നിരയൊത്തതും ഭംഗിയുള്ളതുമായ പല്ലുകൾ ഒരാൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ, പല്ലുകളും മോണയും തിളക്കമാർന്ന പുഞ്ചിരിക്ക് മാത്രമുള്ളതല്ല. ദഹനത്തെയും ഉറക്കത്തെയും ശ്വാസത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിക്കുന്നവയാണ് ദന്താരോഗ്യം. ഇപ്പോഴിതാ, നമ്മുടെ പല ദൈനംദിന ശീലങ്ങളും ദന്താരോഗ്യത്തെ ബാധിക്കുമെന്ന് പറയുകയാണ് ഡെൻ്റിസ്റ്റ് സിമ്രൻ കുമാർ. നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഡോക്ടർ വ്യക്തമാക്കുന്നു.

To advertise here,

മധുരമുള്ള ലഘുഭക്ഷണം ഒഴിവാക്കാം

ഒട്ടിപ്പിടിക്കുന്നതും മധുരമുള്ളതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ചീസ് ബോളുകൾ, ഗമ്മി മിഠായികൾ എന്നിവ പരമാവധി കുറയ്ക്കണം. അവ നിങ്ങളുടെ പല്ലുകളിൽ ഒട്ടിപ്പിടിക്കുകയും മണിക്കൂറുകളോളം അവിടെ ഇരിക്കുകയും ചെയ്യുന്നു. ഇത് പല്ലിന് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമായേക്കും.

കൂർക്കംവലി ശ്രദ്ധിക്കണം

കൂർക്കംവലി പലപ്പോഴും ശ്വാസനാളത്തിലെ പ്രശ്നങ്ങളുടെ സൂചനകളാണെന്ന് ഡോക്ടർ പറയുന്നു. വായ തുറന്ന് ഉറങ്ങുന്നതിവും ശ്രദ്ധവേണം. ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടതാണ്.

വൈറ്റനിങ്ങ് സ്ട്രിപ്പിൽ ശ്രദ്ധവേണം

ഓൺലൈനിൽ ലഭിക്കുന്ന വൈറ്റനിങ്ങ് സ്ട്രിപ്പ് പല്ലിന് കേടുപാടുകളുണ്ടാക്കുന്നതിന് കാരണമാകും. ഇത് പല്ലിന്റെ സംവേദനക്ഷമത, മോണരോഗങ്ങൾ എന്നിവ വർധിപ്പിക്കാൻ ഇടയാക്കും.

വായ്നാറ്റം വായ്ക്കുള്ളിലെ പ്രശ്നമാണ്

വായ്ക്കുള്ളിലെ സൂക്ഷ്മാണുകളാണ് മിക്കവാറും വായ്നാറ്റത്തിന് കാരണമാകുന്നത്. വായുടെ ശുചിത്വം മെച്ചപ്പെടുത്തുകയും ബാക്ടീരിയൽ സന്തുലിതാവസ്ഥ ശരിയാകുകയും ചെയ്യുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.

കാവിറ്റിയുടെ കാരണം

ഇന്ത്യക്കാരുടെ പല്ലുകളിൽ കാവിറ്റിയുണ്ടാക്കുന്ന പ്രധാന പ്രശ്നം മധുരമോ ചോക്ലേറ്റോ അല്ലെന്നാണ് ഡോക്ടർ പറയുന്നത്. അത് വായയിലൂടെ ശ്വാസമെടുക്കുന്നതാണെന്നും പഞ്ചസാര രണ്ടാമത്തെ പ്രശ്നമാണെന്നും ഇവർ പറയുന്നു.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)