശകള്‍

പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായ പഴങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുന്നു:

  • ആപ്പിള്‍, അവോക്കാഡോ, ചെറി, കിവി, പപ്പായ, പീച്ച്, പിയര്‍, പൈനാപ്പിള്‍, പ്ലം, റാസ്ബെറി, സ്‌ട്രോബെറി, ടാങ്കറിന്‍, തണ്ണിമത്തന്‍. 
  • ക്രാന്‍ബെറി, ഫിഗ്, പ്രൂണ്‍സ്, റെയ്‌സിന്‍സ് എന്നീ ഡ്രൈ ഫ്രൂട്ടുകള്‍ കഴിക്കാം
  • എല്ലാ മിതമായ അളവില്‍ മാത്രമേ കാഴിക്കാന്‍ പാടുള്ളൂ

 പ്രധാന ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അളവ് കുറയ്ക്കുന്നതിലും പഴങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് കഴിക്കുന്ന സമയത്തിലുമാണ് കാര്യമെന്ന് ഡോക്ടര്‍ പറയുന്നു. പഴങ്ങള്‍ മുഴുവനായും കഴിക്കുന്നതാണ് നല്ലതെന്നും ജ്യൂസ് ആക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുധീര്‍ കുമാറിന്റെ എക്‌സ് പോസ്റ്റ് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പരിശോധിക്കാവുന്നതാണ്.